കണ്ണൂര്‍: പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജീവനക്കാരുടെ സംഘടനയുടെ നോട്ടീസുകള്‍. സംഭവം വിവാദമായതോടെ ജീവനക്കാര്‍ തന്നെ ഇത് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള പോസ്റ്ററിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പറഞ്ഞു.
വോട്ട് ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കുക എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ളതായിരുന്നു നോട്ടീസുകള്‍. കണ്ണൂര്‍ തളാപ്പിലെ എല്‍ഐസി ഓഫീസിനകത്തായിരുന്നു നോട്ടീസുകള്‍ പതിച്ചത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിനുള്ളില്‍ വരുമെന്നിരിക്കെയാണ് എല്ലാ നിബന്ധനകളും ലംഘിച്ച് ഓഫീസിനകത്തെ ബോര്‍ഡില്‍ത്തന്നെ നോട്ടീസുകള്‍ പതിച്ചത്.
മോദിയുടെ പഴയ വാഗ്ദാനങ്ങള്‍ എന്ന തലക്കെട്ടോടെ മോദിയുടെ കാരിക്കേച്ചര്‍ സഹിതമുള്ള നോട്ടീസില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച ചില വാഗ്ദാനങ്ങളാണ് എഴുതിയിരിക്കുന്നത്. രണ്ടാമത്തെ നോട്ടീസില്‍ നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു. നോട്ടീസ് വിവാദമായതിനെ തുടര്‍ന്ന് ഉച്ചയോടെ പതിച്ചവര്‍ തന്നെ നീക്കം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: