ആലപ്പുഴ: കണ്ണൂരില്‍ നിന്ന് പിണറായിയോളം തലപ്പൊക്കമുളള നേതാവ് ബി ജെ പിയില്‍ ചേരാന്‍ ദല്ലാള്‍ നന്ദകുമാര്‍ വഴി തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തിയത് ഇ പി ജയരാജനെ കുറിച്ചാണെന്ന് സ്ഥിരീകരിച്ച് ബി ജെ പി നേതാവും ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്. ചര്‍ച്ച 90 ശതമാനവും പൂര്‍ത്തിയായിരുന്നു.
എന്നാല്‍ പെട്ടെന്ന് ജയരാജന് പിന്മാറിയത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്ന് ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു. പിണറായിയുടെ പാര്‍ട്ടി ഗുണ്ടകളുടെ ഭീഷണി മൂലമാകാം പിന്മാറ്റമെന്ന് അവര്‍ പറഞ്ഞു.തന്റെ പക്കല്‍ ജയരാജന്റെ മക്കള്‍ അയച്ച വാട്സാപ്പ് സന്ദേശം ഉണ്ടെന്നും ശോഭ പറഞ്ഞു.
മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം നേതാവിന് നല്‍കണമെന്നും രണ്ട് കോടി രൂപ വേണമെന്നും ദല്ലാള്‍ നന്ദകുമാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനോട് യോജിച്ചില്ലെന്നും ശോഭാ സുരേന്ദ്രന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച ദല്ലാള്‍ നന്ദകുമാറിന് പിന്നില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്ന സൂചനയും ശോഭ സുരേന്ദ്രന് നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ അതോ ദല്ലാള്‍ നന്ദകുമാറാണോയെന്ന് അവര്‍ ചോദിച്ചു.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ പരാജയപ്പെടുത്താന്‍ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്.
ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും ആണ് ദല്ലാള്‍ നന്ദകുമാര്‍ ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണം.നന്ദകുമാറിനെതിരെ തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
നടപടി ഉണ്ടായില്ലെങ്കില്‍ ഡിജിപിയുടെ വീടിനു മുന്നില്‍ സമരം ചെയ്യും. അദ്ദേഹത്തെ വഴിയില്‍ തടയാനും മടിയില്ല .കേരളത്തില്‍ ഒരു സ്ത്രീക്കെതിരെയും സൈബര്‍ ആക്രമണം അനുവദിക്കില്ല എന്ന് പറഞ്ഞ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ശോഭ സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ശോഭ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തന്നില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പണം വാങ്ങിയത് ശരിയാണെന്ന് പറഞ്ഞ ശോഭ സുരേന്ദ്രന് തന്റെ ഭൂമി വാങ്ങാന്‍ അഡ്വാന്‍സായാണ് ദല്ലാള്‍ നന്ദകുമാര്‍ പണം നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഡ്വാന്‍സ് നല്‍കിയിട്ട് ബാക്കി പണം നല്‍കിയില്ലെന്നും അത് നല്കിയാല് തന്റെ പേരിലുളള എട്ട് സെന്റ് ഭൂമി കൈമാറാന്‍ ഒരുക്കമാണെന്നും പറഞ്ഞു. എന്നാല്‍ ഭൂമിയുടെ രേഖകളില്‍ വ്യക്തത ഇല്ലാത്തതിനാലാണ് വാങ്ങാതിരുന്നതെന്നാണ് ദല്ലാളിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: