ബംഗാളില്‍ ബിര്‍ഭമിലെ വീടുകളില്‍ തൃണമൂല്‍ ഗുണ്ടകള്‍ കൊള്ളയും കൊള്ളിവയ്പും നടത്തിയ ആ രാത്രി അവര്‍ക്ക് മുന്നിലേക്ക് അവള് ഇറങ്ങി നിന്നു. കൈയില്‍ വടിയും അടുക്കളയില്‍ കറിക്ക് അരിയുന്ന കത്തിയുമുണ്ടായിരുന്നു. ഗുണ്ടാപ്പടയ്ക്ക് നേരെ ആ കത്തി ഉയര്‍ത്തി അവള് പറഞ്ഞു, കൊല്ക്കത്തയിലിരിക്കുന്ന മമതാ മഹാറാണിയോട് നേരിട്ട് വരാന്‍ പറയൂ… ഞങ്ങള്‍ ഭയന്നോടില്ല… ഇവിടെയുണ്ടാകും ഇങ്ങനെ തന്നെ… ആ ധീരതയ്ക്ക് പിന്നില്‍ ഗ്രാമം അണിനിരന്നു. പോരാട്ടം ആ രാത്രി പിന്നിട്ട് പകലിലേക്ക് നീങ്ങി… കാവിക്കൊടിയുമേന്തി ‘പ്രിയ സാഹ’ നയിച്ച പ്രക്ഷോഭങ്ങള്‍ തെരുവിലേക്ക് പടര്‍ന്നു. പോലീസും ഗുണ്ടകളും അഴിഞ്ഞാടിയപ്പോഴും അവരെ ചോദ്യം ചെയ്തും നേര്‍ക്കുനേര്‍ പൊരുതിയും ബംഗാളിന്റെ നിസ്സഹായതയെ അവള് നയിച്ചു. തെരുവിന്റെ പോരാളി എന്ന് ചാനലുകള്‍ അവള്‍ക്ക് പേരിട്ടു.
എന്റെ പോരാട്ടം തെരുവില്‍ തുടങ്ങിയതാണ്. പക്ഷേ അത് തെരുവിലൊതുങ്ങില്ല എന്നായിരുന്നു വിശേഷണത്തിന് പ്രിയ നല്കിയ മറുപടി. ബോല്പൂരില് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രിയ സാഹ ജനങ്ങളെ അഭിമുഖീകരിക്കുന്നത് ആ സാഹസിക ജീവിതം മുന്നില്‍വച്ചാണ്.
പട്ടിണിയോടും ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളോടും മല്ലിട്ട് വളര്‍ന്നതാണ് പ്രിയയുടെ ബാല്യം. പഠിച്ച് വളരാനും സ്വന്തം സമൂഹം നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാനും അവള് കഠിനമായി പരിശ്രമിച്ചു. ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സൈത്യ ആവേദാനന്ദ മഹാവിദ്യാലയത്തില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദം നേടിയ പ്രി
യ കലാലയത്തിലാണ് രാഷ്ട്രീയം തുടങ്ങിയത്. എന്എസ്യു ആയിരുന്നു ആദ്യ കളരി. പക്ഷേ അവരുടെ പതുങ്ങിയ രീതികള്‍ പ്രിയയ്ക്ക് പിടിച്ചില്ല. മാറ്റത്തിനുവേണ്ടിയുള്ള ദാഹമായിരുന്നു പ്രിയയുടെ രാഷ്ട്രീയം. തൃണമൂലിന്റെ ഗുണ്ടായിസത്തെ കരുത്തോടെ നേരിട്ട ബിജെപി പ്രിയയുടെ സ്വാഭാവിക തട്ടകമായി. ആ ശൗര്യം കണ്ടറിഞ്ഞ പാര്‍ട്ടി 2016ലും പിന്നെ 2021ലും പ്രിയയെ സൈത്തിയ അസംബ്ലി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. രണ്ടുതവണയും തൃണമൂലിന്റെ നിലാവതി സാഹയോട് പരാജയപ്പെട്ടു. സൈത്തിയ തൃണമൂലിന്റെ രാവണന് കോട്ടയായിരുന്നു. ബൂത്തുപിടിത്തവും കള്ളവോട്ടും ഭീഷണിയുമായിരുന്നു അവരുടെ വഴികള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് അവര്‍ പ്രിയയെ ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും വീടുകള്‍ ആക്രമിച്ചു.
പിന്മാറുമെന്ന് കരുതിയ മമതയോട് പ്രിയ ആവര്‍ത്തിച്ചു, ഈ പോരാട്ടം തെരുവിലൊതുങ്ങില്ല. ഇക്കുറി പട്ടികജാതി സംവരണ മണ്ഡലമായ ബോല്പൂരില് അതേ പ്രിയ സാഹ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. മമതയുടെ കൊമ്പ് ബംഗാളില്‍ പെണ്‍വീര്യം ഒടിച്ചുകളഞ്ഞിട്ടുണ്ട്. ഇക്കുറി അവര്‍ പാഠം പഠിക്കും. എനിക്ക് ബോല്പൂരില് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജനങ്ങള്‍ ഒപ്പമുണ്ട്, മോദിജിയും, പ്രിയ സാഹ ആത്മവിശ്വാസത്തിലാണ്. പൊരുതി നേടുമെന്ന പ്രഖ്യാപനത്തിലുണ്ട് ആ മനക്കരുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: