ജനാധിപത്യം എപ്പോഴും സാധ്യതയും പരിമിതിയുമായി പരിണമിക്കാറുണ്ട്. അതിന്റെ കാരണം അയവുള്ള അതിന്റെ ഘടനയാണ്. വിളകള്‍ക്കെന്ന പോലെ കളകള്‍ക്കും തഴച്ചു വളരാന്‍ വളക്കൂറുള്ള മണ്ണാണത്. ജനം വിവേചനബുദ്ധിയോടെ കളകളെ തിരിച്ചറിഞ്ഞു വരുമ്പോഴേയ്ക്കും വിളനിറയേണ്ട പാടം തന്നെ നശിച്ചുപോയിട്ടുണ്ടാവും. ഭാരത ജനാധിപത്യത്തിന്റെ സൗമ്യ തടങ്ങളില്‍ വേരാഴ്ത്തി വളര്‍ന്നു തുടങ്ങിയ ഒരു കളയെ ജനം തിരിച്ചറിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. ഇന്ത്യന്‍ റവന്യു സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജ്രിവാള് 2006 ല്‍ തന്റെ ജോലി രാജിവച്ച് പൊതുപ്രവര്‍ത്തകനായി മാറിയപ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയാല്‍ രാഷ്ട്ര സേവനത്തിന് ഒരാള്‍ ഇറങ്ങിത്തിരിച്ചതായി പലരും കരുതി.
2011 ല്‍ ഗാന്ധിയനായ അണ്ണാ ഹസാരെയുമായി ചേര്‍ന്ന് ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ എന്ന പ്രസ്ഥാനം രൂപീകരിച്ച് ദില്ലിയിലെ തെരുവുകളില്‍ ജനകീയ മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ പലരും അയാളില്‍ ഒരു അഭിനവ മിശിഹയെ കണ്ടു. എന്നാല്‍ 2012 ല്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് അഴിമതി തുടച്ചു നീക്കുന്ന ചൂലുമായി ഇറങ്ങിത്തിരിച്ച അരവിന്ദ് കേജ്രിവാള് കോടികളുടെ അഴിമതിയില്‍ പങ്കാളിയായി ഇപ്പോള്‍ ജയിലിലാണ്.
അരവിന്ദ് കേജ്രിവാളിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കുള്ള വരവും രാഷ്ട്രീയത്തിലെ പെട്ടെന്നുള്ള ഉയര്‍ച്ചയും പലരിലും ആദ്യം മുതലെ ചില സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. ദില്ലിയില്‍ മുഖ്യമന്ത്രിയായി മാറിയ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ അട്ടിമറിച്ചു കൊണ്ട് പഞ്ചാബിലും അധികാരം പിടിക്കുന്നതില്‍ വിജയിച്ചു. ഹരിയാനയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല.
ദില്ലിയില്‍ ജനങ്ങള്‍ക്ക് സൗജന്യങ്ങളുടെ പെരുമഴ നല്‍കിയാണ് രണ്ടാം വട്ടം അധികാരത്തിലേറിയത്. സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ സുദീര്‍ഘ ഭാവി കാംക്ഷിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ ഖജനാവ് ചോര്‍ത്തുന്ന വാഗ്ദാനങ്ങള്‍ നല്കാന് കഴിയില്ല എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പക്ഷെ സാധാരണ ജനങ്ങള്‍ സൗജന്യങ്ങളില്‍ മയങ്ങി രണ്ടാം വട്ടവും ദില്ലിയില്‍ കേജ്രിവാളിനെ വിജയിപ്പിച്ചു. തന്റെ ആദര്‍ശങ്ങളെല്ലാം അധികാര പ്രാപ്തിക്കായി എടുത്തണിഞ്ഞ പൊയ്മുഖങ്ങളായിരുന്നു എന്നു തെളിയിക്കാന്‍ അദ്ദേഹത്തിന് കുറഞ്ഞ കാലം കൊണ്ടായി.
ഭാരത ജനാധിപത്യത്തിന്റെ ശ്രീകോവിലായ ദില്ലിയില്‍ മദ്യപ്പുഴ ഒഴുക്കുന്ന നയങ്ങള്‍ നടപ്പിലാക്കിയ കേജ്രിവാള് മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ടാക്കി കുറച്ചു എന്നു മാത്രമല്ല ദേവാലയത്തിന്റെയും വിദ്യാലയത്തിന്റെയും മുമ്പില്‍ വരെ മദ്യക്കടകള്‍ സ്ഥാപിച്ചു. മുമ്പ് 132 ലക്ഷം ലിറ്റര്‍ മദ്യം വിറ്റിരുന്ന ദില്ലിയില്‍ 245 ലക്ഷം ലിറ്ററായി കച്ചവടം ഉയര്‍ന്നു. ഗാന്ധിജിയുടെ സമാധി ഭൂമിയെ മദ്യത്തില്‍ മുക്കിത്താഴ്ത്തിയതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയും അഴിമതിയും ഉണ്ടായിരുന്നു എന്ന വസ്തുത ജനങ്ങള്‍ അറിയുവാന്‍ വൈകിപ്പോയിരുന്നു. ദില്ലിയിലെ മദ്യ വിതരണം സ്വകാര്യവത്ക്കരിച്ചതിലൂടെ ഏതാണ്ട് ആയിരം കോടിയുടെ അഴിമതിയാണ് കേജ്രിവാള് നടത്തിയത്. ദില്ലിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അഴിമതി പണം ഉപയോഗിച്ചിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു
. കേജ്രിവാളിന്റെ വലം കൈയും ദില്ലി ഉപമുഖ്യമന്ത്രിയും എക്സൈസ് ചുമതലക്കാരനുമായിരുന്ന മനീഷ് സിസോദിയ എട്ടു മാസങ്ങള്‍ക്കു മുന്നെ അറസ്റ്റിലായപ്പോള്‍ തന്നെ കേജ്രിവാളിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. അഴിമതിക്കേസില്‍ ഇക്കഴിഞ്ഞ ദിവസം കേജ്രിവാള് അറസ്റ്റിലായിക്കഴിഞ്ഞപ്പോഴാണ് ആരായിരുന്നു ആം ആദ്മിയുടെ പിന്നിലുണ്ടായിരുന്ന യഥാര്‍ത്ഥശക്തിയെന്ന് ലോകത്തിന് മനസ്സിലായത്. ഭാരതത്തിലെ ഒരു കോര്‍പ്പറേഷന്റെ വലിപ്പം മാത്രമുള്ള ദില്ലിയിലെ മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കുവാന്‍ അമേരിക്കയും ജര്‍മ്മനിയുമൊക്കെ മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി.
ഝാര്‍ഖണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറനെ അഴിമതിക്കേസില്‍ 2024 ജനുവരി 31ന് ഇ.ഡി അറസ്റ്റു ചെയ്തിട്ട് പ്രതിഷേധിക്കാതിരുന്ന അമേരിക്കയും മറ്റും കേജ്രിവാളിന്റെ അറസ്റ്റോടെ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന മുറവിളിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പ്രസിദ്ധ ഗവേഷകന് ബോബ് വുഡ്വേര്‍ഡിന്റെ ‘സീക്രട്ട് വാര്‍സ് ഓഫ് ദി സിഐഎ’ എന്ന പുസ്തകത്തില്‍ കേജ്രിവാളിനെപ്പോലുള്ളവരിലൂടെ എങ്ങിനെയാണ് ഇതര രാജ്യങ്ങളുടെ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതെന്നും അമേരിക്കന്‍ അനുകൂല പാവ സര്‍ക്കാരുകളെ സൃഷ്ടിക്കുന്നതെന്നും വ്യക്തമാക്കുന്നു. എന്‍ജിഒ കളെ ഉപയോഗിച്ച് സമരവും ധര്‍ണ്ണയും ആസൂത്രണം ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രക്ഷോഭകരാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന പ്രതീതി ജനിപ്പിച്ച് ഭരണകൂടങ്ങളെ അട്ടിമറിക്കുന്ന പണി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ സമര്‍ത്ഥമായി നടത്തിപ്പോരുന്ന ഏര്‍പ്പാടാണ്. 2014ല്‍ യുക്രൈനിലെ മൈദാന് ചത്വരത്തില്‍ അരങ്ങേറിയ സമരം റഷ്യന്‍ അനുകൂല സര്‍ക്കാരിനെ അട്ടിമറിച്ച് അമേരിക്കന്‍ പക്ഷക്കാരനായ സെലന്‍സ്കിയെ അധികാരത്തിലെത്തിച്ചു. ഇത് സിഐഎയുടെ രഹസ്യ പദ്ധതി പ്രകാരമായിരുന്നു. ഇത് മനസ്സിലാക്കിയ റഷ്യ യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതാണ് റഷ്യ-യുക്രൈന് യുദ്ധമായി തുടരുന്നത്. ഈജിപ്തിലെ ഹോസ്നി മുബാറക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താഹിര്‍ ചത്വരത്തില്‍ നടന്ന സമരവും 2011ല്‍ ദില്ലി ജന്ദര്മന്ദിര് കേന്ദ്രീകരിച്ച് അരങ്ങേറിയ അഴിമതി വിരുദ്ധ സമരവും ഏറെ സമാനതകളുള്ളവയാണ്.
ജോര്‍ജ് സോറോസിനേയും ഫോര്‍ഡ് ഫൗണ്ടേഷനേയും ന്യൂയോര്‍ക്ക് ടൈംസിനേയുമൊക്കെ ഉപയോഗിച്ച് മോദി വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്ന അമേരിക്കയുടെ കൈയിലെ മറ്റൊരായുധം മാത്രമായിരുന്നു അരവിന്ദ് കേജ്രിവാളും അയാളുടെ ആം ആദ്മി പാര്‍ട്ടിയും. ആപ്പ് നേതാക്കള്‍ക്ക് വിദേശത്ത് യങ് ഗ്ലോബല്‍ ലീഡര്‍ പുരസ്ക്കാരം നല്‍കിയത് അമേരിക്ക നേരിട്ട് നിയന്ത്രിക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറം ആണ് എന്നറിയുമ്പോഴാണ് കേജ്രിവാളിന്റെ അറസ്റ്റില്‍ അമേരിക്കയുടെ വിഷമത്തിന്റെ കാരണം മനസ്സിലാകുക. കാനഡയിലിരുന്നുകൊണ്ട് ഖാലിസ്ഥാന്‍ വാദികള്‍ക്ക് ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കളമൊരുക്കുന്നതും അമേരിക്ക തന്നെയാണ്.
ഖാലിസ്ഥാന്‍ വാദികളുമായി ആം ആദ്മി പാര്‍ട്ടിക്കുള്ള അവിഹിത ബന്ധങ്ങളും ഈയിടെ പുറത്തുവന്നിരിക്കുകയാണ്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവായ ഗുര് പന്ത് സിംഗ് പന്നൂന്‍ അയാളുടെ വീഡിയോ സന്ദേശത്തിലൂടെ പറയുന്നത് 2014 നും 2022 നും ഇടയില്‍ 134 കോടി രൂപ കേജ്രിവാളിനും പാര്‍ട്ടിക്കും സംഭാവന നല്‍കിയെന്നാണ്. 2014ല്‍ ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്ലിലുള്ള ഗുരുദ്വാരയില്‍ വച്ച് കേജ്രിവാളും ഖാലിസ്ഥാന്‍ അനുകൂല ഭീകരവാദികളും കൂടിക്കാഴ്ച നടത്തിയ വിവരങ്ങളും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഭാരത ജനാധിപത്യത്തിലെ ഒരു ട്രോജന്‍ കുതിരയായിരുന്നു അരവിന്ദ് കേജ്രിവാളും അയാളുടെ ആം ആദ്മി പാര്‍ട്ടിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ രാജ്യദ്രോഹിക്കു വേണ്ടി ഐക്യപ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ ഭാരതത്തിന്റെ ദേശീയ താത്പര്യങ്ങള്‍ക്കെതിരെയാണ് സത്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: