വികസനത്തിന്റെ വിശാലമായ പരിപ്രേക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്ന പ്രവൃത്തിയാണ് മോദി ഗ്യാരന്റി. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാകാതെ വാക്കും പ്രവൃത്തിയും വൈരുദ്ധ്യമായി മാറുന്ന സാഹചര്യത്തില്‍ വിഭിന്നമായ അനുഭൂതിയാണ് മോദി ഗ്യാരന്റിയുടെ വര്‍ത്തമാന രാഷ്ട്രീയത്തിലെ പ്രഖ്യാപനവും പ്രവൃത്തിയും. വികസന മുരടിപ്പില്‍ നിരാശയിലായ വിദ്യാസമ്പന്നരായ കേരളത്തിലെ യുവത്വം പിറന്ന മണ്ണുപേക്ഷിച്ച് വിദേശങ്ങളിലേക്ക് വണ്ടി കയറുമ്പോള്‍ കേരളത്തിന്റെ പരിതാപകരമായ അവസ്ഥക്ക് പകരമെന്ത്, പരിഹാരമെന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല. ലോകം ഉപേക്ഷിച്ചതും മിത്തു മാത്രവുമായ കമ്മ്യൂണിസ്റ്റ് സമത്വത്തെ വരവേല്‍ക്കാന്‍ മോഹാവേശത്തോടെ ഇപ്പോഴും കാത്തിരിക്കുന്ന കേരളത്തിന്റെ ദുരവസ്ഥയില്‍ നിന്നും പ്രതീക്ഷയോടെ കേരളത്തെ കരകയറ്റാനുള്ള പ്രതിജ്ഞാബദ്ധമായ പദ്ധതികളുമായിട്ടാണ് വികസനത്തിന്റെ അനര്‍ഗള പ്രവാഹമായി മോദി ഗ്യാരന്റി ഒഴുകിയെത്തുന്നത്. നിരാലംബരായ കുടുംബങ്ങള്‍ക്ക് വേലയും കൂലിയും കൂരയും കാല്പാദങ്ങള്ക്ക് കരുത്തും നല്കി സ്വന്തം കാലില്‍ നില്ക്കാന് അവരെ പ്രാപ്തമാക്കുന്ന പൗരബോധത്തിലധിഷ്ഠിതമായ വികസനത്തിന്റെ മുദ്രയിലാണ് മോദി ഗ്യാരന്റിയുടെ കാലികപ്രസക്തി.
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ ചില നിയോഗങ്ങള്‍ ഉണ്ടായേ മതിയാകൂ. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പലതും നടത്തുകയും പുതിയത് സൃഷ്ടിച്ചും ജനതയുടെ ആത്മവിശ്വാസത്തെ ഹിമാലയത്തോളം ഉയര്‍ത്തിയുമാണ് മോദി സര്‍ക്കാര്‍ ഭാരതം ഭരിക്കുന്നത്. വിയോജിപ്പു കളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. 370-ാം വകുപ്പും, ട്രിപ്പിള്‍ തലാക്കും, അവസാനം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയും പ്രഖ്യാപിച്ചതുപോലെ നടന്നു.
വിയോജിപ്പുകളും വിമര്‍ശന നീരസങ്ങളുമുണ്ടാകാം. ഗാന്ധിയുടെ രാമനല്ലെന്നും ഗാന്ധിയുടെ രാമന് ദശരഥപുത്രനല്ലെന്നും കേവലം മിത്തായ സത്യം മാത്രമാണെന്നും വാദിക്കുന്നവരുണ്ട്. പക്ഷേ ഭാരതത്തിന്റെ അഖണ്ഡത സ്വപ്നം കാണുന്നവര്‍ക്കും ദശരഥപുത്രന്റെ ജന്മസ്ഥലം സരയൂ തീരമാണെന്നും നൂറ്റാണ്ടുകളായി വിശ്വ സിക്കുന്ന കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയവികാരമാണ് മോദി സാക്ഷാത്കരിച്ചത്. മോദിക്കു പകരം മോദി മാത്രമെന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടുകൊണ്ട് ഭാവി കേരളത്തെ ഭാസുരമാക്കാന്‍ ഇനി മോദിയോടൊപ്പം എന്ന ചിന്തയും പ്രവൃത്തിയുമാണ് അനിവാര്യമായിട്ടുള്ളത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണമോ അതോ ഉട്ടോപ്യന്‍ ഇസങ്ങളില്‍ കണ്ണുംനട്ട് കാത്തിരിക്കണോ എന്ന ചോദ്യം പ്രസക്തമാകുമ്പോള്‍ എന്തുകൊണ്ട് കേരളം വികസനത്തില്‍ പിന്നോട്ടടിച്ചു എന്ന വിചിന്തനം കഴിഞ്ഞകാല പരീക്ഷണങ്ങളെ വിലയിരുത്തി വിശ കലനം ചെയ്യേണ്ടതും കാലികമായ അനിവാര്യതയാണ്.
കടക്കെണി സൃഷ്ടിച്ച കേരള മോഡല്‍
കേരളത്തെ കടക്കെണിയിലാക്കിയതാര് എന്ന ചോദ്യത്തിന് പരസ്പരം പഴിചാരി തര്‍ക്കിക്കുന്ന മുന്നണി ഭരണനേതാക്കള്‍ യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു. കേരളത്തിന്റെ വികസന മാതൃകയായി ഉയര്‍ത്തിക്കാട്ടിയ കേരള മോഡല്‍ ആസൂത്രണത്തില്‍ പരാജയവും പ്രത്യയശാസ്ത്രപരമായി വികലവുമായിരുന്നു. ഉത്പാദനമില്ലാതെ ഉപഭോഗ കമ്പോളമായി കേരളം കടക്കെണിയില്‍ കുടുങ്ങിയതിനുകാരണം കേരള മോഡല്‍ വികസനമായിരുന്നു. പരമ്പരാഗത കാര്‍ഷിക വ്യാവസായിക മേഖലകളെ നിരാകരിച്ച് സര്‍വ്വീസ് മേഖലക്ക് പ്രാധാന്യം നല്കിയ കേരള മോഡല്‍ പരീക്ഷണം കനത്ത സാമ്പത്തികപരാജയമായി. 1957 ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുന്നതിനു മുന്‍പ് തന്നെ തലയെടുപ്പോടുകൂടി പ്രവര്‍ത്തിച്ചുവന്ന വ്യവസായ ശാലകളായ എഫ്എസിടിയും, ട്രാവന്‍കൂര്‍ ടൈറ്റാനിയവും ക്രമേണ നിലംപൊത്താന്‍ തുടങ്ങുകയും വ്യാവസായിക രംഗത്ത് മുരടിപ്പ് നേരിടുകയും ചെയ്തു. പരമ്പരാഗതമായ വ്യാവസായികമേഖലകളെ അവഗണിച്ച് ഭരണകൂടം കാര്‍ഷികഭൂമിയെ തുണ്ടുതുണ്ടായി വിഭജിച്ച് നാണ്യവിളകള്‍ക്ക് പ്രാധാന്യം നല്കി. ഇതോടെ ഭക്ഷ്യക്കമ്മി കൂടുകയും അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് വാതില്‍ തുറക്കുകയും ചെയ്തു. 1957ല്‍ ഭക്ഷ്യക്കമ്മി കേവലം 20%നു താഴെയായിരുന്നെങ്കില്‍ ഇന്ന് 90%മായി വര്‍ദ്ധിച്ചിരിക്കുന്നു. 1980-81ല്‍ 8 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നത് 1991-92 ആയപ്പോള്‍ 5.4 ലക്ഷമായി ചുരുങ്ങുകയും ഇപ്പോള്‍ 4 ലക്ഷം ഹെക്ടര്‍ മാത്രമായി തീരുകയും ചെയ്തു. കേരളത്തിനാവശ്യമായ അരിയുടെ പത്തിലൊന്നേ ഇവിടെ ഉല്പാദിപ്പിക്കുന്നുള്ളൂ. ഉല്‍പ്പാദനമില്ലാതെ ഉപഭോഗസംസ്ഥാനമായിട്ടും കേരള മോഡലിനെ പ്രശംസിച്ച് സമയം കളഞ്ഞ് സാമ്പത്തിക തകര്‍ച്ചക്ക് ആക്കം കൂട്ടി. ഇന്ന് 390859.5 കോടി രൂപയാണ് കേരളത്തിന്റെ കടബാദ്ധ്യത. 2022-2023 കാലഘട്ടത്തില്‍ 162271.5 കോടിയില്‍ നിന്നാണ് ഈ വര്‍ദ്ധന ഉണ്ടായത്. റവന്യൂ വരുമാനത്തിന്റെ 78% ചെലവാക്കുന്നത് പെന്‍ഷനും ശമ്പളവും പലിശക്കും വേണ്ടിയാണ്. റവന്യൂ വരുമാനമാകട്ടെ മദ്യത്തിലും ലോട്ടറിയിലും മാത്രമായി ഒതുങ്ങി.
വികസനം മറന്ന മുന്നണി ഭരണം
കേരള മോഡല്‍ പരാജയമാണെന്നറിഞ്ഞിട്ടും ഇടതു വലതു മുന്നണികള്‍ വികസനകേരളത്തെക്കാള് രാഷ്ട്രീയകേരളം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. അധികാര രാഷ്ട്രീയ താല്പര്യം മുന്നില്‍ കണ്ട് പ്രീണനവും ഒത്തുതീര്‍പ്പും മതേതര പ്രശംസയും നടത്തി സംഘടിത വോട്ട്ബാങ്ക് സൃഷ്ടിച്ച് രാഷ്ട്രീയമത്സരത്തിന് അരങ്ങൊരുക്കി. സ്വജനപക്ഷപാതവും അഴിമതിയും ഭരണത്തില്‍ നിറഞ്ഞപ്പോഴും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ വൈകാരിക തലത്തെ ഉയര്‍ത്തി അതിനെ പ്രതിരോധിച്ചു. ഒന്നിനു പുറകെ ഒന്നായി പ്രതീക്ഷയോടെ മുന്നണികളെ മാറ്റി പ്രതിഷ്ഠിച്ചിട്ടും ഒരു മാറ്റവും ഉണ്ടാകാതെ മുരടിച്ചപ്പോഴാണ് യുവത്വം നാടുവിടാന്‍ തുടങ്ങിയത്. കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ തടസ്സമായി നിന്നത് മൂലധനത്തോടുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടായിരുന്നു. മൂലധനം ഇറക്കുന്നവരെല്ലാം മുതലാളിമാരാ ണെന്നും അവര്‍ വര്‍ഗ്ഗശത്രുക്കളും വെറുക്കപ്പെടേണ്ടവരുമാണെന്നും പ്രഖ്യാപിച്ചു. ഈ സിദ്ധാന്തമാണ് വ്യാവസായിക വിപ്ലവം ഉണ്ടാകാന്‍ സാഹചര്യമുണ്ടായിരുന്ന കേരളത്തില്‍നിന്ന് വ്യവസായികള്‍ അകന്നു പോയി ഉല്പാദന മുരടിപ്പ് സൃഷ്ടിക്കപ്പെട്ടത്. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് ഇര അദാനിയാണ്. കോണ്‍ഗ്രസ്സ് അത് ഏറ്റുപാടുന്നു. അദാനിയെ എ.കെ.ജി. സെന്ററില്‍ കൊണ്ടുപോയി സ്വീകരണം നല്കിയവരാണ് അദാനിയെ വര്‍ഗ്ഗശത്രുവായി പ്രഖ്യാപിക്കുന്നത്. സ്വന്തമായി ഒരു പെട്ടിപ്പീടിക നടത്തുന്നയാളെ വര്‍ഗ്ഗശത്രുവായി പ്രഖ്യാപിക്കുന്ന പാരമ്പര്യത്തില്‍ നിന്ന് കേരളവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇനിയും മുക്തമായിട്ടില്ല.
ഏറ്റവും കൂടുതല്‍ കേന്ദ്രസഹായം ലഭിച്ച കാലം
മരവിച്ച മനസ്സും മുരടിച്ച സ്വപ്നങ്ങളുമായി മലയാളി തകരുമ്പോഴാണ് വികസനത്തിന്റെ മോദി പ്രഭാവം സൂര്യനെപ്പോലെ ഭാരതത്തില്‍ പ്രകാശിച്ചത്. ചുവന്ന ചരടില്‍ കിടന്ന കേരളത്തിലെ നാഷണല്‍ ഹൈവേ പൂര്‍ത്തീകരിക്കുകയും പിന്നാക്കം പോയ കപ്പല്‍നിര്‍മ്മാണശാലയും പകുതി മരിച്ച ഫാക്ടും പുതുജീവന്‍ കൈവരിക്കുകയും ചെയ്തതോടെ മോദിയില്‍ പ്രതീക്ഷകള്‍ ഉയര്‍ന്നു. മുദ്ര ലോണുകളും സ്റ്റാര്‍ട്ടപ്പുകളും വനിത ശാക്തീകരണപദ്ധതികളും പ്രവര്‍ത്തനക്ഷമത കൈവരിച്ചതോടെ വിമര്‍ശകര്‍ സൃഷ്ടിച്ച കാര്‍മേഘങ്ങള്‍ക്കിടയിലും മോദി വികസനത്തിന്റെ സൂര്യരശ്മികള്‍ കേരളമണ്ണില്‍ പതിച്ചു. കേരളത്തിന്റെ റോഡ് വികസനത്തില്‍ മോദി സര്‍ക്കാരിന്റെ പങ്കാളിത്തത്തെ വാനോളം പുകഴ്ത്തിയ മുന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്റെ വാക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തിന്റെ വിശ്വാസകരമായ പ്രവൃത്തിയെയാണ് ചൂണ്ടിക്കാണിക്കു ന്നത്. കേരളത്തില്‍ 1200 കിലോമീറ്ററിലധികം ദേശീയപാതകള്‍ നിര്‍മ്മിക്കാന്‍ 1,65,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇതോടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കേന്ദ്രസഹായം കേരളത്തിന് ലഭിച്ചത് മോദി ഭരണത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ 3.41 ലക്ഷം വീട്ടമ്മമാര്‍ക്ക് സൗജന്യ ഗ്യാസ് നല്‍കിയും 1,55,000 വീടുകള്‍ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയും ജല്‍ജീവന്‍ പദ്ധതി പ്രകാരം 36 ലക്ഷം വാട്ടര്‍ ടാപ്പ് കണക്ഷന് നല്‍കിയും 11.41ലക്ഷം പെണ്‍കുട്ടികളുടെ പേരില്‍ പണം നിക്ഷേപിച്ച് അങ്കണവാടികള്‍ വഴി 22.87 ലക്ഷം വനിതകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം നല്‍കിയും ഏതാണ്ട് 80 ലക്ഷത്തിലധികം ആയുഷ്മാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ നല്‍കിയും മോദി ഗ്യാരന്റി പ്രവര്‍ത്തന പഥത്തില്‍ നിറഞ്ഞു. കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ മരുന്നുകള്‍ ലഭിക്കുന്ന 986 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കേരള ജനതക്ക് ആശ്വാസം നല്കുന്നു. കിസാന്‍ സമ്മാന്‍ നിധി പ്രകാരം കേരളത്തിലെ 36.20ലക്ഷം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000/ രൂപ സൗജന്യമായി ലഭിക്കുന്നു.
മോദി ഗ്യാരന്റിയില്‍ പുതിയ കേരളം
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തെ വികസനക്കുതിപ്പിലൂടെ മുന്‍നിരയിലെത്തിക്കുമെന്ന കടമയും കര്‍ത്തവ്യവും നിര്‍വഹിക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുമ്പോള്‍ ഉട്ടോപ്യന്‍ ഇസങ്ങള്‍ സൃഷ്ടിച്ച മിത്തില്‍ കണ്ണും നട്ട് കാത്തിരിക്കണമൊ. അതൊ മോദിയോടൊപ്പം ഒരു പാദം മുന്നോട്ട് നീങ്ങി പുതിയ കേരളം സൃഷ്ടിക്കണമോ. മോദി ഗ്യാരന്റിയില്‍ പുതിയ കേരളം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ചരിത്രപരമായ ആഹ്വാനവുമായിട്ടാണ് ബിജെപി മുന്നോട്ടുപോകുന്നത്. പ്രതിലോമശക്തിയായി പുറംതിരിഞ്ഞുനില്‍ക്കാതെ, 2024ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി മോദി തന്നെ വിജയിക്കും എന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഉറപ്പിച്ച സാഹചര്യത്തില്‍ കേരളം മോദിയോടൊപ്പം മുന്നേറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വികസന മുരടിപ്പിനെ അതിജീവിച്ച് കടക്കെണിയില്‍നിന്നും കേരളം മോചനം നേടണമെങ്കില്‍ മോദി ഗ്യാരന്റിയുടെ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനും മോദിയോടൊപ്പം ഒരു പാദം മുന്നേറാനും കേരളത്തിന് കഴിയണം. പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പിലെ സമ്മതിദാനാവകാശം പുതിയ കേരളത്തിനായി വിനിയോഗിച്ചുകൊണ്ട് നരേന്ദ്രമോദി തുടര്‍ഭരണത്തില്‍ വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ മോദി ഗ്യാരന്റിയുടെ ഭാഗമായി കേരളവും ഉണ്ടാവു മെന്ന് പ്രതീക്ഷിക്കാം.
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: