കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സ്കൂള്‍ സര്‍വീസസ് കമ്മിഷന് (എസ്.എസ്.സി.) നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിന് കനത്ത തിരിച്ചടി. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്കൂളുകളിലെ 2016 ലെ മുഴുവന്‍ നിയമന നടപടികളും കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ദെബാങ്സു ബസാക്, എം.ഡി. ഷബ്ബാര്‍ റാഷിദി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിയമനങ്ങള്‍ അസാധുവാക്കുകയും സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് നല്‍കുകയും ചെയ്തത്.
മൂന്ന് മാസത്തിനുള്ളില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ 25,573 അധ്യപക-അനധ്യാപക തസ്കികകളിലേക്ക് നല്കിയ നിയമനങ്ങള്‍ റദ്ദാക്കപ്പെട്ടു. നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും ചേര്‍ത്ത് നാലാഴ്ചയ്ക്കകം മടക്കി നല്‍കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം കാന്‍സര്‍ ബാധിതനായ സോമ ദാസ് എന്നയാള്‍ക്ക് മാത്രം കോടതി ഇളവു നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് ജോലി നഷ്ടമാകില്ല.
2016-ല്‍ നടന്ന നിയമന പരീക്ഷയില്‍ 23 ലക്ഷം പേരാണ് 24,640 തസ്തികകളിലേക്കായി പങ്കെടുത്തത്. ഇതില്‍ 25,753 പേര്‍ക്ക് നിയമന ഉത്തരവ് ലഭിച്ചുവെന്ന് പരാതിക്കാരുടെ അഭിഭാഷകനായ ഫിര്‍ദൗസ് ഷമീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് സ്റ്റേ ചെയ്യാനുള്ള അപേക്ഷയും കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. 15 ദിവസത്തിനുള്ളില്‍പുതിയ നിയമന നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ ഡിവിഷന് ബെഞ്ചിനെ നിയമിക്കാന്‍ 2023 നവംബര്‍ ഒമ്പതിനാണ് സുപ്രീം കോടതി കെല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: