പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനാണ് മുഖ്യപ്രതി. എന്നാല്‍ തൃശൂര്‍ പൂരം കലക്കിയതിന്‌റെ എല്ലാ കുറ്റവും അങ്കിത് അശോകന്റെ തലയില്‍ വച്ച് കൈകഴുകുകയാണ് എല്ലാവരും. മറ്റാരും ഒന്നും അറിഞ്ഞിട്ടുമില്ല, പറഞ്ഞിട്ടുമില്ല.
തൃശ്ശൂരില്‍ ഉണ്ടായിട്ടും എന്നെ ആരും അറിയിച്ചില്ല എന്നാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപി അജിത് കുമാര്‍ പറയുന്നത്. തൃശ്ശൂരിലെ എംപിയും എംഎല്‍എയും ഒന്നും അറിഞ്ഞില്ല. സര്‍ക്കാരും ഒന്നും അറിഞ്ഞില്ല. എന്നാല്‍ തൃശൂര്‍ക്കാരെല്ലാം അറിഞ്ഞു, കേരളം മൊത്തം അറിഞ്ഞു. ലോകര്‍ മുഴുവനും അറിഞ്ഞു!
പണ്ടൊക്കെയാണെങ്കില്‍ അറിഞ്ഞില്ല എന്ന് പറയുന്നതില്‍ ഒരു ന്യായമുണ്ട്. ഇന്നതല്ല. ചാനലായ ചാനലുകള്‍ ഒക്കെയും പൂരം ലൈവ് ആയി സംപ്രഷണം ചെയ്തുകൊണ്ടിരിക്കുന്നു. കാക്കത്തൊള്ളായിരം യൂടൂബ് അക്കൗണ്ടുകളും പൂരത്തിലെ ഓരോ നിമിഷത്തെയും ഓരോ നീക്കവും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നു. എന്നിട്ടും അറിഞ്ഞില്ല എന്ന് പറയുന്നതാണ് സംശയാസ്പദം.
കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് പറയുന്ന കാരണങ്ങളൊന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാര്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നിട്ടും വിവരങ്ങളൊന്നും ധരിപ്പിച്ചില്ല എന്നാണ്. ആരെങ്കിലും ധരിപ്പിച്ചാല്‍ മാത്രമേ ഇദ്ദേഹം ധരിക്കൂവത്രെ. പിന്നെന്തിനാണ് ഇദ്‌ദേഹം തൃശൂരെത്തിയത്? ഏതെങ്കിലും ചെറിയ അമ്പലത്തിലെ ചിറപ്പല്ല, തൃശ്ശൂരില്‍ നടന്നത്. ലോക മലയാളികള്‍ ഉറ്റുനോക്കുന്ന തൃശ്ശൂര്‍ പൂരമാണെന്നെങ്കിലും അറിഞ്ഞില്ലെന്ന് പറയരുത്.
ഇപ്പോള്‍ ഇതൊന്നും അല്ല വിഷയം. പൂരം കലക്കിയ പോലീസും ഇതിലൊന്നും ഇടപെടാതെ മാറിനിന്ന എംപിയും എംഎല്‍എയും യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും ഒക്കെ ആകെ പരിഭ്രാന്തിയിലാണ്. പ്രശ്‌നമറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഓടിയെത്തി പരിഹാരത്തിനു ശ്രമിച്ചതാണ് അവരുടെ പ്രശ്‌നം. ഇതെങ്ങാനും ഇലക്ഷനില്‍ പ്രതിഫലിക്കുമോ എന്ന ഭയം.
പോലീസ് കമ്മീഷണറെ പുള്ളി കുത്തി നാടുകടത്തിയാല്‍ എല്ലാം ശുഭമാകുമെന്ന് അവര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: