തൃശൂര്‍ : തൃശൂര്‍ പൂരത്തിനിടെ പോലീസ് നടത്തിയ അതിക്രമങ്ങള്‍ ആസൂത്രിതമെന്ന് ആക്ഷേപം. ഇക്കുറി മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിസന്ധി സൃഷ്ടിച്ച് പൂരം നടത്തിപ്പ് ഏറ്റെടുക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്നതെന്നാണ് പൂരം സംഘാടകര്‍ പറയുന്നത്.
പൂരം പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ കൂട്ടിച്ചോദിച്ച് കൊച്ചിന് ദേവസ്വംബോര്‍ഡാണ് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. 40 ലക്ഷം രൂപയോളമാണ് മൈതാനത്തിന് വാടകയായി പൂരം സംഘാടകര്‍ ദേവസ്വംബോര്‍ഡിന് നല്‍കുന്നത്. ഇത് രണ്ടുകോടിയായി വര്‍ധിപ്പിച്ച് നല്‍കണമെന്ന് ബോര്‍ഡ് ആവശ്യപ്പട്ടു. ഇത്രയും തുക വാടക നല്കിയാല് പൂരം നടത്താനാകില്ല എന്നറിഞ്ഞിട്ടും കൊച്ചിന് ദേവസ്വം ബോര്‍ഡ് പിടിവാശി തുടര്‍ന്നു. പ്രദര്‍ശനം ആരംഭിക്കേണ്ട തീയതി കഴിഞ്ഞിട്ടും മൈതാനം വിട്ടുനല്‍കിയില്ല.
പൂരം സംഘാടകര്‍ പലവട്ടം പരാതിപ്പെട്ടിട്ടും സര്‍ക്കാരോ ജനപ്രതിനിധികളോ ഇടപെട്ടില്ല. ഒടുവില്‍ പൂരം നടക്കില്ലെന്നും വന്‍ പ്രതിഷേധം ഉയരുമെന്നും വ്യക്തമായപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പഴയ വാടകയും എട്ട് ശതമാനം വര്‍ധനയും മതിയെന്ന് തീരുമാനിച്ചത്. അപ്പോഴേക്കും പ്രദര്‍ശനം തുടങ്ങേണ്ട സമയം വൈകിയിരുന്നു. അത് ഇക്കുറി സംഘാടകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി.
ആനയെഴുന്നള്ളിപ്പിനെച്ചൊല്ലിയായിരുന്നു അടുത്ത ഉടക്ക്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ 50 മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്ക്കാവൂ എന്നതുള്‍പ്പെടെ അസാധ്യമായ ഒട്ടേറെ നിബന്ധനകളുമായി വനംവകുപ്പ് പൂരത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തി. കേരളത്തിലെ ഒരു ഉത്സവത്തിനും ആഘോഷച്ചടങ്ങിനുമില്ലാത്ത നിബന്ധനകളാണ് തൃശൂര്‍ പൂരത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാരിന് ഇതില്‍ നിന്നും പിന്മാറേണ്ടി വന്നത്. പൂരത്തിന്റെ തലേന്നും ആനകളെ പരിശോധിക്കുന്നതിന്റെ പേരില്‍ ഉടക്കുണ്ടാക്കാന്‍ വനംവകുപ്പ് ശ്രമം തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് പോലീസിന്റെ കൈയാങ്കളി. രാത്രി പതിനൊന്ന് മണി മുതല്‍ പോലീസിന്റെ അതിക്രമം സഹിക്കാതെ ഭാരവാഹികള്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനേയും റവന്യൂ മന്ത്രി കെ. രാജനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷം രാവിലെ ആറിനാണ് മന്ത്രി രാജന് എത്തിയത്. ദേവസ്വം മന്ത്രി ഇടപെട്ടതേയില്ല.
പൂരം സുഗമമായി നടത്താനാകാത്ത അന്തരീക്ഷം സൃഷ്ടിച്ച് സംഘാടകരെ പ്രതിന്ധിയിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. പൂരം പ്രദര്‍ശനത്തിന്റെ നടത്തിപ്പ് കൊച്ചിന് ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് അവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനത്തിലൂടെയാണ് പൂരം നടത്തിപ്പിനാവശ്യമായ ധനം ഓരോ വര്‍ഷവും കണ്ടെത്തുന്നത്. ഇത് കൈമാറിയാല്‍ സമ്പൂര്‍ണ നിയന്ത്രണവും കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കൈയിലാവും. സംഘാടകര്‍ കൈമാറ്റത്തിന് വിസമ്മതിച്ചതോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശത്രുതാപരമായ നീക്കമാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: