ആലപ്പുഴ: നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിന് ഇനി നാലുനാള്‍ മാത്രം, ത്രികോണ മത്സരം നടക്കുന്ന ആലപ്പുഴയില്‍ ഒന്നാമതെത്താന്‍ കഠിന പ്രയത്നം നടത്തി മുന്നണികള്‍. ഇടതുവലതു മത്സരം എന്ന പതിവു രീതി മാറി ത്രികോണ പോരാട്ടം ഉറപ്പിച്ചതോടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളും. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ എന്‍ഡിഎ മഹാസമ്പര്‍ക്കം നടത്തി. മുഴുവന്‍ സ്ഥലങ്ങളിലും എല്ലാ പ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. സമ്പര്‍ക്കത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.
എല്ലാ ബാച്ചിലും പകുതിയോളം വനിതാ പ്രവര്‍ത്തകര്‍ അണിനിരന്നു. ചില സ്ഥലങ്ങളില്‍ മാതാപിതാക്കളും കൊച്ചു കുട്ടികളും അടക്കം ആലപ്പുഴയുടെ ശോഭയ്ക്കായി വീടുവീടാന്തരം കയറിയിറങ്ങിയത് ആവേശം പകരുന്ന കാഴ്ചയായിരുന്നു. മികച്ച പ്രതികരണമാണ് പ്രചാരണത്തില്‍ ലഭിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പ്രചാരണ നോട്ടീസുകള്‍ വാങ്ങി, മൗലം പാലിച്ചിരുന്ന വോട്ടര്‍മാര്‍ ഇത്തവണ പ്രവര്‍ത്തകരുമായി വിവിധ വിഷയങ്ങളില്‍ സംവാദത്തിന് തയ്യാറാകുന്നു. മാത്രമല്ല മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിക്കാനും സന്നദ്ധരാകുന്നു. മോദി ഗ്യാരന്റിക്കൊപ്പം ശോഭാ സുരേന്ദ്രന് എന്ന സ്ഥാനാര്‍ത്ഥിയുടെ മികവും എന്‍ഡിഎയ്ക്ക് തുണയാകുന്നു.
കോണ്‍ഗ്രസും, സിപിമ്മും മാറിമാറി പ്രതിനിധീകരിച്ച ആലപ്പുഴ സമസ്തമേഖലയിലും പിന്നാക്കം പോയതും, കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ സമ്മാനിച്ച വികസന നേട്ടങ്ങളും ചര്‍ച്ചയാക്കിയായിരുന്നു എന്‍ഡിഎ പ്രവര്‍ത്തകരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. മതവും. ജാതിയും പറഞ്ഞ് അവാസനനിമിഷം പിടിച്ചു നില്‍ക്കാനാണ് ഇടതു വലതുമുന്നണികള്‍ ശ്രമിക്കുന്നത്. അതിനായി മതസാമുദായിക നേതാക്കളെ സ്വാധീനിക്കാനും അവര്‍ ശ്രമം തുടങ്ങി. വൈകാരിക വിഷയങ്ങള്‍ ഇളക്കി വിട്ട്, വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പിനാണ് ശ്രമം. കഴിഞ്ഞ തവണ ഇടതുപക്ഷം ഇതില്‍ മേല്‍ക്കെ നേടിയപ്പോള്‍, അതേ തന്ത്രം പയറ്റുകയാണ് ഇത്തവണ യുഡിഎഫ്.
ആലപ്പുഴയ്ക്കായി തയ്യാറാക്കിയ സമഗ്രവികസനരേഖകള് ചര്‍ച്ചചെയ്തും, നാടിന്റെ വികസനത്തിന് മോദി സര്‍ക്കാരില്‍ നിന്ന് പിന്തുണ നേടിയെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളും പറഞ്ഞാണ് ശോഭാസുരേന്ദ്രന്റെ പ്രചാരണം അവസാന ഘട്ടത്തില്‍ മുന്നേറുന്നത്. നിര്‍ണായകമായ അവസാന നാളുകളില്‍ മുന്നണികളുടെ ആവനാഴിയില്‍ നിന്ന് തൊടുക്കുന്ന അമ്പുകള്‍ എന്താകുമെന്നാണ് പൊതുജനത്തിന് ആകാംഷ. സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഇന്നലെ വൈകിട്ട് ചെട്ടികുളങ്ങരയില്‍ റോഡ് ഷോയിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: