ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് 17-ാം സീസണ് പാതി ദൂരം പിന്നിട്ടു. ഫൈനല്‍ അടക്കം ആകെ 74 മത്സരങ്ങളാണുള്ളത്. ലീഗ് ഘട്ടത്തില്‍ 70 മത്സരങ്ങളും. ഇതില്‍ 35-ാം മത്സരമാണ് ഇന്നലെ നടന്ന ദല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം.
ഓരോ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി കഴിഞ്ഞു. മലയാളി താരം സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ഏഴില്‍ ആറ് കളികളും ജയിച്ച് മുന്നില്‍ നില്ക്കുന്നു. 12 പോയിന്റാണ് ടീമിനുള്ളത്. ഇതുവരെയുള്ളതില്‍ പോയിന്റ് രണ്ടക്കം കടത്താന്‍ സാധിച്ച ഏക ടീം ആണ് സഞ്ജുവിന്റേത്. രണ്ടാമതുള്ള കൊല്‍ക്കത്തയ്ക്ക് എട്ട് പോയിന്റേ ഉള്ളൂ. പക്ഷെ നെറ്റ് റണ്‍ നിരക്കില്‍ മുന്നില്‍ കൊല്‍ക്കത്തയാണ്. ഒന്നാം സ്ഥാനക്കാരായ രാജസ്ഥാനെ(0.677) ക്കാള്‍ ഇരട്ടിയിലധികം വരും ഇവരുടെ നെറ്റ് റണ്‍നിരക്ക്(1.399)
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് മൂന്നാം സ്ഥാനത്താണ്. ഏഴ് കളികളില്‍ നിന്ന് നാല് ജയവുമായി ടീം എട്ട് പോയിന്റുകള്‍ നേടി.
തോല്‍വികളുടെ എണ്ണത്തില്‍ മുന്നില്‍ പുതിയ സീസണില്‍ പേരില്‍ മാറ്റം വരുത്തി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആണ്. ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഒരേയൊരു ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്.
ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിരിക്കുന്ന ബാറ്റര്‍ പട്ടികയില്‍ അവസാന സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിരാട് കോഹ്ലി ആണ്. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 361 റണ്‍സാണ് താരം നേടിയത്. രണ്ടാം സ്ഥാനത്ത് സണ്‍ റൈസേഴ്സിന്റെ ട്രാവിസ് ഹെഡും(324). സീസണിലെ ഉയര്‍ന്ന സ്കോറും കോഹ്ലിയുടെ പേരിലാണ്. കോഹ്ലി രാജസ്ഥാന് റോയല്‍സിനെതിരെ നേടിയ 113 റണ്‍സാണ് മികച്ച വ്യക്തിഗത സ്കോര്‍.
ആകെ അഞ്ച് താരങ്ങളാണ് ഇതുവരെ സെഞ്ചുറി നേടിയിട്ടുള്ളത്. ജോസ് ബട്ട്ലര്‍ രണ്ട് തവണ സെഞ്ചുറിയടിച്ചു. വിരാട് കോഹ്ലി, ട്രാവിസ് ഹെഡ്, രോഹിത് ശര്‍മ, സുനില്‍ നരൈന് എന്നിവര്‍ ഇതുവരെ ഓരോ സെഞ്ചുറികള്‍ വീതം നേടി.
വിക്കറ്റ് വേട്ടയില്‍ മുന്നില്‍ ഭാരത ബൗളര്‍ ജസ്പ്രീത് സിങ് ബുംറ ആണ്. 13 വിക്കറ്റുകള്‍ താരം നേടി. രണ്ടാം സ്ഥാനത്ത് മറ്റൊരു ഭാരത ബൗളര്‍ യുസ്വേന്ദ്ര ചാഹലും(12 വിക്കറ്റുകള്‍). ആര്‍സിബിക്കെതിരെ 21 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ബുംറയുടെ പ്രകടനമാണ് മികച്ച ബൗളിങ്. ഇത്തവണ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച രണ്ട് പേരേ ഉള്ളു. ബുംറയും യാഷ് ഠാക്കുറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: