ചെസില്‍ ലോകത്തിന്റെ ഫോക്കസ് പ്രജ്ഞാനന്ദയില്‍ നിന്നും മാറി ഇത്തവണ ദൊമ്മരലു ഗുകേഷിലേക്ക്. അധികം സംസാരിക്കാത്ത, നിശ്ശബ്ദപ്രകൃതിയായ ഈ 17കാരന് ലോകത്തിലെ ഏറ്റവും ഗൗരവമേറിയ ചെസ് പോരാട്ടമായ കാന്‍ഡിഡേറ്റ്സ് ചെസില്‍ കപ്പ് നേടാന്‍ സാധ്യതയുള്ള നാല് കളിക്കാരില്‍ ഒരാളാണ്. പ്രജ്ഞാനന്ദയും ടൂര്‍ണ്ണമെന്റിലുണ്ടായിരുന്നെങ്കിലും 12 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കപ്പ് നേടുന്നവരുടെ പട്ടികയില്‍ ഇടം പിടിക്കാനായില്ല.
കളിയിലുടനീളം അസാധാരണ ഗൗരവവും മനസ്സാന്നിധ്യവും ശാന്തതയും പാലിച്ച ഗുകേഷ് ലോക റേറ്റിംഗില്‍ രണ്ടും മൂന്നും ഏഴും റാങ്കുകാരായ ഫാബിയാനോ കരുവാന, ഹികാരു നകാമുറ, ഇയാന്‍ നെപോമ് നിഷി എന്നിവരെ സമനിലയില്‍ പിടിച്ചു. ഇന്ത്യയുടെ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവരെയും അസര്‍ബൈജാന്റെ നിജാത് അബസൊവിനെയും ഗുകേഷ് തോല്പിച്ചിരുന്നു. ഗുകേഷിന് 28 ശതമാനം വിജയസാധ്യതയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ പ്രവചിക്കുന്നത്. പക്ഷെ ഇനി രണ്ട് റൗണ്ട് കൂടി ബാക്കിയുണ്ട്.
13ാം റൗണ്ടില്‍ ഗുകേഷ് നേരിടുക ഫ്രാന്‍സിന്റെ അലിറെസ് ഫിറൂസ്ജയെയാണ്. ഏപ്രില്‍ 20 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ഈ കളി. 14ാം റൗണ്ടില്‍ യുഎസിന്റെ ഹികാരു നകാമുറയെയും നേരിടും. ഈ കളി ഏപ്രില്‍ 21 ഞായറാഴ്ചയാണ്. എന്തായാലും ചാമ്പ്യനാവണമെങ്കില്‍ ഗുകേഷ് എതിരാളികളുടെ രക്തം ചിന്തേണ്ടിവരും. സമനിലയല്ല, വിജയം തന്നെയാണ് ടൂര്‍ണ്ണമെന്റില്‍ കിരീടം നേടാന്‍ ഗുകേഷിന് വേണ്ടത്. ലോകത്തിലെ മാധ്യമശ്രദ്ധമുഴുവന്‍ തന്നിലേക്ക് തിരിഞ്ഞതോടെ അല്പം സമ്മര്‍ദ്ദത്തിലാണ് ഗുകേഷ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗുകേഷ് അബദ്ധങ്ങള്‍ വരുത്തുക പതിവാണ്. അതാണ് മാഗ്നസ് കാള്സന് പ്രചവിച്ചത്:”ഗുകേഷ് ഈ ടൂര്‍ണ്ണമെന്റ് ജയിക്കാന്‍ പോകുന്നില്ല. കാരണം നല്ല രീതിയില്‍ കളിക്കുന്നതുപോലെ അബദ്ധങ്ങളും ഗുകേഷ് വരുത്താറുണ്ട്.” 2023ലെ ടാറ്റാ സ്റ്റീല്‍ ചെസില്‍ ഇത് തന്നെയാണ് സംഭവിച്ചത്. പ്രജ്ഞാനന്ദയുമായുള്ള മത്സരത്തില്‍ ജയിച്ചാല്‍ ചാമ്പ്യനാകേണ്ടതാണ്. എന്നാല്‍ പ്രജ്ഞാനന്ദയുമായി ജയിക്കാവുന്ന പല അവസരങ്ങളും തുലച്ചുകളഞ്ഞപ്പോള്‍ മത്സരം സമനിലയില്‍ കലാശിച്ചു. ചൈനയുടെ വെയ് യി കപ്പ് നേടുകയും ചെയ്തു. ഈ സാഹചര്യം കാന്‍ഡിഡേറ്റ്സില്‍ ഉണ്ടാകരുതെന്ന് ഗുകേഷിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് അതീവ കരുതലോടെ അടുത്ത രണ്ട് കളികളെയും ഗുകേഷ് സമീപിക്കുമെന്നുറപ്പ്. ഇക്കാര്യത്തില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ സ്ഥിരം കോച്ച് വിഷ്ണുപ്രസന്നയും വിശ്വനാഥന് ആനന്ദും പോളണ്ടിലെ ഗ്രാന്റ് മാസ്റ്റര്‍ ഗ്രെസ് ഗോര്‍സ് ഗജേവ്സ്കിയും ഉണ്ട്. 13ാം റൗണ്ടില്‍ അലിറെസ ഫിറൂസ്ജയെയും 14ാം റൗണ്ടില്‍ യുഎസിന്റെ ഹികാരു നകാമുറയെയും നേരിടുമ്പോള്‍ ഗുകേഷ് അവര്‍ക്ക് ദൗര്‍ബല്യങ്ങളുണ്ടാക്കുന്ന ഓപ്പണിംഗ് വേരിയേഷനും നീക്കങ്ങളും കരുതിവെച്ചിട്ടുണ്ടാകണം. ഇപ്പോള്‍ മൂന്ന് പേരാണ് ഒന്നാം സ്ഥാനത്ത്- ഗുകേഷും ഹികാരു നകാമുറയും ഇയാന്‍ നെപോമ് നിഷിയും. 14ാം റൗണ്ടില്‍ ഹികാരു നകാമുറയെ തോല്പിച്ചാല് അതോടെ ഹികാരു പുറത്താവും. 13ാം റൗണ്ടില്‍ ഫിറൂസ്ജയെക്കൂടി തോല്പിക്കാനായാല് 9.5 പോയിന്റാകും. ഇതുപോലെ ഇയാന്‍ നെപോമ് നിഷി കൂടി രണ്ട് കളികള്‍ ജയിച്ചാല്‍ ഇരുവരും ടൈ ആകും. അപ്പോള്‍ ടൈബ്രേക്കറില്‍ ഇരുവരും ഏറ്റുമുട്ടി വിജയിയെ തീരുമാനിക്കേണ്ടിവരും.
എന്തായാലും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റുപോലെ ഗൗരവതരമായ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതാരമാണ് ഗുകേഷ് -17 വയസ്സ്. പക്ഷെ ലോകത്ത് ഈ ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ യോഗ്യത നേടിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്. അമേരിക്കന്‍ താരം ബോബി ഫിഷറും നോര്‍വേയുടെ മാഗ്നസ് കാള്‍സനുമാണ് ഗുകേഷിനേക്കാള്‍ പ്രായം കുറഞ്ഞ കാന്‍ഡിഡേറ്റ്സില്‍ കളിക്കാന്‍ യോഗ്യത നേടിയ താരങ്ങള്‍.
ലോകത്ത് അജയ്യതാരമായി കരുതുന്ന മാഗ്നസ് കാള്‍സനെ പ്രജ്ഞാനന്ദയെപ്പോലെ ഗുകേഷും തോല്പിച്ചിട്ടുണ്ട്. എയിംചെസ് റാപിഡ് ടൂര്‍ണമെന്റിലാണ് ഗുകേഷ് മാഗ്നസ് കാള്‍സനെ തോല്പിച്ചത്.
ഡോക്ടറുടെ മകന്റെ ഹൃദയം കവര്‍ന്നത് ചെസ്; പിന്നെ മകന് വേണ്ടി പ്രാക്ടീസ് വേണ്ടെന്ന് വെച്ചു
തമിഴ്നാട്ടില്‍ ആണ് ജനിച്ചതെങ്കിലും മാതാപിതാക്കള്‍ ആന്ധ്രയിലെ ഗോദാവരിയില്‍ നിന്നുള്ളവരാണ്. അച്ഛന് രജനീകാന്ത് ഒരു ഇഎന്‍ടി സര്‍ജനാണ്. അമ്മ പദ്മയും ഡോക്ടറാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ മൈക്രോബയോളജിസ്റ്റാണ്. ഏഴ് വയസ്സില്‍ ചെസ് കളിക്കാന്‍ ആരംഭിച്ചതാണ്. പ്രജ്ഞാനന്ദയേക്കാള്‍ മൂന്ന് മാസത്തെ പ്രായക്കുറവോടെ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ താരമാണ് ഗുകേഷ്. 12 വയസ്സും ഏഴ് മാസവും 17 ദിവസവും ഉള്ളപ്പോള്‍ ഗുകേഷിന് ഗ്രാന്റ് മാസ്റ്റര്‍ പദവി കിട്ടി. അതേ സമയം 12 വയസ്സും 10 മാസവും ആയപ്പോഴാണ് പ്രജ്ഞാനന്ദയ്ക്ക് ഗ്രാന്റ് മസാറ്റര്‍ പദവി കിട്ടിയത്. പക്ഷെ ലോകത്തിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റര്‍ ആണ് ഗുകേഷ്. കാരണം റഷ്യയുടെ സെര്‍ജി കാര്‍ജാകിന്‍ 12 വയസ്സും ഏഴ് മാസവും മാത്രം ഉള്ളപ്പോള്‍ ഗ്രാന്റ് മാസ്റ്ററായി. വെറും 17 ദിവസത്തിന്റെ വ്യത്യാസത്തിനാണ് ഗുകേഷിന്റെ റെക്കോഡ് സെര്‍ജി കാര്‍ജാകിന്‍ തകര്‍ത്തത്. പിന്നീട് അമേരിക്കയില്‍ കഴിയുന്ന ഇന്ത്യയുടെ അഭിമന്യു മിശ്ര എന്ന ബാലന് പത്താം വയസ്സില്‍ ഗ്രാന്റ് മാസ്റ്ററായതോടെയാണ് ഗുകേഷ് പ്രായംകുറഞ്ഞ ഗ്രാന്റ് മാസ്റ്റര്‍ മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായി.
നിര്‍ത്താതെ ചെസ് കളിക്കാനുള്ള അഭിനിവേശം…കളി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ ഇഷ്ടം
വൈകാതെ ഗുകേഷ് ചെസ് കളിയുമായി ലോകം ചുറ്റാന്‍ തുടങ്ങി. രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ യാത്ര. ഗുകേഷ് മികച്ച കളിക്കാരനായി വളര്‍ന്നുവരുമ്പോള്‍ തന്നെ അച്ഛനായ ഡോക്ടര്‍ ഗുകേഷിന് വേണ്ടി പ്രാക്ടീസ് വേണ്ടെന്നുവെച്ചു. പക്ഷെ സമയം കിട്ടുമ്പോഴെല്ലാം വിസിറ്റിംഗ് കണ്‍സള്‍ട്ടന്റായി മുരുഗപ്പ ഗ്രൂപ്പിന്റെ ആശുപത്രിയില്‍ സമയം കിട്ടുമ്പോഴെല്ലാം പോകും. ഗുകേഷാണെങ്കില്‍ കരുനീക്കങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്ന ക്ലാസിക്കല്‍ ചെസില്‍ മാത്രമല്ല, റാപിഡിലും ബ്ലിറ്റ്സിലും സമര്‍ത്ഥനാണ്. അതിനാല്‍ ലോകത്തെ ടൂര്‍ണ്ണമെന്റുകളില്‍ നിര്‍ത്താതെയുള്ള യാത്ര അനിവാര്യം. തുടര്‍ച്ചയായി ചെസ് കളിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണ് ഗുകേഷ്. ടൂര്‍ണ്ണമെന്റില്‍ നിന്നും ടൂര്‍ണ്ണമെന്റിലേക്ക് ആര്‍ത്തിയോടെ ഓടുന്ന ആളാണ് ഗുകേഷ്. ഒരു വര്‍ഷം ചിലപ്പോള്‍ 250 ടൂര്‍ണ്ണമെന്റുകളില്‍ വരെ പങ്കടുത്തിട്ടുണ്ട്. പലപ്പോഴും വലിയ താരങ്ങള്‍ വരെ സുദീര്‍ഘമായ ലീവുകള്‍ എടുക്കുമ്പോള്‍ ഗുകേഷ് അങ്ങിനെ ബ്രേക്ക് എടുക്കാറില്ല. ഓരോ നിമിഷവും എങ്ങിനെ തന്റെ കളി മെച്ചപ്പെടുത്താമെന്ന ചിന്തയാണ് ഗുകേഷിന്. ഒരു അത്ഭുതബാലന് എന്ന് വിളിക്കാനാണ് അച്ഛന് ഇഷ്ടപ്പെടുന്നത്. ആകെ കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ മാത്രമാണ് ഗുകേഷ് റെസ്റ്റ് എടുത്തതെന്ന് അച്ഛന് ഡോ. രജനീകാന്ത് പറയുന്നു. ഇപ്പോള്‍ അച്ഛനും മുഴുവന്‍ സമയം മകനോടൊപ്പം യാത്ര ചെയ്യുന്നു. ഈ യാത്ര തനിക്കും ആവേശമാണെന്ന് അദ്ദേഹം പറയുന്നു. ചെസില്‍ ഒഴികെ ഒന്നിലും മകന് താല്പര്യമില്ലെന്നും രജനീകാന്ത് പറയുന്നു.
മകന് പ്രധാന പഠനത്തില്‍ നിന്നും തെന്നി ചെസിലേക്ക് പോയപ്പോള്‍ വിഷമം തോന്നിയില്ലെന്ന് ഡോ. രജനീകാന്ത് പറയുന്നു. കുട്ടിയുടെ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ ചാനല്‍ എന്നിവ നിങ്ങള്‍ക്കറിയാം. പക്ഷെ കുട്ടിയുടെ ഇഷ്ടങ്ങളും അറിയണം. കുട്ടിക്ക് ഏതെങ്കിലും ഒരുകാര്യത്തില്‍ ഇഷ്ടമുണ്ടെങ്കില്‍ അത് അവന് സീരിയസ് ആയി എടുക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവനെ ആ വഴിക്ക് വിടണമെന്ന ഉപദേശമാണ് ഡോ. രജനീകാന്ത് നല്‍കുന്നത്. അതുതന്നെയാണ് ഗുകേഷിന് അനുഗ്രഹമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: