ബെംഗളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസുകാരനായ കോര്‍പറേഷന്‍ അംഗം നിരഞ്ജന്‍ ഹിരേമതിന്റെ മകള്‍ നേഹ സഹപാഠിയായിരുന്ന ഫയാസിന്റെ കുത്തേറ്റ് മരിച്ചു. തന്റെ മകള്‍ ലവ് ജിഹാദിന് ഇരയാണെന്ന് ഹിരേമത് തന്നെ ആരോപിച്ചതോടെ കര്‍ണ്ണാടകയില്‍ സാഹചര്യം സംഘര്‍ഷഭരിതമായിരിക്കുകയാണ്.
ഹുബ്ബളിയിലെ ബിവിബി കോളെജില്‍ പിജിയ്‌ക്ക് പഠിക്കുകയായിരുന്നു 23 കാരിയായ നേഹ. കോളെജ് കാമ്പസില്‍ വെച്ച് തന്നെയാണ് ഏപ്രില്‍ 18 വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് നേഹയെ ഫയാസ് ഏഴോ എട്ടോ തവണ കുത്തിയെന്നും അച്ഛന്‍ ഹിരേമത് പറയുന്നു.
” എനിക്ക് എന്റെ മകളാണ് നഷ്ടമായത്. ഇതുപോലെ പലര്‍ക്കും പെണ്‍മക്കളെ നഷ്ടപ്പെടുന്നുണ്ട്. ഇത്തരം ക്രൂരതകള്‍ വര്‍ധിക്കുകയാണ്. ഇനിയും കാര്യങ്ങള്‍ തുറന്നുപറയാതിരുന്നുകൂടാ എന്ന നിലയില്‍ എത്തിയിരിക്കുന്നു. ഈ ലവ് ജിഹാദ് വല്ലാതെ പരന്നിരിക്കുന്നു.”- നിരഞ്ജന്‍ ഹിരേമത് പറഞ്ഞു.
“ഇത്തരം പ്രതികള്‍ വീണ്ടും ജാമ്യമെടുത്ത് പുറത്ത് കറങ്ങുകയാണ്. ഇക്കുറി ആരും ഫയാസിന് ജാമ്യം നല്‍കാന്‍ വേണ്ടി പോകരുത്. പൊലീസും ബാര്‍ അസോസിയേഷനും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. നാലോ അഞ്ചോ കേസുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അറസ്റ്റ് നടക്കുന്നത്. ഇവിടെ ഇരയാക്കപ്പെടുന്നത് നല്ല കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ്. പ്രതിക്ക് തൂക്കിക്കൊല വിധിക്കണം.”- നിരഞ്ജന്‍ ഹിരേമത് പറയുന്നു.
“ഞങ്ങളുടെ ജാതി വേറെയാണെന്നും അതിനാല്‍ ഇത് നടക്കില്ലെന്നും നേഹ പറഞ്ഞു. ഇതാണ് ഫയാസിനെ രോഷാകുലനാക്കിയത്”,-നിരഞ്ജന്‍ ഹിരേമത് പറയുന്നു. നേഹയെ കുത്തിക്കൊന്ന ശേഷം ഓടിരക്ഷപ്പെട്ട ഫയാസിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
നേഹയുടെ കൊലപാതകം ലവ് ജിഹാദ് തന്നെയെന്ന് ബിജെപിയും പറയുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ വന്നശേഷം ക്രമസമാധാനം നഷ്ടമായിരിക്കുകയാണെന്നും ബിജെപി പറയുന്നു. മതമൗലികവാദസംഭവങ്ങളും കൂടിവരികയാണ്. ഈയിടെ ഒരു കോണ്‍ഗ്രസിന്റെ നസീര്‍ ഹുസൈന്‍ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതായി വിധാന്‍സൗധയില്‍ പ്രഖ്യാപനം നടന്നപ്പോള്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച സംഭവം വിവാദമായിരുന്നു. ഇത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചപ്പോള്‍ അതിന്റെ വീഡിയോ ബിജെപി തന്നെ ഹാജരാക്കി. തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി തെളിഞ്ഞു. ഇതോടെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്യാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍ തയ്യാറായത്.
കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ നടി ഹര്‍ഷിത പൂനാചയെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ ആക്രമിച്ച സംഭവമുണ്ടായി. കന്നട സംസാരിച്ചതിനാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് പറയുന്നു. ഭര്‍ത്താവിന്റെ സ്വര്‍ണ്ണമാലയും അക്രമികള്‍ പൊട്ടിച്ചു. എന്താ ഇത് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആണോ എന്നാണ് ഹര്‍ഷിത പൂനാച്ച ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: