മഹാഭൂതങ്ങളില്‍ ആകാശത്തിന് ശബ്ദഗുണവും വായുവിന് സ്പര്ശഗുണവും അഗ്നിക്ക് രൂപഗുണവും ജലത്തിന് രസമെന്ന ഗുണവും ഭൂമിക്ക് ഗന്ധമെന്ന ഗുണവും ആണല്ലോ സൃഷ്ടിക്കു മുമ്പു തന്നെ സ്വതവേയുള്ള അഥവാ ജന്മായത്തമായിത്തന്നെ ഉള്ള ഗുണ വിശേഷങ്ങള്‍. ഈ ദ്രവ്യഗുണങ്ങളഞ്ചും തന്റെ തന്നെ പ്രകൃതിയില്പ്പെട്ടവയാണെന്ന് ഗീതയില്‍ ഭഗവാന് പറയുന്നുണ്ട്. തുടര്‍ന്ന് പൃഥ്വിയുടെ പവിത്രമായ ഗന്ധം ഞാനാണെന്നും ഭഗവാന് പറയുന്നത് നമുക്ക് ശ്രവിക്കാം: ‘പുണ്യാഗന്ധഃപൃഥിവ്യാം ച’. ഗന്ധഗുണത്തിന് സംവേദനക്ഷമതയുള്ള ഘ്രാണേന്ദ്രിയത്തിന് ഏറ്റവും അധികം ശക്തിയുള്ള ജീവിയുടെ രൂപത്തില്‍ തന്നെവേണം ഭഗവാന് അവതരിക്കേണ്ടത്; ഭൂമിയുടെ മണംപിടിച്ചു പിടിച്ചുവേണമല്ലോ അതു താണുപോയ വഴി കണ്ടെത്താന്‍. ആ കാരണത്താലാണ് (ആ ഉദ്ദേശ്യസാദ്ധ്യത്തിനുവേണ്ടിയാണ്) കാരണ സൂകരമായി യജ്ഞേശ്വരനായ ഭഗവാന് തിരുവവതാരം സ്വീകരി ച്ചത്. (കാരണസൂകരമെന്നതിന് പരമാത്മാവു തന്നെയായ സൂകരം എന്നോ ജഗത്തിന്റെ ആരംഭത്തിലുണ്ടായ കാരണജലധിയില് നിന്ന് ഭൂമിയെ ഉദ്ധരിക്കാന്‍ അവതരിച്ച ഭഗവാനെന്നോ അര്‍ത്ഥം കല്പിക്കാവുന്നതാണ്.)
ഘ്രാണേന്ദ്രിയത്തിന് ഏറ്റവുമധികം പ്രാമുഖ്യവും പ്രാബല്യവു മുള്ള വിചിത്ര ജീവിയായ വരാഹമായാണ് ഈ അവതാരം എന്നു സൂചിപ്പിക്കാനാണ് ബ്രഹ്മാവിന്റെ നാസാവിവരത്തില് കൂടിയുള്ള ബഹിര്‍ഗമനം. ബ്രഹ്മാവിനെക്കൂടി അദ്ഭുതപ്പെടുത്തിക്കൊണ്ടുള്ള അസാധാരണ രീതിയിലും രൂപത്തിലുമായിരുന്നല്ലോ ഭഗവാന്റെ ആ നിര്‍ഗമനം. അന്ന് ആ രൂപത്തിന് വരാഹമെന്ന പേരുണ്ടായിരു ന്നിരിക്കുകയില്ല, പിന്നീടുണ്ടായ ജനങ്ങള്‍ വിളിച്ചുവന്നതാവാം ആ പേര്. അതാണല്ലോ, ആ പദത്തിന് ഒരു നിഷ്പത്തി കണ്ടെത്താന്‍ കഴിയാത്തത്. (എന്നാല്‍ അങ്ങനെ ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളതായും കാണുന്നില്ല.) അതെന്തായാലും ആ ആദിവരാഹത്തിന്റെ രൂപമാതൃകയിലാണ് വരാഹകുലത്തിന്റെ സൃഷ്ടി മുഴുവന്‍.
അനന്തരം ആ കാരണവരാഹം ഭൂമിയുടെ ഗന്ധം ഘ്രാണിച്ച് ഘ്രാണിച്ച് വഴി കണ്ടുപിടിച്ച് രസാതലത്തിലെവിടെയോ പെട്ടുപോയ ഭൂമിയെ, ധ്യാനശ്ലോകത്തില്‍ വ്യക്തമാക്കപ്പെട്ടതുപോലെ തന്റെ കൊമ്പിന്റെ മുനയില്‍ (സിതദന്തകോട്യാ) ഉയര്‍ത്തി, വഴിയില്‍ ദുര്‍ദാന്തമായ ഗദയും ചുഴറ്റി നേരിട്ട ആദിദൈത്യനെ വളരെ അനായാസം വധിച്ചു. അതിന്റെ ആയാസരാഹിത്യം കാട്ടുന്നതിന് കവി വാക്യം തന്നെ ഉദ്ധരിക്കട്ടെ:
‘ജഘാന രുന്ധാനമസഹ്യവിക്രമം
സ ലീലയേഭം മൃഗരാഡിവാംഭസി’
അങ്ങനെ വഴി നിഷ്കണ്ടകമാക്കി ജലോപരി ഒരിടത്ത് ഭൂമിയെ സ്ഥിരമായി സ്ഥാപിച്ചു. (അന്നു മുതലാവാം ‘സ്ഥിരാ’ എന്ന് ഭൂമിക്ക് പര്യായമുണ്ടായത്: ‘രസാവിശ്വംഭരാ സ്ഥിരാ’ എന്ന് അമരം).
ലോകവിസമാപകമായ ഭഗവാന്റെ (തമാലനീലമായ) കൃഷ്ണ വരാഹരൂപം വീക്ഷിച്ചും സൃഷ്ടിക്ക് അത്യന്തം ഉപകാരകമായ ഈ പ്രവൃത്തി കണ്ടും ആദിചൈതന്യമായ ഭഗവാന് (പില്ക്കാലത്ത് ഉപനിഷത് കാലത്തെ ഋഷിയാല്‍ ‘നേതി, നേതി’ എന്നതുകൊണ്ടു മാത്രം മനസ്സിലാക്കപ്പെടാവുന്ന പരമതത്ത്വമായി പറയപ്പെട്ട) യജ്ഞ പുരുഷന് തന്നെയാണ് ക്രോഡാപദേശനായി അവതരിച്ചിരിക്കുന്ന തെന്ന് ബോദ്ധ്യം വന്ന വിരിഞ്ചപ്രമുഖന്മാര് ഭഗവാനെ സാക്ഷാദ്യജ്ഞമയനായി കണ്ട് ആ സൂകരവപുസ്സിന്റെ ത്വക്കില്‍ ഗായത്രി ആദി യായ ഛന്ദസ്സുകളും രോമവലിയില് ദര്‍ഭയും നേത്രങ്ങളില്‍ യജ്ഞസാധകമായ നെയ്യും നാലുകാലുകളില്‍ യജ്ഞത്തിന്റെ ഋത്വിക്കുകളായ അദ്ധ്വര്യു, ഉദ്ഗാതാ, ബ്രഹ്മാ, ബ്രാഹ്മണാച്ഛംസി എന്നി വരും നാസാഛിദ്രം സ്രുവാ എന്ന ഹോമോപകരണവും (ഹോമിക്കാന്‍ വേണ്ടി നെയ്യ് കോരിയെടുക്കുന്നതിനുള്ള ഉപകരണം) മുഖത്തിന്റെ നീണ്ട അഗ്രഭാഗം സ്രൂക്കും (ജൂഹു എന്ന ഉപകരണം) ഉദരം ഇഡാ എന്ന യജ്ഞീയ ഭക്ഷണപാത്രവും കാതുകളില്‍ ചമസവും മുഖത്തും ഗ്രസനത്തിലും ചവര്ണത്തിലും യഥാക്രമം പ്രാശിത്രവും (ബ്രഹ്മഭാഗപാത്രവും) ഗ്രഹവും (സോമപാത്രവും) അഗ്നിഹോത്രവും ആയി രൂപണം ചെയ്തു സ്തുതിക്കുന്നു. ഇതേ പോലെ മഹാവരാഹശരീരത്തിലെ മറ്റു സകല അവയവങ്ങളും വിവിധ ഇഷ്ടികളായും വിവിധ യാഗങ്ങളായും വിവിധ യജ്ഞസാധനങ്ങളും സംഭാരങ്ങളുമായി സര്‍വാംഗങ്ങളിലും പരിവ്യാപ്ത ായുള്ള യജ്ഞപുരുഷനായി ദര്‍ശിച്ച് ബ്രഹ്മാദികളും മഹര്‍ഷിമാരും ആ ദിവ്യവരാഹരൂപിയെ സ്തുതിക്കുന്നു. അങ്ങനെ ധര്മ്മസംസ്ഥാപനത്തിനുവേണ്ടിയുള്ള ഭൂമിയുടെ സംസ്ഥാപനം പൂര്‍ത്തീകരിച്ച് ഭഗവാന് അന്തര്‍ധാനം ചെയ്തു.
അത്യന്തം വിസ്മയകരമായ ഈ ഉപാഖ്യാനത്തില്‍ ഭഗവാന്റെ ദിവ്യാപദാനങ്ങളുടെ സൂചകങ്ങളായ നാമസഹസ്ര സ്തോത്രത്തില്‍ സ്തുതിക്കപ്പെട്ടിട്ടുള്ളതുപോലെ ‘യജ്ഞോയജ്ഞപതിര്യജ്വാ യജ്ഞാംഗോ യജ്ഞവാഹനഃ യജ്ഞഭദ്യജ്ഞകൃദ്യജ്ഞീയജ്ഞ ഭുഗ്യജ്ഞസാധനഃ യജ്ഞാന്തകൃദ്യജ്ഞഗുഹ്യം’ എന്നിങ്ങനെ സര്‍വത്ര യജ്ഞമയനായാണ് ഭഗവാനെ സ്തുതിക്കുന്നത്. മറ്റു നാമ ങ്ങളൊന്നും സ്തുതിക്ക്, ഈ സ്തോത്രത്തിലെ തന്നെ സ്തുതിയില്‍ സ്വീകരിക്കപ്പെടുന്ന പ്രശസ്തങ്ങളും കീര്ത്തനീയങ്ങളുമായ നാമങ്ങളൊന്നും, പ്രത്യേകിച്ചും, ദ്വാദശനാമങ്ങളെന്ന് പ്രസിദ്ധങ്ങളായ കേശവന്, നാരായണന്, മാധവന്, ഗോവിന്ദന്, വിഷ്ണു, മധുസൂദനന്, ത്രിവിക്രമന്‍, ശ്രീധരന്, വാമനന്, ഹൃഷീകേശന്‍, പദ്മനാഭന്, ദാമോദരന്‍ ഇവയും പലേ അര്‍ത്ഥതലങ്ങളിലും അന്‍വര്‍ ത്ഥമായി സ്തുതിക്കാവുന്ന വാസുദേവനെന്ന ഭഗന്നാമവും ഉപയോഗിക്കുന്നുമില്ല.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘തെറ്റിദ്ധരിക്കപ്പെട്ട ചില അവതാരകഥകള്‍ എന്ന അധ്യായത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: