അമ്പലപ്പുഴ: വളഞ്ഞവഴിയില്‍ സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫിന്റെ തെരുവ് നാടകം അലങ്കോലപ്പെടുത്തി സംഘര്‍ഷാവസ്ഥയുണ്ടാക്കിയത് മന:പൂര്‍വമെന്ന് ആരിഫ് അനുകൂലികളുടെ ആരോപണം. ആരിഫിന് പരമാവധി വോട്ടു കുറക്കുക എന്ന ലക്ഷ്യത്തോടെ മറു വിഭാഗമാണ് ഇവിടെ സംഘര്‍ഷമുണ്ടാക്കിയതെന്നാണ് ആരോപണം.
അമ്പലപ്പുഴ വളഞ്ഞവഴി പടിഞ്ഞാറ് തിങ്കളാഴ്ച വൈകിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണാര്‍ത്ഥം നടന്ന തെരുവുനാടകമാണ് സിപിഎം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തി അലങ്കോലപ്പെടുത്തിയത്. ഞായറാഴ്ച വളഞ്ഞവഴി പടിഞ്ഞാറ് ഐഎന്‍ടിയുസി ഓഫീസിന് സമീപം നടന്ന തെരുവു നാടകത്തിന് നേരെ ചില സിപിഎം പ്രാദേശിക നേതാക്കള്‍ അക്രമം നടത്തുകയും മൈക്ക് സെറ്റുകളും മറ്റും കേടുപാടുകള്‍ വരുത്തി ചടങ്ങ് നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അമ്പലപ്പുഴ പോലീസിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെ വീണ്ടും നാടകം അവതരിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകളെ അപഹാസ്യപ്പെടുത്തുന്ന തരത്തിലുള്ള തെരുവ് നാടകം അലങ്കോലപ്പെടുത്താന്‍ പഞ്ചായത്ത് പ്രസിഡന്റെ് ഉള്‍പ്പെടെയുള്ള സംഘം ശ്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, പഞ്ചായത്തംഗം പ്രജിത് കാരിക്കല്‍, സിപിഎം എല്‍സി സെക്രട്ടറി ദിലീഷ് എന്നിവര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു.
ഇപ്പോള്‍ സുധാകര അനുകൂല നിലപാടാണ് ആരിഫ് സ്വീകരിച്ചിരിക്കുന്നത്. ഹരിപ്പാട് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ സുധാകരനെ ആരിഫ് പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ സുധാകരനെതിരെ പരാതി നല്കിയ എച്ച്.സലാമിന്റെ അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന് കാര്യമായി പ്രചരണത്തിനിറങ്ങിയിട്ടില്ല. അമ്പലപ്പുഴയില്‍ കേരളസര്‍വകലാശാല കലോത്സവം നടന്നപ്പോഴും സുധാകര പക്ഷത്തെ അടുപ്പിച്ചിരുന്നില്ല.
ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആരിഫ് വിരുദ്ധ തരംഗം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വളഞ്ഞ വഴിയിലും സംഘര്‍ഷമുണ്ടാക്കിയത്. ഇതിലൂടെ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കാനാണ് ആരിഫ് വിരുദ്ധ പക്ഷത്തിന്റെ നീക്കം. നരേന്ദ്ര മോദിയേയും കോണ്‍ഗ്രസ് നേതാക്കളെയും ആക്ഷേപിക്കുന്ന സിപിഎമ്മിന് മുഖ്യമന്ത്രിയെയും മകളെയും തെരുവ് നാടകത്തിലൂടെ പരാമര്‍ശിച്ചതാണ് പ്രകോപനമുണ്ടാകാന്‍ കാരണമായത്. ഇത് ബോധപൂര്‍വം കലാപം നടത്തി വോട്ടു കുറക്കാനുള്ള ഒരു വിഭാഗത്തിന്റെ തന്ത്രമാണെന്നാണ് ആരിഫ് പക്ഷത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: