പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകള്‍ അസീഫ ഭൂട്ടോ സര്‍ദാരി പാകിസ്ഥാന് ദേശീയ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിതാവ് ആസിഫ് അലി സര്‍ദാരി പ്രസിഡണ്ട് ആയതിനെ തുടര്‍ന്ന് ഒഴിവുവന്ന സിന്ധുപ്രവിശ്യയിലെ ബേനസിറാബാദില് നിന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അസീഫ പാക്കിസ്ഥാന്റെ പ്രഥമ വനിതയാകുമെന്നാണ് കരുതപ്പെടുന്നത്.
സഹോദരനും പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിക്കൊപ്പമാണ് അവര്‍ പാകിസ്ഥാന് പാര്‍ലമെന്റിലെത്തിയത്.
പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ഈ സന്ദര്‍ഭം ‘ചരിത്ര നിമിഷ’മെന്ന് വിശേഷിപ്പിച്ചു.
31-കാരിയായ അസീഫ ഭൂട്ടോ സര്‍ദാരി ലണ്ടനിലാണ് ജനിച്ചത്. ഓക്സ്ഫോര്‍ഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്സിലും സോഷ്യോളജിയിലും ബിരുദവും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ദേശീയ പോളിയോ നിര്‍മ്മാര്‍ജ്ജന കാമ്പയിന്റെ പാകിസ്ഥാന് അംബാസഡര്‍ കൂടിയായിരുന്നു. അറസ്റ്റിലായതിനെത്തുടര്‍ന്ന് പാകിസ്ഥാന് ഇന്‍സാഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗുലാം മുസ്തഫ റിന്ഡിന്റെ പത്രിക തള്ളി പോയതിനെ തുടര്‍ന്നാണ് അസീഫ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് . ഇതിനെതിരെ റിന്‍ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സാധാരണപ്രസിഡണ്ടിന്റെ ഭാര്യയാണ് പ്രഥമ വനിതയാവുക. എന്നാല്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം ആസിഫ് അലി സര്‍ദാരി വിവാഹം കഴിച്ചിട്ടില്ല. ഇതിനാല്‍ മകള്‍ പ്രഥമ വനിതയാകുമെന്നാണ് ആസിഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
വിഭാര്യരായ പ്രസിഡന്റുമാര്‍ തങ്ങളുടെ പെണ്മക്കളോടും സഹോദരിമാരോടും മരുമക്കളോടും പോലും പ്രഥമ വനിതയാകാന്‍ ആവശ്യപ്പെട്ട സംഭവങ്ങള്‍ വിദേശ രാജ്യങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: