വാഷിംഗ്ടൺ: യുഎസിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ ഗണ്യമായി വർധിക്കുന്നതായി ഇന്ത്യൻ വംശജനായ അമേരിക്കൻ കോൺഗ്രസ് അംഗം തനേദാർ. തിങ്കളാഴ്ച നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് അംഗം താനേദാറിന്റെ പരാമർശം.
ഈ പ്രവണത ഒരു ഏകോപിതമായ ഹിന്ദു വിരുദ്ധ ആക്രമണത്തിന്റെ തുടക്കം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിനെതിരെ ഒന്നിക്കാൻ സമുദായ അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
“ഇന്ന് ഞാൻ അമേരിക്കയിൽ ഹിന്ദുമതത്തിനെതിരായ ആക്രമണങ്ങളിൽ ഗണ്യമായ വർദ്ധനവ് കാണുന്നു. ഓൺലൈനിലായാലും മറ്റെന്തെങ്കിലുമോ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്,”- താനേദാർ പറഞ്ഞു.
താനേദാറും മറ്റ് നാല് ഇന്ത്യൻ അമേരിക്കൻ നിയമനിർമ്മാതാക്കളായ റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, അമി ബേര, പ്രമീള ജയപാൽ എന്നിവർ അടുത്തിടെ ഹിന്ദു ക്ഷേത്രങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നീതിന്യായ വകുപ്പിന് കത്തയച്ചിരുന്നു.
സമീപ മാസങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഈ സമൂഹത്തിനെതിരെ വളരെ യോജിച്ചുള്ള ശ്രമത്തിന്റെ തുടക്കം മാത്രമാണിതെന്നും സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും എനിക്ക് തോന്നുന്നു. സമയം വന്നിരിക്കുന്നു, ഞാൻ നിങ്ങളോടൊപ്പം നിൽക്കും,” – താനേദാർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: