അഗര്‍ത്തല: വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും നുഴഞ്ഞുകയറ്റവും ഭീകരവാദവും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിപുരയിലെ അഗര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയെ വികസിത സംസ്ഥാനമാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. 90 ശതമാനത്തോളം നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ സാധിച്ചു. അത് നൂറുശതമാനമാക്കും. നിങ്ങളുടെ ഓരോ വോട്ടും നരേന്ദ്ര മോദിയെ മൂന്നാം വട്ടവും പ്രധാനമന്ത്രിയാക്കാനുള്ളതാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വമായ വികസനമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഒരു ദേശീയപാത പൂര്‍ണമാക്കുകയും ഒന്‍പതെണ്ണം പുതിയതായും ത്രിപുരയില്‍ നിര്‍മിക്കുകയാണ്. റെയില്‍വെ കണക്ടിവിറ്റി ശക്തമാക്കി. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് പുതിയ വിമാനത്താവളം നിര്‍മിച്ചു. ആദ്യമായി ഗോത്രവര്‍ഗ വനിതയെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കിയത് മോദിയാണ്.
ഒരു ട്രൈബല്‍ മ്യൂസിയം നിര്‍മിക്കുകയാണ്. ട്രൈബല്‍ മന്ത്രാലയത്തിന് 24000 കോടിയായിരുന്നു പഴയകാലത്ത്. മോദിയത് 1.25 ലക്ഷം കോടിയായി ഉയര്‍ത്തി. മോദി അധികാരത്തില്‍ വരുന്നതിന് മുന്‍പ് 90 ഏകലവ്യ മോഡല്‍ സ്കൂളുകളെ ഉണ്ടായിരുന്നുള്ളു. പത്ത് വര്‍ഷത്തിനുള്ളില്‍ 740 ആയി ഉയര്‍ന്നു. ആയുധം താഴെ വച്ച പതിനായിരം വിപ്ലവകാരികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് ലാപ്ടോപുകള് നല്‍കുകയും ചെയ്തു. സംസ്ഥാനത്തെ 40000 ബ്രൂ അഭയാര്‍ത്ഥികള്‍ക്ക് സ്ഥിരമായ താമസ സൗകര്യമൊരുക്കിയാതായും അമിത് ഷാ പറഞ്ഞു. ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് ഷായും റാലിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: