മഥുരയിലെ ഗോതമ്പ് പാടത്ത് കര്‍ഷകസ്ത്രീകള്‍ക്കൊപ്പം വൈശാഖിയുടെ വരവ് ആഘോഷിച്ച് ഹേമമാലിനി. വെള്ളിത്തിരയില്‍ കണ്ട് പണ്ടേ ഹൃദയത്തിലേറിയ ബസന്തിയെ മുന്നില്‍ കണ്ട് സ്നേഹം ചൊരിഞ്ഞ് കര്‍ഷകര്‍.
അപ്രതീക്ഷിതമായാണ് നടിയും സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനി ഇന്നലെ ഗോതമ്പ് വയലില്‍ പണിയെടുക്കുന്നവര്ക്കിടയിലേക്ക് കടന്നുചെന്നത്. ആവേശത്തോടെ അവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വൈശാഖിക്കൈനീട്ടം വാങ്ങി. ഹേമമാലിനിക്കൊപ്പം ചിത്രങ്ങളെടുത്തു. കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം ഹേമമാലിനി ഗോതമ്പ് കറ്റകള്‍ കൊയ്തു. നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ ലോകമാകെ തരംഗമായി…
ഗോതമ്പ് വയല്‍ എനിക്ക് പുത്തന്‍ അനുഭവമല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ പതിവായി കണ്ടുമുട്ടുന്നവരാണ് ഇവര്‍. അവരെ കാണാന്‍, അല്പനേരം കുശലം പങ്കിടാന്‍ ഇന്ന് പണിയിടത്തേക്കിറങ്ങി എന്ന് മാത്രം, ഹേമമാലിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മഥുര ലോക്സഭാ സീറ്റില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ഹേമമാലിനി മത്സരിക്കുന്നത്. 1991 മുതല്‍ 1999 വരെ നാലു തവണ ബിജെപിയുടെ മണ്ഡലമായിരുന്ന മഥുര. 2004ല്‍ കോണ്‍ഗ്രസിനെയാണ് തുണച്ചത്. 2009ല്‍ ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി മഥുരയില്‍ നിന്നുള്ള എംപിയായി.
2014ലാണ് ഹേമമാലിനിയെ ബിജെപി അവതരിപ്പിച്ചത്. ബോളിവുഡിനെ എക്കാലവും ത്രസിപ്പിച്ച താരജോഡികള്‍, ഹേമമാലിനിയും ഭര്‍ത്താവ് ധര്‍മ്മേന്ദ്രയും നേരിട്ട് വോട്ട് തേടിയെത്തിയപ്പോള്‍ മഥുരയില്‍ വന്‍ ജനാവലിയാണ് അവരെ വരവേല്ക്കാനിറങ്ങിയത്. 2019ലും ഹേമമാലിനി തന്നെ അവിടെ വിജയിച്ചു. ഇക്കുറി മൂന്നാമൂഴമാണ്. ഏക് ബാര്‍ ഫിര്‍ മോദി സര്‍ക്കാര്‍, ഏക് ബാര്‍ ഫിര്‍ ഹേമമാലിനി… മഥുരയിലെ ജനങ്ങള്‍ താളത്തില്‍ പാടുന്ന തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ക്കുമുണ്ട് ആ ബോളിവുഡ് ടച്ച്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 26ന് മഥുരയിലെ വിധിയെഴുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: