തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ വോട്ട് ചോദിച്ചെത്തിയ നടന് സുരേഷ് ഗോപി തൃശൂര്‍ മേയര്‍ വര്‍ഗ്ഗീസിനെയും മേയറുടെ ചേംബറില്‍ ചെന്ന് കണ്ടു. കോര്പ്പറേഷന് മത്സ്യച്ചന്തയില്‍ വികസനത്തിന് സുരേഷ് ഗോപി നല്കിയ ഒരു കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള പണികളെക്കുറിച്ച് ഇരുവരും സംസാരിച്ചു.
പിന്നീടാണ് സുരേഷ് ഗോപി വോട്ടഭ്യര്ത്ഥനയിലേക്ക് കടന്നത്. വോട്ട് ചോദിക്കാതെ തന്നെ മേയര്‍ തരുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്നാണ് പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നും മേയര്‍ എം കെ വര്‍ഗീസ് പ്രകീര്‍ത്തിച്ചത്.
ഇതോടെ ബിജെപി-സിപിഎം ഡീലെന്ന മനസ്സിലിരുപ്പാണ് മേയറിലൂടെ പുറത്തുവന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി മേയര്‍ വര്‍ഗ്ഗീസ് രംഗത്ത് വന്നിരുന്നു. താന്‍ ഇടത്മുന്നണിയ്ക്കൊപ്പം തന്നെയാണെന്ന് മേയര്‍ പ്രസ്താവിച്ചെങ്കിലും സുരേഷ് ഗോപിയോടുള്ള അകമഴിഞ്ഞ സ്നേഹത്തോടെയുള്ള മേയറുടെ പെരുമാറ്റം യുഡിഎഫിലും എല്‍ഡിഎഫിലും ഒരു പോലെ സംശയം ജനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ശക്തന് മാര്‍ക്കറ്റില്‍ പോയ സുരേഷ് ഗോപി മത്സ്യക്കച്ചവടക്കാരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞത്. തുടര്‍ന്ന് താന്‍ ശക്തന് മാര്‍ക്കറ്റ് വികസനത്തിന് സഹായം നല്‍കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപി തോറ്റു. എല്ലാവരും അതേക്കുറിച്ച മറന്നിരിക്കുമ്പോഴാണ് ഒരു ദിവസം മേയറോട് വികസനത്തിന് എത്ര പണം ചെലവാകുമെന്ന് ചോദിച്ചത്. ഏകദേശം ഒരു കോടിയുടെ എസ്റ്റിമേറ്റ് ഇട്ടിരുന്നു. സുരേഷ് ഗോപി ആ തുക നല്‍കുകയും ചെയ്തതോെടെ മേയര്‍ക്ക് തന്നെ വിശ്വസിക്കാനായില്ല. തന്നെ ജയിപ്പിക്കാത്ത മണ്ഡലത്തിലെ ഒരു ചന്ത വികസിപ്പിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥി പണം നല്കുന്ന ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കും ഇതെന്നും മേയര്‍ അന്ന് പറഞ്ഞിരുന്നു. ആ തുക ചെലവഴിച്ച് ഇപ്പോള്‍ അവിടെ വികസനപ്രവര്‍ത്തനം നടക്കുകയാണ്. ശുദ്ധമായ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനവും നഗരസഭയുടെ ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കുള്ള മുറികളും ശുചിത്വമുള്ള ബാത്ത് റൂമുകളും ഈ തുക ചെലവഴിച്ച് പണിത് കഴിഞ്ഞു. അതുകൊണ്ടാണ് താന്‍ പുരോഗതിയുടെ കൂടെയാണെന്ന് മേയര്‍ തുറന്നടിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: