നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. 16 ദശലക്ഷം പേരാണ് ഇന്ത്യയില്‍ നേരിട്ട് മത്സ്യബന്ധനം നടത്തുന്നത്. ഇതുകൂടാതെ ഇതിന്റെ ഇരട്ടിയോളം പേര് മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 1.24 ശതമാനം സംഭാവന ചെയ്യുന്നത് മത്സ്യബന്ധനമേഖലയാണ്. അതേ സമയം കൃഷിയുടെ ജിഡിപിയുടെ 7.25 ശതമാനവും മത്സ്യമേഖലയില്‍ നിന്നാണ്. 22 മില്യന്‍ മെട്രിക്ടണ്‍ മത്സ്യഉല്പാദനമാണ് രാജ്യത്തു നടക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും മത്സ്യമേഖലയുടെ വളര്‍ച്ചയ്ക്കുമായി നിരവധി പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം 2019-20 ല്‍ നടപ്പിലാക്കിത്തുടങ്ങിയ പ്രധാനമന്ത്രി മത്സ്യ സംപതാ യോജനയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. നമ്മുടെ മത്സ്യക്കയറ്റുമതി 2024-25 ഓടെ ഒരു ലക്ഷം കോടി ആക്കുകയാണ് പദ്ധതിയുടെ ഒരു ലക്ഷ്യം. രാജ്യത്ത് നീല വിപ്ലവം നടപ്പാക്കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തികനില ഉയര്‍ത്താനുള്ള പദ്ധതികളാണ് ഇതുപ്രകാരം ആവിഷ്കരിച്ചിരിക്കുന്നത്.
പദ്ധതി വഴി 5.97 ലക്ഷം കുടുംബങ്ങള്‍ക്ക് ജീവിതോപാധികള്‍ നല്‍കാനും പോഷകാഹാരം നല്‍കാനും കഴിഞ്ഞു. 20,050 കോടി രൂപയുടെ പദ്ധതിയില്‍ 9407 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാനങ്ങളുടെയെല്ലാം കൂടി വിഹിതം 4880 കോടിയും ഗുണഭോക്താക്കളുടെ വിഹിതം 5763 കോടിരൂപയുമാണ്. 2020-21 മുതല്‍ 2024-25വരെയുള്ള കാലഘട്ടത്തിലാണ് പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളി മേഖലയില്‍ പുതുതായി തൊഴിലവസരങ്ങളുണ്ടാക്കുകയും മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ഒരുലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യവും ഭൗതികവും സാമ്പത്തികവുമായ സുരക്ഷിതത്വത്തിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതൊടൊപ്പം മത്സ്യബന്ധനമേഖലയിലെ ആധുനികവത്കരണവും വൈവിദ്ധ്യവത്കരണവും പദ്ധതിലക്ഷ്യമിടുന്നു. പോഷക ഗുണം വര്‍ദ്ധിപ്പിക്കുന്നതാണ് മത്സ്യ ഉപഭോഗം എന്നതിനാല്‍ പോഷകസമൃദ്ധി ഉണ്ടാക്കുന്നതിനും ഈ മേഖലയെ കൊണ്ട് കഴിയുന്നു.
മത്സ്യ ഉല്പാദനവും ഉല്പാദനക്ഷമതയും തമ്മിലുള്ള അകല്‍ച്ച കുറച്ചുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഉള്‍നാടന്‍ മത്സ്യകൃഷിയിലെ ഉല്പാദന ക്ഷമതവര്ദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ സെക്ടര്‍ സ്കീമിലേയ്ക്ക് 1720 കോടിയും 18330 കോടി രൂപ കേന്ദ്രാവിഷ്കൃത പദ്ധതിയായും തുടക്കത്തില്‍ വകയിരുത്തി.
2018-19ലെ 137 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2024-25ല്‍ 220ലക്ഷം മെട്രിക് ടണ്ണായി മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുക, 9 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുക, കൃഷിയുടെ ജിഡിപിയുടെ 7.28 ശതമാനം എന്ന നിലയില്‍ നിന്ന് മത്സ്യമേഖലയുടെ പങ്കാളിത്തം 2024-25ല്‍ 9 ശതമാനമായി ഉയര്‍ത്തുക, 55 ലക്ഷം തൊഴില്‍ അവസരങ്ങളുണ്ടാക്കുക എന്നിവയൊക്കെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. മത്സ്യമേഖലക്കായി അനുവദിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്.
മത്സ്യസംപതാ യോജനയുടെ നേട്ടങ്ങളില്‍ ചിലത്
597709 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മത്സ്യബന്ധന നിരോധന കാലയളവില്‍ ഉപജീവന സഹായം. 11425 പുതിയ കടല്‍പായല്‍ കൃഷി നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്കി. 44908 പുതിയ കൂട്ടുകൃഷിസംരഭങ്ങള് ഉള്‍നാടന്‍ ജലാശയങ്ങളില്‍ ആരംഭിച്ചു. 26447 മത്സ്യ കച്ചവടക്കാര്‍ക്ക് ശീതികരണ വാഹന സൗകര്യം ലഭ്യമാക്കി. 21849 ഹാച്ചറികളിലും കുളങ്ങളിലും ജലാശയങ്ങളിലും മത്സ്യകൃഷി ആരംഭിച്ചു. 11978 പുനര്‍ ചംക്രമണമത്സ്യകൃഷി സംവിധാനം ആരംഭിച്ചു. 6733 പുതിയ മത്സ്യവിപണന കേന്ദ്രങ്ങള്‍ തുടങ്ങി. 6498 പഴയ മത്സ്യബന്ധന യാനങ്ങളെ മാറ്റി പുതിയതാക്കുന്നതിന്ന് ധനസഹായം നല്കി. 3997 ബയോ ഫ്ളോക്ക് മത്സ്യകൃഷി സംവിധാനം ഉണ്ടാക്കി.
2316 അലങ്കാര മത്സ്യകൃഷി യൂണിറ്റുകള്‍ തുടങ്ങി. 2255 യന്ത്രവല്‍കൃത യാനങ്ങളില്‍ ബയോ ടോയ്ലറ്റ് നിര്‍മ്മിച്ചു. 1172 മത്സ്യബന്ധന യാനങ്ങള്‍ നവീകരിച്ചു. 942 മത്സ്യ തീറ്റ നിര്‍മ്മാണശാലകള്‍ ആരംഭിച്ചു. 812 മത്സ്യ/ചെമ്മീന്‍ വിത്ത് ഉല്പാദന കേന്ദ്രം ആരംഭിച്ചു. 581 ഐസ് പ്ലാന്റുകള്‍ നിര്‍മ്മിച്ചു. 463 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍. 79മത്സ്യ സേവാ കേന്ദ്രങ്ങള്‍. പ്രധാനമന്ത്രി മത്സ്യ സംപതാ യോജനയുടെ പദ്ധതികള്‍ക്ക് 8000 രൂപ മുതല്‍ 360 ലക്ഷം രൂപ വരെ സബ് സിഡി ലഭ്യമാകുന്നതാണ് ഇതിന്റെ സവിശേഷത. രാജ്യത്തെ 100 മത്സ്യഗ്രാമങ്ങളുടെ വികസനം ഈ പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ്. രാജ്യത്തെ 100 ഗ്രാമങ്ങളില്‍ 10 എണ്ണം അനുവദിച്ചത് കേരളത്തിനാണ്. 2024-25 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി മത്സ്യ സംപതാ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ 164.47 കോടി അനുവദിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ മത്സ്യമേഖലയില്‍ ഇങ്ങനെ കാര്യക്ഷമമായി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് അവഗണനയാണ് കാണിക്കുന്നത്. മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പദ്ധതികളില്‍ സംസ്ഥാനത്ത് ആവശ്യമായ ഫണ്ട് വകയിരുത്തുന്നില്ല. കേന്ദ്ര പദ്ധതിക്കായി അനുവദിക്കുന്ന ഫണ്ടില്‍ ആനുപാതികമായി സംസ്ഥാന വിഹിതം നല്‍കിയാലേ അത് നടപ്പിലാക്കാന്‍ പറ്റൂ. എന്നാല്‍ സംസ്ഥാനം വിഹിതം അനുവദിക്കാത്തതിനാല്‍ പദ്ധതി തന്നെ നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. ഇതുവഴി ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ കൂടുതല്‍ ലഭ്യമാകുന്ന സാഹചര്യം ഇല്ലാതെയാകുകയാണ് ചെയ്തത്. പ്രധാനമന്ത്രി മത്സ്യ സംപതാ യോജനയില്‍ കൂടുതല്‍ പദ്ധതികളുള്ള ഉള്‍നാടന്‍ മേഖലയില്‍ സംസ്ഥാന വിഹിതം നല്കാത്തതിനാല് പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നില്ല.
കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ സംസ്ഥാന വിഹിതം നല്‍കാതിരിക്കുന്നതുമൂലം പദ്ധതിയുടെ ഗുണം കേരളീയര്‍ക്ക് നഷ്ടപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നാടന്‍ മത്സ്യ തൊഴിലാളികള്‍ പരമ്പരാഗതമായി കൈവശംവച്ച് അനുഭവിച്ച് വരുന്ന ഊന്നി വല, ചീനവല എന്നിവയിന്മേലുള്ള അവകാശം 2021 ലെ കേരള ഉള്‍നാടന്‍ ഫിഷറിസും അക്വാകള്‍ച്ചറും ഭേദഗതിആക്ടിലൂടെ ഇല്ലായ്മ ചെയ്യുകയും ചെയ്തു. രാജഭരണകാലം മുതല്‍ ബഹുഭൂരിപക്ഷം വരുന്ന ഉള്‍നാടന്‍ മത്സ്യമേഖലയിലെ ധീവര സമുദായത്തിനുണ്ടായിരുന്ന പരമ്പരാഗതമായ അവകാശമാണ് ഇടതു സര്ക്കാര്ഇല്ലായ്മ ചെയ്തത്.
2019 ഫെബ്രുവരി 1ന് സി.ആര്. സെഡ് ആക്ട് പരിഷ്ക്കരിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തീരത്തെ പരമ്പരാഗ താമസക്കാര്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഏറെ ഗുണകരമായ ഭേദഗതിയോടെയുള്ള ഈ വിജ്ഞാപനം ഇന്ത്യയില്‍ എല്ലായിടത്തും പ്രാവര്‍ത്തികമായി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തിലിത് നടപ്പില്‍ വരുത്താന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സി.ആര്.സെഡ് കമ്മിറ്റിക്കായിട്ടില്ല നിലവില്‍ 2011 ലെ ആക്ടിന്റെ ദുരിതം അനുഭവിക്കുന്നത് തീരവാസികളാണ്. ഇടതുസര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണിത്. അതുപോലെ തീരത്ത് 50 മീറ്ററിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് പുനര്‍ഗേഹം പദ്ധതിയും ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി കോടികള്‍ വകയിരുത്തിയെങ്കിലും പദ്ധതി എവിടെയുമെത്തിയില്ല. സര്‍ക്കാരിന്റെ പിടിപ്പുകേട് മാത്രമാണിതിനു കാരണം.
നമ്മുടെ കച്ചിത്തീവ് ദ്വീപ് വിട്ടുകൊടുത്ത കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി മൂലം ശ്രീലങ്കന്‍ തീരത്ത് മത്സ്യബന്ധനത്തിനുപോകുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ അധികൃതര്‍ പിടിച്ച് ജയിലിലിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇവരെ മോചിപ്പിക്കുന്നത്. മുന്‍കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റായ നിലപാടുമൂലം ബുദ്ധിമുട്ടുന്നത് ഇന്ത്യയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളും. ഇതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ ഉണര്‍ന്ന്, ചിന്തിച്ച്, പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പൊതുതെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്ക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് നാട്ടിന്റെ പൊതുവായും മത്സ്യത്തൊഴിലാളികളുടെ പ്രത്യേകിച്ചും ഉള്ള ആവശ്യമാണ്. ഇതിനായി അഹോരാത്രം പണിപ്പെടാനും മത്സ്യത്തൊഴിലാളികളോട് ചിറ്റമ്മ നയം അനുവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് താക്കീത് നല്‍കാനും ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ നമ്മള് തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: