ജോര്‍ഹട്ട്: അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ സമീപകാല നീക്കം വിലപ്പോവില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാകാനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
നാളെ ഇന്ത്യ ചൈനയിലെ ചില പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും പേര് മാറ്റിയാലോ? പേരുമാറ്റം കൊണ്ട് ആ സ്ഥലങ്ങള്‍ നമ്മുടേതാകുമോ?- രാജ്നാഥ് സിംഗ് ചോദിച്ചു.
അരുണാചല്‍ പ്രദേശിലെ നാംസായില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
എല്ലാ അയല്‍ക്കാരുമായും സൗഹൃദബന്ധം നിലനിര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ അഭിമാനത്തെയും ആത്മാഭിമാനത്തെയും ബഹുമാനത്തെയും വ്രണപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിന് തക്കതായ മറുപടി നല്‍കാനുള്ള ശേഷി നമുക്കുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്തിയെന്നും അരുണാചല്‍ പ്രദേശ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്നും തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ആ പ്രദേശങ്ങളിലെ ഗ്രാമങ്ങളുടെ വികസനം ഉള്‍പ്പെടെയുള്ളവ മെച്ചപ്പെടുത്തിയെന്നും സിംഗ് പറഞ്ഞു.കേന്ദ്രത്തിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ പ്രദേശത്തെ അവഗണിച്ചുവെന്ന് ആരോപിച്ചു.
മോദിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമില്ല. ഞങ്ങളുടെ പ്രകടനപത്രികകള്‍ പരിശോധിച്ചാല്‍, ഞങ്ങള്‍ വാഗ്ദാനങ്ങള്‍ നിറവേറ്റിയതായി നിങ്ങള്‍ കാണും. കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടെയും മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വാഗ്ദാനങ്ങള്‍ മറക്കുന്ന രീതിയില്ല- രാജ്നാഥ് സിംഗ്പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ധീരരാണ്. ചൈനീസ് ആക്രമണസമയത്ത് അവരുടെ ധീരത രാജ്യം കണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: