മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിന്റെ ഹൃദയമാണ് ശ്രീമദ് ഭഗവദ്ഗീത. ഭഗവദ്ഗീത സര്വോപനിഷത്സാരവും അനു ത്തമോപനിഷത്തുമാകുന്നു. കൂടെത്തന്നെ സമസ്ത വേദാര്‍ത്ഥ സാര സംഭൃതവുമാണെന്ന് ഭാഷ്യകാരനായ ഭഗവാന് ശ്രീ ശങ്കരാചാര്യര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
കര്മ്മശാസ്ത്രമെന്നോ ധര്മ്മശാസ്ത്രമെന്നോ ആചാരശാസ്ത്രമെന്നോ എല്ലാം പറയാവുന്ന ഈ ഗ്രന്ഥത്തില്‍ കഥാഖ്യാനവും തത്ത്വോപദേശവും സമഞ്ജസമായി സമ്മേ ളിച്ചിരിക്കുന്നു. അഷ്ടാദശാദ്ധ്യായിനിയായ ഇതില്‍ ഗംഭീരങ്ങളായ ദാര്‍ശനിക സത്യങ്ങള്‍ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ആത്മാ വിന്റെ മരണമില്ലായ്മയാണ് ഗീതയിലെ മുഖ്യ വിഷയം. വ്യക്തി ആത്മാവാണ്, ശരീരമല്ല. ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് മരണം.
ആത്മാവിന് മരണമില്ല. ശരിയായ ജ്ഞാനം എന്താണെന്നും അതു നേടുന്നതിനുള്ള ഉപായങ്ങളെന്തെന്നും പരി വര്‍ത്തന പ്രവണമായ ജീവിതത്തില്‍ അപരിവര്ത്തിതമായ സത്യം എന്തെന്നും ഭഗവദ്ഗീത വിശദമാക്കുന്നു. പരമസത്യത്തെ അനുസന്ധാനം ചെയ്യാനുള്ള മാര്‍ഗങ്ങളെന്ന നിലയില്‍ ജ്ഞാനം, കര്‍മ്മം, ഭക്തി എന്നിവയെ അവതരിപ്പിക്കുന്നു. ധ്യാനം, സംന്യാസം, കര്‍മ്മ സംന്യാസം എന്നിവയുടെ യഥാര്‍ത്ഥമായ രൂപമെന്തെന്നു ഗീത മനസ്സിലാക്കിത്തരുന്നു. ഉത്തമനായ വ്യക്തിയുടെ വിശിഷ്ടഗുണ ങ്ങളും ആസുരവൃത്തികളായ തമോഗുണികളുടെ നീചഗുണങ്ങളും വേര്‍തിരിച്ചു കാണിക്കുന്നു.
മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കള്‍ കാമക്രോധാദികളാണെന്നും സംശയവും ദൗര്‍ബല്യവും മനുഷ്യന് വിനാശഹേതുകമാണെന്നും ഗീത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും അമൃതസ്വരൂപികളാണെന്നും താന്‍ തന്നെയാണ് തന്നെ ഉദ്ധരിക്കേണ്ടത്, എന്നും സ്വയം പാപിയെന്നോ കഴിവുകെട്ടവനെന്നോ കരുതി വിഷാദഭാവം പൂണ്ട് ഇരുന്നുപോവരുത്, എന്നും ഗീത നമ്മെ താക്കീതു ചെയ്യുന്നു. മറ്റുള്ളവരെയും തനിക്ക് തുല്യരായി കാണണമെന്നും ഏതെങ്കിലും പോരായ്മകള്‍ ഉണ്ടെന്ന് വന്നാല്‍ കൂടി സ്വധര്‍മ്മം എല്ലായ്പ്പോഴും അനുഷ്ഠിക്കണമെന്നും ഗീത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സത്ത്വരജസ്തമോഗുണങ്ങളുടെയും ഗുണികളുടെയും പ്രത്യേകതകളും അവരുടെ ആഹാരക്രമങ്ങളും വരെ ഗീത നമ്മെ പഠിപ്പിക്കുന്നു. ഈ വിധത്തില്‍ എന്തെല്ലാം വിലപ്പെട്ട കാര്യങ്ങളാണ് ഗീതാചാര്യന് നമ്മെ ആദ്യവസാനം ഉദ്ബോധിപ്പിക്കുന്നത്. ഇവയ്ക്കെല്ലാം പുറമേ കാലസ്വരൂപനായ ഈശ്വരന്റെ വിശ്വരൂപദര്‍ശനം അര്ജുനന് കാട്ടിക്കൊടുക്കുന്നതുപോലെ നമുക്കും ദിവ്യദൃഷ്ടി നല്കി അനുഭൂതിപരമായ വര്ണനയില്ക്കൂടി ആ പ്രത്യക്ഷദര്‍ശനം സാധിതമാക്കിയിരിക്കുന്നു. നാമാരും ദുഃഖിക്കേണ്ട വരല്ലെന്ന് (മാശുചഃ) കാര്യകാരണസഹിതമായും യുക്തിഭദ്രമായും നമ്മെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രബോധിപ്പിക്കുന്ന ഇത്തരമൊരു ഗ്രന്ഥം വേറെ ഇല്ല തന്നെ. മറ്റുള്ള ഉപനിഷത്തുകള്‍ പ്രായേണ സംന്യാസിമാരേയും അദ്ധ്യാത്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ ആഗ്ര ഹിക്കുന്നവരേയും ഉദ്ദേശിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. എന്നാല്‍ ഗീത മുഖ്യമായും ലൗകികന്മാരായ സാധാരണക്കാര്‍ക്കു വേണ്ടി രചിക്കപ്പെട്ടിട്ടുള്ള ഉപനിഷത്താണ്. അതുകൊണ്ട് ഇതിനെ അനുത്തമോനിഷത്തെന്ന് നേരത്തേ വിശേഷിപ്പിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെയാണ് വിസ്തൃതമായ വൈദികസാഹിത്യവും പ്രാഗ്വൈദികമായ ആഗമസാഹിത്യവും വായിക്കാന്‍ കഴിവി ല്ലെങ്കിലും കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ടതില്ല. ഒരേ സമയം കാവ്യവും ശാസ്ത്രവും ഉപദേശസംഹിതയും കൂടിയായ ശ്രീമദ് ഭഗവദ്ഗീത എന്ന ഒരേയൊരു ഗ്രന്ഥം അനുസന്ധാനം ചെയ്താല്‍ മാത്രം മതിയാകും, എന്ന് ഗുരുതുല്യരായ മഹാത്മാക്കള്‍ വീണ്ടും വീണ്ടും നമ്മെ ഉദ്ബോധിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ ഉദ്ബോധിപ്പിച്ചിട്ടുള്ളത് ഭഗവദ്ഗീത അത്രയ്ക്ക് ആധികാരികവും സമന്വിതവും സമഗ്രവുമായതുകൊണ്ടാണ്. ഓരോ അദ്ധ്യായത്തിന്റേയും അവസാനം ഗീതയുടെ ഈ അനന്യവൈശിഷ്യങ്ങള് സൂചിപ്പിച്ചിട്ടുമുണ്ട്. ‘ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു ബ്രഹ്മവിദ്യായാം യോഗ ശാസ്ത്ര ശ്രീകൃഷ്ണണാര്ജ്ജുനസംവാദേ…..’ എന്നിങ്ങനെ.
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: