രണ്ട് ദേശീയ സര്‍വേകളുടെ കഥയാണിത്. ക്ഷമിക്കണം, കഥയെന്ന് പറയുന്നത് ശരിയല്ല. നാമൊക്കെ അറിഞ്ഞിരിക്കേണ്ട സത്യം എന്നു പറയുന്നതാവും ശരി. ആദ്യത്തേത് ആന്റി ബയോട്ടിക്കുകളുടെ കാര്യം. രാജ്യത്തെ 94 ശതമാനം രോഗികളും കൃത്യമായ പരിശോധനകള്‍ ഒന്നും നടത്താതെ തന്നെയാണ് ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നത് എന്ന സത്യമാണ് ആദ്യ സര്‍വേ നമ്മെ അറിയിക്കുന്നത്. തീര്‍ച്ചയായും അത് ആശങ്കയ്ക്ക് വക നല്കുന്നു. രണ്ടാമത്തെ സര്‍വേ ഫലം ആശ്വാസത്തിന് വക നല്‍കുന്നതാണ്. രാജ്യത്തെ എല്ലാ ആണവനിലയങ്ങളില്നിന്നും പുറത്തുവരുന്ന റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ അപകട രേഖയ്ക്കും ഏറെ താഴെയാണ്. ഭയക്കേണ്ട.
ആന്റിബയോട്ടിക് മരുന്നുകളെ വെല്ലുവിളിക്കുന്ന ബാക്ടീരിയ രോഗാണുക്കള്‍ മനുഷ്യകുലത്തിനു നേരെ പല്ലിളിച്ച് കൊഞ്ഞനം കുത്തുന്ന ഒരു കാലമാണിത്. ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗവും അനാവശ്യമായ ഉപയോഗവും അനവസരത്തിലുള്ള ഉപയോഗവുമാണ് ഇത്തരം അധമ ബാക്ടീരിയകളുടെ ജന്മത്തിന് കാരണം. ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന (ആന്റി ബാക്ടീരിയല്‍) ബാക്ടീരിയകള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് എന്ന സ്ഥാപനം നടത്തിയ സര്‍വ്വേയുടെ ഫലത്തെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്.
പതിനഞ്ച് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി പതിനായിരം പേരുടെ വിവരങ്ങളാണ് സര്‍വ്വേയില്‍ പരിഗണിച്ചത്. അതില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ക്ക് ഡോക്ടര്‍ ആന്റി ബയോട്ടിക് നല്‍കിയത്. രോഗം ചികിത്സിക്കാനല്ല, രോഗം വരുന്നത് തടയാനായിരുന്നത്രേ. സര്‍വേയില്‍ ഉള്‍പ്പെടുത്തിയ 94 ശതമാനം പേര്‍ക്ക് ആന്റി ബയോട്ടിക് കൊടുത്തതാവട്ടെ, കൃത്യമായി രോഗനിര്‍ണയം നടത്തുന്നതിനു മുന്‍പും. കേവലം ആറ് ശതമാനം പേര്‍ക്കു മാത്രമാണ് കൃത്യമായ രോഗാണുക്കളെ കണ്ടെത്തിയ ശേഷം മാത്രം മരുന്ന് കൊടുത്തത്.
അമിതവും അശ്രദ്ധവും അനാവശ്യവുമായ ആന്റി ബയോട്ടിക് പ്രയോഗമാണ് അത്തരം മരുന്നുകള്‍ക്കെതിരെ ശത്രു ബാക്ടീരിയങ്ങള്‍ പ്രതിരോധം ആര്‍ജിക്കാന്‍ കാരണമെന്ന സത്യം രാജ്യത്ത് നടത്തിയ ഈ സര്‍വേ അടിവരയിട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആവര്‍ത്തിച്ചു പറയുന്നതും അതുതന്നെ. ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണികളില്‍ ഒന്നായാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സി (എഎംആര്‍)നെ ലോകാരോഗ്യ സംഘടന കാണുന്നത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നതിനുള്ള ചുമതലാധികാരി (നോഡല്‍ ഏജന്‍സി)യാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്. അതിന്റെ ഭാഗമായി ദേശീയതലത്തില്‍ ആന്റിബയോട്ടിക് കണ്‍സപ്ഷന്‍ നെറ്റ്വര്‍ക്കിനും അവര്‍ രൂപംനല്കിയിട്ടുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇത് സംബന്ധിച്ച വിവരശേഖരണം നടത്തുന്നതും വിശകലനം നടത്തുന്നതും ഈ സംഘടനയുടെ ദൗത്യമാണ്. രാജ്യത്തുള്ള പകുതിയിലധികം ആശുപത്രികളും ആന്റിബയോട്ടിക് മരുന്നുകള്‍ തോന്നുംപടിയാണുപയോഗിക്കുന്നതെന്ന് അവര്‍ പറയുന്നു. അതുതന്നെയാണ് റിബല്‍ ബാക്ടീരിയകളുടെ പെരുപ്പത്തിന്റെ കാരണവും.
ഇനി അടുത്ത സര്‍വേയുടെ കാര്യം. നടത്തിയത് മുംബൈയിലെ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്ക്) ഗവേഷകര്‍. ഭാരതത്തിലെ ആറ് പ്രമുഖ ആണവനിലയങ്ങളില്‍ നിന്ന് കഴിഞ്ഞ 20 വര്‍ഷം പുറത്തുവന്ന അവക്ഷിപ്തങ്ങളെക്കുറിച്ചായിരുന്നു പഠനം. ഇവ വളരെ നേരിയ തോതിലാണ്. ജൈവമണ്ഡലത്തിനും ജീവജാലങ്ങള്‍ക്കും ഒട്ടുംതന്നെ ഭീഷണിയല്ലായെന്നായിരുന്നു പഠനത്തില്‍ കണ്ടെത്തിയത്. ആണവനിലയത്തിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ പോലും കാര്യമായ വികിരണ ഭീഷണി കണ്ടെത്താനായില്ല. അതായത് ഭാരതത്തിലെ ആണവ നിലയങ്ങളെല്ലാം സുരക്ഷിതമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആണവ അവശിഷ്ടം അഥവാ റേഡിയോ ആക്ടീവ് ഡിസ്ചാര്‍ജ് പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന കാലത്ത് ഈ പഠനത്തിന്റെ പ്രസക്തി ഏറെയാണ്.
ആണവ നിലയത്തിലെ ഡിസ്ചാര്‍ജുമായി പുറത്ത് വരാവുന്ന ഖര-ദ്രാവക-വാതക അവശിഷ്ടങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. ആണവ ഫിഷനിലെ അണുവിഭജനത്തെ തുടര്‍ന്ന് പുറത്തു വരാവുന്ന ആര്‍ഗണ്‍ 41, റേഡിയോ അയഡിന്‍ എന്നിവയ്ക്കു പുറമെ റേഡിയോ ന്യൂക്ലൈഡുകളായ കൊബാള്‍ട്ട് 60, സ്ട്രോന്‍ഷ്യം 90, സീഡിയം 137, ട്രിഷിയം തുടങ്ങിയവയുടെയെല്ലാം സാന്നിധ്യം പരിശോധനക്ക് വിധേയമാക്കി. അന്തരീക്ഷത്തിലും മണ്ണിലും പുഴയിലും കടലിലും പരിശോധന നടന്നു. ആറ്റമിക് പവര്‍ സ്റ്റേഷനുകളായ കൂടംകുളം, താരാപൂര്‍, മദ്രാസ്, കൈഗ, രാജസ്ഥാന്, നറോറ, കക്രപാര്‍ എന്നിവിടങ്ങളാണ് ‘ബാര്‍ക്’ ഗവേഷകര്‍ സര്‍വേ നടത്താനായി തെരഞ്ഞെടുത്തത്. ആണവനിലയത്തിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ആധുനിക ഉപകരണങ്ങള്‍ക്ക് കണ്ടെത്താനാവുന്നതിലും താഴെയായിരുന്നു. റേഡിയോ ആക്ടീവതയുള്ള വികിരണ തോത് എന്ന് സര്‍വേ വ്യക്തമാക്കുന്നു. ശാസ്ത്രജ്ഞരെ മാത്രമല്ല, ഗവേഷകരെയും പരിസ്ഥിതി സ്നേഹികളെയും ഏറെ സന്തോഷിപ്പിക്കുന്നതാണ് ഈ സര്‍വേ ഫലങ്ങള്‍.
മറുനാട്ടുകാര്‍ കടന്നു കയറുമ്പോള്‍
ഓരോ സ്ഥലവും ഓരോ ജൈവ മണ്ഡലമാണ്. അവിടെ ജന്തുജാലങ്ങളും സസ്യജാലങ്ങളും പരസ്പരം ആശ്രയിച്ച് കഴിയുന്നു. ആശ്രിതത്വത്തിന്റെ ആ നേര്‍ത്ത നൂലിഴ പൊട്ടിയാല്‍ ജൈവ മണ്ഡലത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. ആഫ്രിക്കയിലെ കെനിയയിലെയും മറ്റ് സാവന്ന പ്രദേശങ്ങളിലെയും ‘അകാസിയ’ ഉറുമ്പുകളുടെ കഥ അതാണ് നമുക്ക് പറഞ്ഞുതരുന്നത്. അവിടെ കണ്ണെത്തുന്നിടത്തെല്ലാം നിറഞ്ഞുനിന്ന വിസിലിങ് ത്രോണ്‍ മരങ്ങളുടെ നാശത്തിന്റെ കഥയും അതുതന്നെയാണ്.
വിസിലിങ് ത്രോണ്‍ മരത്തിലെ തേന്‍ കുടിച്ച് മരത്തിന്റെ കടയില്‍ സുഖമായി ജീവിച്ചുവരികയായിരുന്നു അകാസിയ ഉറുമ്പുകള്‍. ഈ മരം ചവിട്ടി ഒടിക്കുകയും തിന്നു തീര്‍ക്കുകയും ചെയ്യുന്നതില്‍നിന്ന് അവ ആനകളെ അകറ്റിനിറുത്തി. പക്ഷേ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തലയനുറുമ്പുകള് (ബിഗ് ഹെഡ് ആന്റ്സ്) സാവന്നയിലേക്ക് കടന്നുവന്നു. അവ അകാസിയ ഉറുമ്പുകളെ തിന്ന് വിശപ്പടക്കി. അവയുടെ മുട്ടകളെപോലും വെറുതെ വിട്ടില്ല. അകാസിയ ഉറുമ്പുകള്‍ നശിച്ചതോടെ വിസിലിങ് ത്രോണ്‍ മരങ്ങളെ രക്ഷിക്കാന്‍ ആളില്ലാതായി. ആനകള്‍ മരങ്ങള്‍ ചവിട്ടി ഒടിച്ചു. ഇലയും തണ്ടും തിന്നു. വേരോടെ പിഴുതെറിഞ്ഞു. ഈ മരങ്ങളുടെ മറവില്‍ പതിയിരുന്ന് പ്രിയ ഭക്ഷണമായ ജിറാഫുകളെ പരമ്പരാഗതമായി വേട്ടയാടിയ സിംഹങ്ങള്‍ അതോടെ പട്ടിണിയിലായി. അവ ജിറാഫിനെ വിട്ട് കാട്ടുപോത്തുകളെ തങ്ങളുടെ മുഖ്യ ഭക്ഷണമാക്കി…
നോക്കുക- തലയന്മാരായ ഒരു കൂട്ടം കടിയനുറുമ്പുകള്ക്ക് സാവന്നയിലെ ജൈവമണ്ഡലത്തില്‍ എത്രത്തോളം കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചുവെന്ന്. ഇനിയൊരിക്കലും തുന്നിച്ചേര്‍ക്കാനാവാത്തവിധം അവിടം നശിപ്പിക്കാന്‍ കഴിഞ്ഞുവെന്ന്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: