ടെഹ്റാന്: ഇസ്രായേലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്. സിറിയയിലെ കോണ്‍സുലേറ്റിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇറാന് രംഗത്തെത്തിയത്. ഇസ്രായേലാണ് കോണ്‍സുലേറ്റ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാന്റെ ആരോപണം.
ഈ വിഷയത്തില്‍ നിന്ന് അമേരിക്ക ഒഴിഞ്ഞ് നില്‍ക്കണമെന്നും, ഇടപെടാന്‍ വരരുതെന്നും ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെതന്യാഹുവിന്റെ കെണിയില്‍ വീഴരുത്. വിഷയത്തിലിടപെട്ടാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഇറാനിയന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയകാര്യ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി എക്സില്‍ കുറിച്ചു. ഇസ്രായേലിലെ യുഎസ് കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന് അമേരിക്ക മറുപടി നല്‍കിയതായും ജംഷിദി കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിനെതിരെ യുദ്ധത്തിന് തയാറാണെന്ന് ഹിസ്ബുള്ളയും അറിയിച്ചു.
എന്നാല്‍ വിഷയത്തില്‍ അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്ക അതീവ ജാഗ്രതയിലാണെന്നും, ആക്രമണം ഏത് സമയത്തും പ്രതീക്ഷിക്കുന്നുണ്ടെന്നും യുഎസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളോ രഹസ്യാന്വേഷണ ഏജന്‍സിയുടെ കേന്ദ്രങ്ങളോ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പെന്നും അവര്‍ അറിയിച്ചു.
ഡമാസ്കസിലെ ഇറാന് കോണ്‍സുലേറ്റിന് നേരെ തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് ജനറല്‍മാരുള്‍പ്പെടെ ഏഴ് ഇറാനിയന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് ഇറാനിലെ ഒരു നയതന്ത്ര കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. പിന്നാലെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇറാന് തീരുമാനിച്ചിരുന്നു. സഹേദി ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു കരുതുന്നതായി ഇറാന് പ്രതികരിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സിറിയയില്‍ മുന്‍പും ആക്രമണം നടത്തിയിരുന്നു. ഇറാനില്‍ നിന്നുള്ള ആയുധനീക്കം തടയാനാണ് ഇസ്രായേല്‍ ശ്രമമെന്നും വിലയിരുത്തലുണ്ട്.
ഇറാന്റെ ഭീഷണിക്ക് പിന്നാലെ ഇസ്രായേല്‍ യുദ്ധ സൈനികര്‍ക്കുള്ള അവധി റദ്ദാക്കുകയും റിസര്‍വ് സൈനികരെ വിളിച്ചുവരുത്തുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: