തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നല്കി. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് ബിജെപി പരാതി നല്‍കിയത്. മലയാളം വാര്‍ത്താ ചാനലായ ന്യൂസ്-24 നടത്തിയ ‘മീറ്റ് ദി കാന്‍ഡിഡേറ്റ്’ അഭിമുഖത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ ശശിതരൂര്‍ നടത്തിയ പരാമര്‍ശത്തിലാണ് പരാതി. 24-ന്യൂസിന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന് നായര്‍, ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഷഫീദ് റാവുത്തര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് 24 ന്യൂസിന്റെ അഭിമുഖത്തില്‍ തരൂര്‍ ഉന്നയിച്ചത്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളോ രേഖകളോ നല്‍കാനും തരൂര്‍ തയ്യാറില്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്.
രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായും മതനേതാക്കള്‍ക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്തതായും തരൂര്‍ ആരോപിച്ചിരുന്നു. ഇത് രാജീവ് ചന്ദ്രശേഖറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ്. യാതൊരു തെളിവോ രേഖകളോ ഇല്ലാതെ 24 ന്യൂസ് ചാനല്‍ അതിന്റെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അവയുടെ സാധുത പരിശോധിക്കാതെ ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്നു. ഇതിന്റെ വാര്‍ത്തയും വീഡിയോയും ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്കും ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. എതിര് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പരസ്യമായ പ്രചരണ വീഡിയോകള്‍ ന്യൂസ് ചാനലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ബിജെപി കമ്മിഷനോട് ആവശ്യപ്പെട്ടു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും ഈ വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: