തത്ത്വവും നയവും പരിപാടിയും എന്നേ ഉപേക്ഷിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ക്കിന്ന് നിലനില്‍പ്പാണ് പ്രശ്നം. അതിനുവേണ്ടി എന്തും ചെയ്യുക എന്നതാണ് പുതിയ പരിപാടി. അതിന്റെ ഭാഗമായാണ് വയനാട്ടില്‍ രാഹുല്‍ സ്വന്തം പാര്‍ട്ടി പതാക ഉപേക്ഷിച്ചു റോഡ്ഷോ നടത്തിയത്. കോണ്‍ഗ്രസിന്റെ ചരിത്രവും നേതാക്കളുടെ ജയപരാജയവും തമ്മിലുള്ള കണക്കെടുപ്പ് നടത്തിയാല്‍ ഉത്തര്‍പ്രദേശിന് അതിന്റേതായ ചരിത്രമുണ്ട്. പ്രത്യേകിച്ച് നെഹ്റുകുടുംബത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍ അത് മുഴച്ചുനില്‍ക്കും. നെഹ്റുവും ഇന്ദിരയും രാജീവും സോണിയയും രാഹുലുമെല്ലാം ഉത്തര്‍പ്രദേശിന്റെ സന്തതികളാണ്. റായ്ബറേലിയും അമേഠിയും ഉപേക്ഷിച്ച് അവര്‍ക്കൊരു കളിയില്ല. പാര്‍ട്ടിക്കുതന്നെ ദിശതെറ്റിയാല്‍ കളിതമാശക്ക് കഥയില്ലല്ലൊ. അമേഠി ഉപേക്ഷിച്ച് രാഹുല്‍ തിരഞ്ഞത് അല്ലലില്ലാതെ ജയിക്കാനൊരു മണ്ഡലമാണ്. അങ്ങിനെയാണ് വയനാട്ടിലെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആദ്യമായി രാഹുലിന് വയനാട്ടില്‍ കണ്ണുവീണത്. അവിടെ വന്നിറങ്ങിയപ്പോള്‍ത്തന്നെ രാഹുലിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന്റെ കൊടികളെക്കാള്‍ മുസ്ലീംലീഗിന്റെ കൊടികളാണ് നിരന്നത്. ഇത് വലിയ വാര്ത്തയാണുണ്ടാക്കിയത്. പാകിസ്ഥാന്റെ പതാകയും ലീഗിന്റെ കൊടിയും തമ്മില്‍ ഏറെ വ്യത്യാസമൊന്നുമില്ല. ഉത്തരേന്ത്യന്‍ വാര്‍ത്താമാധ്യമങ്ങള്‍ അതുവച്ച് ആഘോഷിച്ചു. രാഹുലിന്റെ റാലിയില്‍ പാകിസ്ഥാന് കൊടികളുമെന്ന പ്രചാരണം വലിയ ക്ഷീണമാണുണ്ടാക്കിയത്. അതുകൊണ്ടാവണം ഇത്തവണ ലീഗിന്റെ കൊടിവേണ്ടെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഞങ്ങളുടെ വോട്ടുവേണം, പക്ഷേ കൊടിപറ്റില്ലെന്ന ന്യായം നടക്കില്ലെന്ന് മുസ്ലീംലീഗും പറഞ്ഞു. അങ്ങിനെയെങ്കില്‍ നമുക്കാരുടെയും കൊടിയില്ലാതെ റോഡ്ഷോ നടത്താമെന്ന ധാരണയുണ്ടാക്കി. ലീഗിന്റെ വോട്ടുകിട്ടാന്‍ കൊടിയല്ല എന്തും ഉപേക്ഷിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ദയനീയ ചിത്രമാണ് വയനാട്ടില്‍ കണ്ടത്.
ബിജെപിയെ ഭയന്നാണ് സ്വന്തം പതാകപോലും കോണ്‍ഗ്രസ് ഒളിപ്പിച്ചതെന്ന് മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. മുസ്ലീംലീഗിന്റെ വോട്ടുവേണം, പതാക പാടില്ല എന്നത് പാതകമാണ്. ഇത് പാകിസ്ഥാന് കൊടിയല്ല ഭാരതത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയാണെന്ന് പറയാന്‍ കോണ്‍ഗ്രസിന് കരുത്തുനഷ്ടപ്പെട്ടു എന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. സ്വാതന്ത്ര്യ സമരത്തില്‍ ഉയര്‍ത്തിപ്പിടിച്ച പതാക കോണ്‍ഗ്രസിന്റെ പതാകയാക്കി ഉയര്‍ത്തിപ്പിടിക്കാന്‍ നേതാക്കള്‍ക്ക് ഊര്‍ജം നഷ്ടപ്പെട്ടുപോയി എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ലീഗിന്റെ കൊടിയെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത് എസ്ഡിപിഐയെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തമാണ്. ഏപ്രില്‍ ഒന്നിനാണ് എസ്ഡിപിഐ യൂഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇത് ബിജെപിയടക്കം ചര്‍ച്ചാ വിഷയമാക്കി. ഇതോടൊപ്പമാണ് ഏപ്രില്‍ മൂന്നിന്റെ റോഡ്ഷോയില്‍ പതാക ഉപേക്ഷിച്ചത്.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതുതന്നെ ഒരുതരം അശ്ലീല രാഷ്ട്രീയമാണ്. ഇന്ത്യാമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് രാഹുല്‍. ഈ മുന്നണിയുടെ ദല്‍ഹിയിലെ പ്രമുഖ നേതാവാണ് സിപിഐയിലെ ആനിരാജ. ദല്‍ഹിയില്‍ രാഹുലും ആനിരാജയും ഒരുമിച്ചിരുന്നാണ് തീരുമാനങ്ങളെടുക്കുന്നത്. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ മോഹിച്ചാണ് ആനിരാജ മത്സരത്തിനിറങ്ങിയത്. അങ്ങിനെയൊരാള്‍ വയനാട്ടിലുള്ളപ്പോള് എന്തിനാണ് രാഹുലിന്റെ വരവെന്ന ചോദ്യം സര്‍വ സാധാരണമാണ്. ഇതും സ്വന്തം പതാക പോലും ഉപേക്ഷിച്ചുള്ള ഈ യാത്ര തികച്ചും സംശയാസ്പദമാണ്. ആരെപറ്റിക്കാനും കബളിപ്പിക്കാനുമാണ് ആനിരാജയുടെയും രാഹുലിന്റെയും സ്ഥാനാര്‍ത്ഥിത്വം. ആനി രാജയെ ജയിപ്പിക്കാന്‍ നില്ക്കുന്ന മാര്‍ക്സിസ്റ്റുകാര്‍ക്കും ഇത് വിനയാണ്. പഴയ യുപിഎ മോഡല്‍ സഖ്യമുണ്ടാക്കി ഭരിക്കാനെങ്കിലും കഴിയണമെങ്കില്‍ വയനാട്ടില്‍ രാഹുല്‍ ജയിക്കണ്ടെ. പിന്നെന്തിനാണ് ആനിരാജയ്ക്ക് വോട്ട്.?
ഈ പശ്ചാത്തലത്തിലാണ് വയനാട്ടില്‍ എന്‍ഡിഎ ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയായതോടെ പ്രവര്‍ത്തകര്‍ക്ക് ഉത്സാഹവും പുതിയ ഊര്‍ജ്ജവും ലഭിച്ചിട്ടുണ്ട്. കബളിപ്പിക്കാനിറങ്ങിയ ഇരുമുന്നണികള്‍ക്കും നടുവില്‍ ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും പുതിയ താരോദയമായി സുരേന്ദ്രന് മാറിയിരിക്കുകയാണ്. അതുതന്നെയാകട്ടെ വയനാട്ടുകാരുടെ വിധിയെഴുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: