ന്യൂദല്‍ഹി: പൗരത്വ നിയം ഭേദഗതിയെക്കുറിച്ച് പാറായതെ കോണ്‍ഗ്രസ് പ്രകടന പത്രിക. കോണഗ്രസ് അധികാരത്തില്‍ വന്നാല്‍ സിഎഎ റദ്ദാക്കുമെന്ന് കേരളത്തിലുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ പ്രകടപത്രികയില്‍ അതിനെക്കുറിച്ച് കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല. കഴിഞ്ഞദിവസം സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയില്‍ സിഎഎ റദ്ദാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു.
രാജസ്ഥാന്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ജനം തള്ളുകയും ചെയ്ത ജാതി സെന്‍സസ് നടപ്പാക്കുമെന്ന വാഗ്ദാനമാണ് പത്രികയില്‍ പ്രധാനപ്പെട്ടത്. രാജസ്ഥാനിലും മധ്യപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് ചര്‍ച്ചയാക്കിയ കോണ്‍ഗ്രസിന് വന്തിരിച്ചടിയാവുകയും ഭരണം നഷ്ടമാവുകയുമായിരുന്നു.
കേന്ദ്രഭരണത്തിലിരിക്കുമ്പോള് കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത കര്‍ഷകര്‍ക്കുള്ള മിനിമം താങ്ങുവില നിയപരമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലെ മറ്റൊന്ന്. അന്ന് കോണ്‍ഗ്രസ് ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയായിരുന്നു. അധികാരത്തിലെത്തിയാല്‍ സ്വവര്‍ഗവിവാഹം നിയമപരമാക്കും, എസ്സി-എസ്ടി, ഒബിസി സംവരണം വര്‍ധിപ്പിക്കും, ജമ്മുകശ്മീരിന് സംസ്ഥാനപദവി നല്‍കും, മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും വാഗ്ദാനമുണ്ട്.
പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് വര്‍ഷം ഒരുലക്ഷം രൂപ എത്തുന്ന മഹാലക്ഷ്മി പദ്ധതി, കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതാ സംവരണം, മതന്യൂനപക്ഷങ്ങളുടെ വിശ്വാസം സംരക്ഷിക്കും. സിബിഐയേയും ഇ ഡിയേയും ദുരുപയോഗം ചെയ്യുന്ന ജനവിരുദ്ധ നിയമങ്ങള്‍ പരിഷ്ക്കരിക്കും എന്നിവയും കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളാണ്. ന്യായ് പത്ര എന്നു പേരിട്ട പ്രകടനപത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്മാരായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കമ്മിറ്റി ചെയര്മാന് പി. ചിദംബരം എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: