വയനാട്: കേരള സ്റ്റോറിയുടെ പേരിൽ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎഫ് സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ഈ സിനിമയുടെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹാലിളകുകയാണ്. ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് ഞങ്ങളൊക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളാണെന്നാണ്. കക്കുവള്ളി നാടകം വിവാദമായ സന്ദർഭത്തിൽ അവർ പറഞ്ഞത് സ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കുന്നവരാണെന്നാണ്. അന്ന് അതിനെ വിമർശിക്കാൻ തയാറായില്ല. ഇതിപ്പോൾ സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമയെ എതിർക്കാൻ സർവ്വശക്തിയുമെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്.
ഒരു വശത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചലച്ചിത്ര ആവിഷ്ക്കാരത്തെ പോലും മതപരമായ ധ്രുവീകരണത്തിന് ഉപയോഗിക്കുകയുമാണ് യുഡിഎഫും എൽഡിഎഫും ചെയ്യുന്നത്. തികഞ്ഞ പാപ്പരത്തത്തെയാണ് ഇത് കാണിക്കുന്നത്. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യാതെ, ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ അവർക്ക് അവരുടെ രാഷ്ട്രീയ നയങ്ങളും വികസന നയങ്ങളും ചർച്ച ചെയ്താൽ അത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയിട്ടാണ് ബാലിശമായ വാദങ്ങളുമായിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്ത് വരുന്നത്.
ഇത് കേവലമായ ഒരു സിനിമയാണ്. ഈ സിനിമയുടെ പശ്ചാത്തലം കേരളം വളരെയധികം ചർച്ച ചെയ്തിട്ടുള്ള വിഷയമാണ്. നിരവധി ക്രിസ്ത്യൻ പാതിരിമാരും ബിഷപ്പുമാരും അവരുടെ ഇടവകകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അവർ നേരത്തേ തന്നെ വെളിപ്പെടുത്തിയതാണ്. തങ്ങളുടെ ഇടവകകളിൽ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുകയും അവരെ സി റിയയിലേക്ക് അയയ്ക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഐഎസ്ഐഎസ് റിക്രൂട്ടിങ് കേരളത്തിൽ ഒരു പുതിയ സംഭവമല്ല. കനകമലയിലും തൃക്കരിപ്പൂരിലും കണ്ണൂരിലെ പല സ്ഥലങ്ങളിലും തിരുവനന്തപുരത്തും ആലുവയിലും എറണാകുളത്തുമെല്ലാം പെൺകുട്ടികളെ ഐഎസ്ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതിന്റെ പേരിൽ രക്ഷിതാക്കൾ കൊടുത്ത കേസുകൾ ഇപ്പോഴും നടക്കുകയാണ്. ഈ യാഥാർത്ഥ്യത്തെ എന്തിനാണ് വളച്ചൊടിക്കാൻ നോക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഈ സിനിമ ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്. ആ നിലയിൽ കണ്ടാൽ മതി. മീശ നോവൽ വിവാദമായപ്പോൾ എൽഡിഎഫും യുഡിഎഫും അതിനെ ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നാണ് പറഞ്ഞത്. നഗ്നചിത്രം വരച്ച് നാടുനീളെ പ്രദർശിച്ചപ്പോൾ അതിനെ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നാണ് പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: