ബിജെപിയെ വഞ്ചിച്ച് ഉദ്ധവ് താക്കറെ എന്‍സിപി നേതാവ് ശരദ് പവാറുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ ഭരണം തുടങ്ങിയ കാലത്ത് ശിവസേനയും ബിജെപിയും കടുത്ത വഴക്കിലായിരുന്നു. അക്കാലത്ത് ഉദ്ധവ് താക്കറെയുടെ വീട്ടില്‍ പോയി ഹനുമാന് ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച നേതാവാണ് നവനീത് റാണ.
ബിജെപിയെ വഞ്ചിച്ച് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേരയില്‍ വാഴുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ മാതോശ്രീയില്‍ പോയി ഹനുമാന് ചാലിസ ചൊല്ലുമെന്ന് നവനീത് റാണ വെല്ലുവിളിച്ചത്. അതോടെ ശിവസേന ഗുണ്ടകള്‍ നവനീത് റാണയുടെ വീട്ടിലേക്ക് പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇരച്ചുകയറിയിരുന്നു. എന്നാല്‍ പിറ്റേദിവസം മോദി മഹാരാഷ്ട്രയില്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഹനുമാന് ചാലിസ ചൊല്ലുന്നത് പിന്‍വലിച്ചെന്ന് നവനീത് റാണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഭീരുവായ ഉദ്ധവ് താക്കറെ അന്നത്തെ അമരാവതി എംപിയായ നവനീത് റാണയെയും ബദ്നേര നിയോജകമണ്ഡലത്തില്‍ എംഎല്‍എ ആയ ഭര്‍ത്താവ് രവി റാണയെയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സമുദായസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 153എ പ്രകാരമായിരുന്നു അറസ്റ്റ്. ജയിലില്‍ കിടക്കേണ്ടിവന്നു ഇരുവര്‍ക്കും.
ഇപ്പോള്‍ നവനീത് റാണയെ അമരാവതിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സുപ്രീംകോടതി യുദ്ധത്തിലും നവനീത് റാണ ജയിച്ചു
എറ്റവുമൊടുവില്‍ ജാതി സര്‍ട്ടിഫിക്കറ്റിനെച്ചൊല്ലി നവനീത് റാണയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തടയാന്‍ ഉദ്ധവ് വിഭാഗം ശിവസേന നടത്തിയ ശ്രമവും പാളി. 2019ല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത അമരാവതിയില്‍ നിന്നും നവനീത് റാണ മത്സരിച്ചത് വ്യാജജാതിസര്‍ട്ടിഫിക്കറ്റ് കാണിച്ചാണെന്നും അവര്‍ സിഖ് ചമാര്‍ വിഭാഗത്തില്‍പെട്ടവരാണെന്നും മഹാരാഷ്ട്ര ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ മോചി വിഭാഗത്തില്‍പ്പെട്ട താന്‍ പിന്നാക്കക്കാരിയാണെന്നായിരുന്നു നവനീത് റാണയുടെ വാദം. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നവനീത് റാണയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും വ്യാഴാഴ്ച ആശ്വാസം ലഭിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നായിരുന്നു സുപ്രീംകോടതി ബെഞ്ചിന്റെ വിധി. ഇതോടെ അവര്‍ അമരാവതിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി അനുകൂലമായതോടെ നവനീത് റാണ നടത്തിയ പ്രകടനത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ് നാവിസും പങ്കെടുത്തു.
മഹാരാഷ്ട്രയിലെ 48 പാര്‍ലമെന്റ് സീറ്റുകളിലേക്ക് ഏപ്രില്‍ 16,26,മെയ് 7,13, 20 തീയതികളിലായാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: