ബെയ്ജിംഗ്: അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദത്തിനായിട്ടുള്ള തീ ആളിക്കത്തിച്ച് ചൈന. ബെയ്ജിംഗിന്റെ ശക്തമായ വാദങ്ങൾക്കിടയിൽ അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ 30 പുതിയ പേരുകളുടെ നാലാമത്തെ പട്ടിക ചൈന പുറത്തിറക്കി.
ദക്ഷിണ ടിബറ്റിന്റെ ഭാഗമായി ബെയ്ജിംഗ് അവകാശപ്പെടുന്ന അരുണാചൽ പ്രദേശിന്റെ ചൈനീസ് നാമമായ സാങ്നാനിലെ സ്റ്റാൻഡേർഡ് ഭൂമിശാസ്ത്രപരമായ പേരുകളുടെ നാലാമത്തെ പട്ടിക ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയതായി സർക്കാർ നടത്തുന്ന ഗ്ലോബൽ ടൈംസ് ഞായറാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ചൈനയുടെ അവകാശവാദങ്ങളെ പുഛത്തോടെ തള്ളിയ ഇന്ത്യ അരുണാചൽ പ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ചൈന കണ്ടുപിടിച്ച പേരുകൾ നൽകുന്നത് ഈ യാഥാർത്ഥ്യത്തെ മാറ്റുന്നില്ലെന്നും വാദിച്ചു.
ചൈനീസ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മേഖലയ്ക്കായി 30 അധിക പേരുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം 2017-ൽ സാങ്നാനിലെ ആറ് സ്ഥലങ്ങളുടെ സ്റ്റാൻഡേർഡ് പേരുകളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. 2021-ൽ 15 സ്ഥലങ്ങളുടെ രണ്ടാമത്തെ പട്ടികയും 2023-ൽ 11 സ്ഥലങ്ങളുടെ പേരുകളുള്ള മറ്റൊരു പട്ടികയും പുറത്തിറക്കി.
അടുത്തിടെ അരുണാചൽ പ്രദേശിൽ 13,000 അടി ഉയരത്തിൽ നിർമ്മിച്ച സേല ടണൽ രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ബെയ്ജിംഗ് ഇന്ത്യയുമായി നയതന്ത്ര പ്രതിഷേധം അറിയിച്ചതോടെയാണ് സംസ്ഥാനത്തിന് മേലുള്ള അവകാശവാദം വീണ്ടും ഉന്നയിക്കാൻ ചൈനയുടെ സമീപകാല പ്രസ്താവനകൾ ആരംഭിച്ചത്. തന്ത്രപരമായി സ്ഥിതി ചെയ്യുന്ന തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകുന്ന തുരങ്കം അതിർത്തി മേഖലയിലൂടെ സൈനികരുടെ മികച്ച സഞ്ചാരം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പ്രദേശത്തെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ചൈനീസ് വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ പ്രസ്താവനകളുടെ ഒരു കുത്തൊഴുക്ക് പുറപ്പെടുവിച്ചിരുന്നു. അതേ സമയം മാർച്ച് 23 ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ പരിഹാസ്യമാണെന്നും വ്യക്തമാക്കിയിരുന്നു. അതിർത്തി സംസ്ഥാനം ഇന്ത്യയുടെ സ്വാഭാവിക ഭാഗം ആണെന്നും പറഞ്ഞു.
ഇതിനു പുറമെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ മാർച്ച് 9 ന് അരുണാചൽ പ്രദേശിനെ ഇന്ത്യൻ പ്രദേശമായി അംഗീകരിക്കുന്നുവെന്ന് പ്രസ്താവന ഇറക്കിയിരുന്നു.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള നുഴഞ്ഞുകയറ്റങ്ങളിലൂടെയോ കയ്യേറ്റങ്ങളിലൂടെയോ സൈനികമോ സിവിലിയനോ ഉപയോഗിച്ച് പ്രാദേശിക അവകാശവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ അമേരിക്ക ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: