കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ ഭരണമുന്നണിയായ എല്‍ഡിഎഫില്‍ ആശയക്കുഴപ്പം. കരുതിവച്ച ആയുധങ്ങളൊന്നും പുറത്തെടുക്കാനാവുന്നില്ല, കണക്കുകൂട്ടിയ വിഷയങ്ങളൊന്നും പ്രചാരണത്തില്‍ ഫലിക്കുന്നുമില്ല. സിപിഎമ്മിന്റെ ബാദ്ധ്യതകള്‍ മുന്നണിക്ക് ഭാരമാകുന്നുവെന്നാണ് സ്വയം വിലയിരുത്തല്‍.
കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കാണ് അജണ്ട തയാറാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ സംസ്ഥാനത്തെ ഭരണ പരാജയങ്ങള്‍ക്ക് ബിജെപി-മോദി സര്‍ക്കാരിനെതിരേ ജനവികാരം ഇളക്കുകയായിരുന്നു പദ്ധതി. എന്നാല്‍ ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പീഡിപ്പിക്കുന്നുവെന്നതുള്പ്പെടെയുള്ള പ്രചാരണ ആയുധങ്ങള്‍ പ്രയോഗിക്കാനാവുന്നില്ല.
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ ഇ ഡിയുടെ അന്വേഷണം വന്നതോടെ ഇ ഡി വിഷയം തെരഞ്ഞെടുപ്പു ചര്‍ച്ചയാക്കേണ്ടെന്നാണ് തീരുമാനം. അത് കരിമണല്‍ ഖനന വിഷയവും വീണാ വിജയന്റെ മാസപ്പടി വിഷയവും പൊതു ചര്‍ച്ചയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ ചര്ച്ചയുമാകുമെന്നാണ് ആശങ്ക.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോദി-ബിജെപി സര്‍ക്കാര്‍ എന്ന ആരോപണവും ഉന്നയിക്കാന്‍ വയ്യാതായി. കേന്ദ്രമന്ത്രിമാരുടെ വിശദീകരണങ്ങള്‍, സുപ്രീം കോടതിയിലെ കേസ് തുടങ്ങിയവ സംസ്ഥാനത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചതോടെ ആ വിഷയത്തിലും പ്രചാരണം സാദ്ധ്യമല്ലാതായി.
സിഎഎ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ മുമ്പ് ഉണ്ടാക്കിയ മത വികാരം ഇത്തവണ ഫലിക്കുന്നില്ലെന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ട പ്രചാരണത്തില്‍ മനസ്സിലാകുന്നത് സിഎഎ, ഏക സിവില്‍കോഡ്, റേഷന്‍ വിതരണം, തൊഴിലുറപ്പ് തുടങ്ങിയ വിഷയങ്ങളോടുള്ള ജനപ്രതികരണം മോശമാണെന്നാണ്. പാര്‍ട്ടി നേതാക്കളും അണികളും മാധ്യമങ്ങളിലെ ചര്‍ച്ചകളും മാത്രമാണ് ഈ വിഷയത്തില്‍ താത്പര്യം കാണിക്കുന്നത്. ക്രിസ്തീയ ന്യൂനപക്ഷത്തിന്റെ രക്ഷകരായി പ്രചാരണം നടത്താന്‍ സിപിഎം നേതാക്കള്‍ നടത്തുന്ന വിവരണങ്ങളിലും വിശദീകരണങ്ങളിലും സഭാ നേതാക്കളില്‍നിന്നും വിയോജിപ്പുണ്ടായിട്ടുണ്ട്.
എന്നാല്‍, ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ നേട്ടവും മോദിയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നതുപോലെ പിണറായിയുടെ തുടര്‍ഭരണ നേട്ടങ്ങള്‍ പറയാനുമാകുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ പ്രചാരണ വിഷയങ്ങള്‍ കണ്ടെത്താനും പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കാനുമുള്ള പരിശ്രമങ്ങളിലാണ് എല്‍ഡിഎഫ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: