തിരുവനന്തപുരം: ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തൊഴിൽ തുടങ്ങി സംസ്ഥാനത്തിന് വേണ്ട വികസനങ്ങൾ ഒന്നും നടപ്പിലാക്കാതെ കേരളം പുറകോട്ട് സഞ്ചരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. വേളി യൂത്ത് ഹോസ്റ്റലിൽ ടെറുമോ പെൻ പോൾ എംപ്ലോയീസ് സംഘിന്റെ (ബിഎംഎസ്) നേതൃത്വത്തിൽ നടന്ന സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 24 ദിവസമായി തെരഞ്ഞെടുപ്പ് പ്രചരണം മത്സരമായി കാണാൻ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ വിഷമങ്ങളും പ്രശ്നങ്ങളും അടുത്തറിഞ്ഞ് അത് പരിഹരിക്കാനുള്ള നിയോഗമായി എനിക്ക് മാറിയിരിക്കുകയാണ് തെരെഞ്ഞെടുപ്പ് പ്രചരണം. എതിർ സ്ഥാനാർത്ഥികളിൽ ഒരാൾ പതിനഞ്ച് വർഷവും മറ്റൊരാൾ മൂന്ന് വർഷവും എംപിയായിരുന്നിട്ടുണ്ട്. എന്നിട്ടും ഒരു കാര്യവും ജനങ്ങൾക്ക് വേണ്ടി ചെയ്തിട്ടില്ല. ഇവിടെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ഭരണം നടത്തിയെങ്കിലും സമ്പദ് വ്യവസ്ഥ ഉയർത്താനോ ജനഹിതമനുസ്സരിച്ചുള്ള ആവശ്യങ്ങൾ നടപ്പിലാക്കാനോ ശ്രമിച്ചിട്ടില്ല.
അറുപത്തിയഞ്ച് വർഷം രാജ്യം ഭരിച്ച കോൺഗ്രസ്സിന് രാജ്യത്തിന്റെ എക്കണോമിയെ തകർക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഈ കാലയളവിൽ കേരളത്തിൽ ശമ്പളം, പെൻഷൻ എന്നിവ കൊടുക്കണമെങ്കിൽ കടം വാങ്ങേണ്ട അവസ്ഥയിലെത്തിച്ചു കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സർക്കാരുകൾ. ഇതാണ് രണ്ട് മുന്നണികളുടേയും രാഷ്ട്രീയം. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. മോദി സർക്കാരിന് പത്ത് വർഷം കൊണ്ട് തകർന്ന എക്കണോമിയെ ലോക നിലവാരത്തിൽ ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ചെയ്തിരുന്ന പണി ചെയ്യാത്ത രാഷ്ട്രീയമല്ല ബിജെപിയുടേതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ചടങ്ങിൽ ടെറുമോ പെൻപോളിൽ നിന്ന് വിരമിച്ച രാധാമണിക്ക് ആദരവ് നൽകി. കൂടാതെ പുതുതായി യൂണിയനിൽ ചേർന്ന പതിനൊന്ന് പേർക്ക് അംഗത്വവും നൽകി. തപസ്യ ജില്ലാ സെക്രട്ടറി കെ വി രാജേന്ദ്രൻ, യൂണിയൻ ജനറൽ സെക്രട്ടറി പിജി അനിൽ, ഗോപകുമാർ, ശിവകുമാർ, ഉദയൻ, വിഷ്ണു, രാജേശ്വരി എന്നിവർ സംസാരിച്ചു.
ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തിൽ
രാജീവ് ചന്ദ്രശഖറിന് സ്വീകരണം
തിരുവനന്തപുരം: കരമന ബിഎംഎസ് ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തില്‍ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നല്കി. കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ 26 ദിവസത്തെ മണ്ഡല പര്യടനത്തിൽ തിരുവനന്തപുരം വികസനത്തിൽ എത്ര പിന്നോട്ടാണെന്ന് വ്യക്തമായി. അതു കൊണ്ടു തന്നെ ഇത് തനിക്കൊരു മത്സരമല്ല മറിച്ച് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനും സമ്മേളനത്തില്‍ പങ്കെടുത്തു.
ചടങ്ങില്‍ ചുമട്ടുതൊഴിലാളി യൂനിയന്‍ വെണ്‍പാലവട്ടം യൂണിറ്റിലെ തൊഴിലാളിയായി രാജേഷിന്റെ മകള്‍ ആദിത്യ എസ് രാജേഷിനെ എംബിബിഎസിന് പ്രവേശനം ലഭിച്ചതില്‍ രാജീവ് ചന്ദ്രശേഖര്‍ ആദരിച്ചു. കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി കൈമാറിയ ലുലു ഗ്രൂപ്പിലെ ചുമട്ടുതൊഴിലാളി സന്തോഷിനേയും ആദരിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് ബോയ്, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജയകുമാർ, ഇ. വി. ആനന്ദ്, ടി രാഗേഷ് എന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: