ന്യൂദൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഫോൺ വിവരങ്ങൾ തേടി ആപ്പിൾ കമ്പിനിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോണിന്റെ പാസ്വേഡ് നൽകാൻ അരവിന്ദ് കേജ്രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഫോൺ വിവരങ്ങൾ തേടി ഇ.ഡി ആപ്പിൾ കമ്പിനിയെ സമീപിക്കുന്നത്.
പിടിച്ചെടുത്ത നാല് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍നിന്ന് കേജ്രിവാളിനെതിരായ ഇലക്ട്രോണിക് തെളിവുകളൊന്നും കണ്ടെടുക്കാന്‍ ഇ.ഡിക്ക് സാധിക്കാത്ത സാഹചര്യത്തിലാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. അറസ്റ്റിലായ ദിവസംതന്നെ കേജ്രിവാള് ഫോണ്‍ ഓഫ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യ നീക്കങ്ങളുമടക്കം ചോരുമെന്ന സംശയംകൊണ്ടാണ് പാസ്വേഡ് കൈമാറാന്‍ കേജ്രിവാള് തയ്യാറാകാത്തത് എന്നാണ് വിവരം. ചോദ്യംചെയ്യലിനിടെ അദ്ദേഹം ഇക്കാര്യം ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായും ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പുമുതല്‍ ഉപയോഗിച്ചു തുടങ്ങിയ ഫോണാണ് തന്റെ പക്കലുള്ളതെന്നും 2020 – 21 കാലത്ത് മദ്യനയം രൂപവത്കരിച്ച സമയത്തെ വിവരങ്ങള്‍ ഫോണില്‍ ഇല്ലെന്നുമാണ് കേജ്രിവാള് പറയുന്നത്. ചില ഇലക്ട്രോണിക് ഡിവൈസുകളും 70000 രൂപയുമാണ് അറസ്റ്റ് വേളയിൽ കേജ്രിവാളിന്റെ വസിതിയിൽ നിന്ന് ഇ.ഡി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: