സ്വാതന്ത്ര്യസമരവേദിയിലെ സാന്താള്‍ സമരഗാഥകള് പുതുതലമുറയ്ക്ക് പകര്‍ത്തിയാണ് ഡോ. ദമയന്തി ബെഷ്റ ഒഡീഷയുടെ എഴുത്തമ്മയായത്. ഒഡിയയെക്കാളും സാന്താലി ഭാഷയെ ജീവനായി കരുതിയ ദമയന്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദര്‍ശത്തിന് ഒറ്റപ്പേരിട്ട് വിളിച്ചു, സ്വാഭിമാനം… ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് വോട്ട് ചെയ്യാനൊരുങ്ങുന്ന ഒഡീഷയിലെ ജനങ്ങളോട് ഡോ. ദമയന്തി പറയുന്നത് സ്വന്തം ജീവിതമാണ്.
ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല. പക്ഷേ ഞാനുള്‍പ്പെടുന്ന സമൂഹത്തിന് സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് മോദിയാണ്. ചില കുടുംബഭരണക്കാര് തട്ടിക്കൊണ്ടുപോയ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഏടുകളില്‍ ആരും കാണാത്തവിധം എവിടെയോ മറഞ്ഞുപോയ സാന്താള്‍ വിജയഗാഥകള്‍ ലോകത്തോട് ഉറക്കെപ്പാടാനുള്ള സ്വാതന്ത്ര്യമാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. അത് സ്വാഭിമാനത്തിന്റെ അധ്യായമാണ്… എന്തുകൊണ്ട് ബിജെപിയില്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൗമ്യമെങ്കിലും ഉറച്ച വാക്കുകളില്‍ ഉത്തരം.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉയര്‍ന്നുവന്ന അതേ മയൂര്‍ഭഞ്ജില്‍ നിന്നാണ് പദ്മശ്രീ ഡോ. ദമയന്തി ബെഷ്റയുടെയും വരവ്. അടുത്തടുത്ത ഗ്രാമങ്ങളില്‍ നിന്ന്. ദ്രൗപതി ഉപര്ബേദക്കാരിയാണ്. ദമയന്തി ധിജിജില് നിന്നാണ് വരുന്നത്. രണ്ടുപേരും ഒരേ വിഭാഗത്തില്‍പ്പെട്ടവര്‍. സമാനജീവിതസാഹചര്യങ്ങള് താണ്ടിയവര്‍. പട്ടിണിയോട് പൊരുതി വളര്‍ന്നവര്‍. സ്വന്തം കരുത്തില്‍ പഠിച്ച് വളര്‍ന്ന് ഒരു തലമുറയെ പഠിപ്പിക്കാനുള്ള നിയോഗമേറ്റെടുത്തവര്…
ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയിലെ അദ്ധ്യാപികയായിരിക്കെ സാന്താള്‍ ജനതയുടെ നാടോടിപ്പാട്ടുകള്‍ക്ക് അക്ഷരചാരുത പകര്‍ന്ന ദമയന്തി പിന്നീട് ഗോത്രവനിതകള്‍ക്കായി കരംഗാര് എന്ന വനിതാമാസികയും നടത്തി. ജിവി ജര്‍ണ എന്ന കവിതാസമാഹാരത്തിലൂടെ സന്താലി ഭാഷയിലെ ആദ്യഎഴുത്തുകാരിയായി. 2020ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം എന്ന മോദിയുടെ മുദ്രാവാക്യമാണ് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ദമയന്തി ബെഷ്റ പ്രേരണയായി ഉയര്‍ത്തിയത്. ഭാരതീയ രാഷ്ട്രീയ ജീവിതത്തില്‍ ശക്തി എന്ന വിശേഷണത്തോടെ സ്ത്രീയെ പരാമര്‍ശിച്ച മോദി രാഷ്ട്രശക്തിയുടെ കാവല്‍ക്കാരനാണെന്ന പ്രഖ്യാപനവും ദമയന്തിയുടെ രാഷ്ട്രീയപ്രവേശനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: