തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് ജീവനക്കാര്‍ക്ക് അനധികൃതമായി സ്ഥാനക്കയറ്റവും ഉയര്‍ന്ന ശമ്പളവും നല്കാന് എംഡിയുടെ ഉത്തരവ്.
കെഎഎസ്ഇയിലെ മുപ്പതോളം വരുന്ന ജീവനക്കാര്‍ക്കാണ് അനധികൃതമായി ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും നടപ്പാക്കിയിരിക്കുന്നത്. പലര്‍ക്കും ഇരട്ടിയോളം രൂപയാണ് ശമ്പളത്തില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കടമെടുത്ത് മുച്ചൂടും മുടിഞ്ഞിരിക്കുമ്പോഴാണ് ഇഷ്ടക്കാര്‍ക്ക് പൊതുഖജനാവിലെ പണം വാരിക്കോരി നല്‍കുന്നത്.
കെഎഎസ്ഇയില്‍ രണ്ട് പേരാണ് സ്ഥിരം ജീവനക്കാര്‍. മറ്റുള്ളവര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരും. ഇവര്‍ക്കാണ് അനധികൃതമായി സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും നല്‍കിയിരിക്കുന്നത്. കെഎഎസ്ഇ/1031/ 2020 എക്സി. 5 എന്ന നമ്പരില്‍ 2024 ഫെബ്രുവരി മൂന്നിന് ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കരാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്കാന് പാടില്ലെന്നും ശമ്പള വര്‍ധനവ് പാടില്ലെന്നും ഉള്ള ചട്ടം മറി കടന്നാണ് എംഡിയുടെ ഉത്തരവ്. 2024 ജനുവരി 23ന് കൂടിയ 31-മത് ബോര്‍ഡ് മീറ്റിങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനമെന്നാണ് കെഎഎസ്ഇ മാനേജിങ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന് ഒപ്പിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നത്.
കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള തുകയാണ് ശമ്പളമായി നല്‍കേണ്ടത്. ശമ്പളം വര്‍ധിപ്പിക്കണമെങ്കില്‍ പുതുക്കിയ കരാര്‍ തുക കാണിച്ച് വിജ്ഞാപനം ഇറക്കണം.
എന്നാല്‍ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും പരിഗണിച്ച് ശമ്പളം പരിഷ്കരിക്കുന്നതിനുള്ള സിഎംഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് യോഗം തീരുമാനമെടുത്തതെന്നും ഉത്തരവില്‍ പറയുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്.
സ്ഥാനക്കയറ്റത്തിനു പകരം റീ ഡെസിഗ്നേഷന്‍ എന്ന വാക്ക് ഉപയോഗിച്ചാണ് പദവികള്‍ ഉയര്‍ത്തിയിരിക്കുന്നത്. പലര്‍ക്കും നിലവില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയോളം രൂപ ശമ്പളയിനത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആയിരം മുതല്‍ 30,000 രൂപ വരെ വര്‍ദ്ധനവ് വന്നു. സര്‍ക്കാരോ ധനവകുപ്പോ അറിയാതെ വകുപ്പ് മന്ത്രി ഉള്‍പ്പെടുന്ന ബോര്‍ഡാണ് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും നടപ്പാക്കിയിരിക്കുന്നത്.
നിത്യനിദാന ചെലവിന് കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് മുറവിളികൂട്ടുമ്പോഴും സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നിര്‍ലോഭം പണം നല്കാന് സംസ്ഥാന സര്‍ക്കാരിലെ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും ഒരു മടിയുമില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: