ആലത്തൂരിനെ രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമാക്കിയത് പ്രൊഫ.ടി.എന്‍. സരസുവിന്റെ കടന്നുവരവാണ്. 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഗവ. വിക്ടോറിയ കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിക്കുന്ന അതേ ദിവസം എസ്എഫ്ഐക്കാര്‍ പ്രതീകാത്മക കുഴിമാടമൊരുക്കി യാത്രയയപ്പ് നല്കിയ ഡോ. ടി.എന്‍. സരസുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് എന്‍ഡിഎ കളം പിടിച്ചത്.
വൈകിയാണ് സരസുവിന്റെ പ്രഖ്യാപനം വന്നതെങ്കിലും ഒറ്റ ദിവസം കൊണ്ട് അവര്‍ മണ്ഡലത്തിന് പ്രിയപ്പെട്ടവളായി. ചിറ്റൂര്കാവില് ദര്‍ശനം നടത്തി പ്രചാരണത്തിന് തുടക്കമിട്ടതിന് പിന്നാലെ സരസു ടീച്ചറിനെ തേടിയെത്തിയത് പ്രധാനമന്ത്രിയുടെ ഫോണ്‍വിളി.
മണ്ഡലത്തിലെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ചും ചുരുങ്ങിയ സമയത്തിനുള്ളില്‍ ടീച്ചര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ‘സബ് കാ സാഥ് സബ് കാ വികാസ്’ എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലൂന്നിയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് സരസു പറഞ്ഞു. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് മന്ത്രി കെ. രാധാകൃഷ്ണനെ എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നത്. നിലവിലെ എംപി രമ്യ ഹരിദാസ് തന്നെയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി.
പുഴകളും മലകളും നെല്‍പ്പാടങ്ങളും നിറഞ്ഞ് ഗ്രാമീണത തങ്ങിനില്ക്കുന്ന മണ്ഡലം. കാര്‍ഷികമേഖലയാണ് ആലത്തൂരെങ്കിലും മഴനിഴല്‍പ്രദേശമായ വടകരപ്പതിയും തോട്ടം മേഖലയുള്‍പ്പെടുന്ന നെല്ലിയാമ്പതിയും, വാണിജ്യകേന്ദ്രമായ കുന്നംകുളവും പ്രത്യേകതകളാണ്. നേരത്തെ ഒറ്റപ്പാലമായിരുന്ന മണ്ഡലം പുനര്‍വിഭജനത്തെ തുടര്‍ന്നാണ് 2009 മുതല്‍ ആലത്തൂരായത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, തരൂര്‍, ആലത്തൂര്‍, തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാമണ്ഡലങ്ങളാണ് ആലത്തൂരില്‍ ഉള്‍പ്പെടുന്നത്.
1977 ലാണ് ഒറ്റപ്പാലം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. 1977ലെ തെരഞ്ഞെടുപ്പില്‍ കെ. കുഞ്ഞമ്പുവിലൂടെ കോണ്‍ഗ്രസ് ആദ്യവിജയം നേടി. 1979ല്‍ അന്നത്തെ എസ്എഫ്ഐ നേതാവായിരുന്ന മുന്‍മന്ത്രി എ.കെ. ബാലന് ജയിച്ചു. 1984ലെ തെരഞ്ഞെടുപ്പില്‍ കെ.ആര്. നാരായണനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീടുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും കെ.ആര്. നാരായണന് വിജയിച്ചു.
കെ.ആര്. നാരായണന് ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എസ്. ശിവരാമന് തെരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 2004 വരെയുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എസ്. അജയകുമാറിനായിരുന്നു തുടര്‍ച്ചയായ വിജയം.
ആലത്തൂരായതോടെ 2009ലും 2014ലിലും സിപിഎമ്മിലെ പി.കെ. ബിജു വിജയിച്ചെങ്കിലും 2019ല്‍ ആലത്തൂര്‍ യുഡിഎഫിനൊപ്പം നിന്നു. രമ്യ ഹരിദാസ് 1,58,968 വോട്ടിനാണ് ജയിച്ചത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിലെ ടി.വി. ബാബുവിന് 2019ല്‍ 89,837 വോട്ടുകളാണ് ലഭിച്ചത്.
മണ്ഡലത്തെ അവഗണിച്ച രമ്യക്കെതിരാണ് ആലത്തൂരിന്റെ വികാരം, രാഷ്ട്രീയ വിരോധത്താല്‍ കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം എത്തിക്കാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടികളും ജനം ചോദ്യം ചെയ്യുന്നു. നെല്ല് സംഭരണം ഉള്‍പ്പെടെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍, വന്യമൃഗശല്യം, കുടിവെള്ള പ്രശ്നം, ലൈഫ് മിഷന് ഫ്ളാറ്റ് വിവാദം, സഹകരണമേഖലയിലെ തട്ടിപ്പ് ഉള്‍പ്പെടെ നിരവധി ചെറുതും വലുതുമായ പ്രശ്നങ്ങളാണ് മണ്ഡലം ഇന്ന് അഭിമുഖീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: