കൊല്ലം: കൊല്ലം ഉള്‍പ്പടെ രാജ്യത്തെ മൂന്ന് തീരങ്ങളില്‍ ക്രൂഡ് ഓയില്‍ അടക്കമുള്ള ദ്രവ-വാതക ഇന്ധന പര്യവേഷണത്തിന് യുകെ കമ്പനിയുമായി കരാര്‍. ഇതിനുള്ള കൂറ്റന്‍ കിണറുകള്‍ സ്ഥാപിക്കാന്‍ യുകെ ആസ്ഥാനമായ ഡോള്‍ഫിന്‍ ഡ്രില്ലിങ് എഎസ് കമ്പനിയുമായാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് 1286 കോടിയുടെ (154 ദശലക്ഷം ഡോളര്‍) കരാര്‍ ഒപ്പുവച്ചത്. ഈ വര്‍ഷം പകുതിയോടെ പര്യവേക്ഷണം ആരംഭിക്കും.
ഡോള്‍ഫിന്‍ ഡ്രില്ലിങ് കമ്പനിയുടെ ബ്ലാക്ഫോര്‍ഡ് ഡോള്‍ഫിന്‍ സെമിസബ്മെഴ്സിബിള് റിഗാണ് ഓയില്‍ ഇന്ത്യ കമ്പനി പര്യവേക്ഷണത്തിന് ഉപയോഗിക്കുക. മൂന്നിടങ്ങളിലും 14 മാസത്തിനുള്ളില്‍ കിണര്‍ കുഴിക്കുന്നതിനാണ് കരാര്‍.
കൂറ്റന്‍ കിണറുകളുടെ രൂപകല്‍പ്പന, എന്‍ജിനിയറിങ്, സംഭരണം, നിര്‍മാണം, കമ്മീഷന് ചെയ്യല്‍ എന്നിവയും കരാറിലുണ്ട്. ജീവനക്കാരടക്കം 120 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും 30,000 അടി ആഴത്തില്‍ വരെ കുഴിക്കാനും ബ്ലാക്ഫോര്‍ഡ് റിഗില്‍ സൗകര്യമുണ്ട്. കരാര്‍ കാലാവധിയില്‍ ഏഴുമാസം കൂടി അധികമായി അനുവദിച്ചിട്ടുണ്ട്.
ആന്ധ്രയിലെ കാക്കിനഡ, ആന്‍ഡമാന്‍ ദ്വീപസമൂഹം എന്നിവിടങ്ങളിലായി ആകെ 93.902 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ നാലു ബ്ലോക്കുകളിലായി ഇന്ധന പര്യവേഷണത്തിനാണ് ഓയില്‍ ഇന്ത്യ കമ്പനിക്ക് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. കാക്കിനഡ മേഖലയില്‍ 64.547 ചതുരശ്ര കിലോമീറ്ററും ആന്‍ഡമാന്‍ മേഖലയില്‍ 29.355 ചതുരശ്ര കി. മീറ്ററും നേരത്തെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിരുന്നു.
കൊല്ലം തീരത്തു നിന്ന് 26 നോട്ടിക്കല്‍ മൈല്‍ (48 കി. മീറ്റര്‍) അകലെയാണ് പര്യവേഷണം. ഇതിന് നാവികസേനയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇന്ധന പര്യവേഷണത്തിന് തുടക്കമാകുന്നതോടെ കൊല്ലം തുറമുഖം 24 മണിക്കൂറും സജീവമാകും.
പര്യവേഷണം നടത്താന്‍ ലക്ഷ്യമിടുന്ന ആഴക്കടല്‍ മേഖലയില്‍ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയില്‍ നടന്ന പ്രാഥമിക സര്‍വേയില്‍ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖല തിരിച്ചറിഞ്ഞെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: