കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നീങ്ങണമെങ്കില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മൊഴി അനിവാര്യമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണവുമായി ഐസക് സഹകരിക്കാത്തതിനാല്‍ 2022 ആഗസ്ത് മുതല്‍ അന്വേഷണം വൈകുന്നു.
നിരവധി തവണ സമന്‍സ് അയച്ചിട്ടും ഓരോ കാരണം പറഞ്ഞ് അദ്ദേഹം ചോദ്യം ചെയ്യലിനു ഹാജരായില്ല. മുന്‍ നിശ്ചയിച്ച പരിപാടികളുണ്ടെന്നു കാട്ടിയാണ് ആദ്യം ഹാജരാകാതിരുന്നത്. പിന്നീട് സമന്‍സിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി, ഹര്‍ജിയുള്ളതിനാല്‍ ഹാജരാകില്ലെന്നായി. അതേ സമയം, ഹൈക്കോടതി ഒരു സമന്‍സും സ്റ്റേചെയ്തിട്ടില്ല.
പലകുറി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തത് അദ്ദേഹത്തിനു നിയമത്തോടും കോടതി നിര്‍ദേശങ്ങളോടും ബഹുമാനമൊന്നുമില്ലെന്നാണ് വ്യക്തമാക്കുന്നത്, ഇ ഡിക്കു വേണ്ടി അഡ്വ. ജയശങ്കര്‍ വി.നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കിഫ്ബി ജനറല്‍ കമ്മിറ്റി വൈസ് ചെയര്മാന്, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് എന്നിവ വഹിച്ചിരുന്ന സാഹചര്യത്തില്‍ കിഫ്ബി ഇറക്കിയ മസാല ബോണ്ടുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നയാളാണ് അദ്ദേഹം. മസാല ബോണ്ട് വഴി വന്ന പണം ഉപയോഗിച്ചതില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ നല്ല പുരോഗതിയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഫണ്ട് ഉപയോഗിച്ചത് നിയമപരമായിട്ടാണോ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ തുടങ്ങിയവ കണ്ടെത്തണം. അതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്, ഇ ഡി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: