പാലക്കാട്: ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ കരുത്തുറ്റ വനിത സ്ഥാനാര്‍ഥിയെ രംഗത്തിറക്കി എന്‍ഡിഎ. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പലും സേവാഭാരതി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും ഒഡീഷ മിനറല്‍സ് ഡെവലപ്പ്മെന്റ് കമ്പനി സ്വതന്ത്ര ഡയറക്ടറുമായ ഡോ. ടി.എന്‍. സരസുവാണ് ആലത്തൂര്‍ ലോകസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഗവ.വിക്ടോറിയ കോളേജില്‍ നിന്നും വിരമിക്കുമ്പോള്‍ ഒരു പ്രിന്‍സിപ്പല്‍ അതിലുപരി അധ്യാപികയെന്ന നിലയിലും പ്രതീക്ഷിച്ചത് ജീവിതത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്നൊരു യാത്രയയപ്പായിരുന്നു. എന്നാല്‍, ലഭിച്ചതാകട്ടെ ഒരിക്കലും ഒരാളും ആഗ്രഹിക്കാത്ത യാത്രയയപ്പ്.
സ്വന്തം കുഴിമാടം. അതും തന്റെ ശിഷ്യന്മാര്‍തന്നെ നിര്‍മിച്ചതുകണ്ട് ചങ്കുപൊട്ടിയാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള, നിരവധി പ്രമുഖരെ വാര്‍ത്തെടുത്ത വിക്ടോറിയയില്‍ നിന്നും അവര്‍ക്ക് ലഭിച്ചത്. അതിന് കൂട്ടുനിന്നതാവട്ടെ, ഇടതു അധ്യാപക സംഘടനാപ്രതിനിധികളായ സ്വന്തം സഹപ്രവര്‍ത്തകരും. അധ്യാപനം ജീവിതവും ജീവനുമാക്കുന്നതിന് മുമ്പ് ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞുതന്നെയാണ് വളര്‍ന്നത്. ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഈ നിലയിലെത്തിച്ചത്.
തിരുവല്ല വെണ്ണിക്കുളം നാരായണന്റെയും കുട്ടിയുടെയും ആറു പെണ്മക്കളില് പഠിക്കുവാന്‍ മിടുക്കിയായിരുന്നു അവര്‍. കോഴഞ്ചേരി സെന്റ്. തോമസ് കോളേജില്‍ നിന്ന് പിജിയും കൊച്ചി കുസാറ്റില്‍ നിന്ന് പിഎച്ച്ഡിയും നേടിയ സരസുവിന്റെ സ്വപ്നം അധ്യാപികയാവുക എന്നതായിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. 1987ല്‍ വിക്ടോറിയ കോളേജില്‍ സുവോളജി അധ്യാപികയായിട്ടായിരുന്നു നിയമനം. 22 വര്‍ഷം കോളേജിലെ എന്‍സിസി ഓഫീസറായിരുന്നു. ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയുടെ പിന്തുണയോടെയാണ് ഗവ. വിക്ടോറിയ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിരുന്നത്. സംഘടനാപ്രവര്‍ത്തനത്തിന് പ്രാധാന്യം നല്കി കുട്ടികളെ ഗുണ്ടകളാക്കുകയാണ് സംഘടന ചെയ്തത്. ഇതിനെ ചോദ്യം ചെയ്തതോടെയാണ് അവരുടെ കണ്ണിലെ കരടായത്.
താന്‍ വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായി വരാതിരിക്കാന്‍ എകെജിസിടിഎ ശ്രമിച്ചിരുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ ടീച്ചറുടെ മികവ് മനസിലാക്കിയ അധികൃതര്‍ സംഘടനയുടെ ആവശ്യം തള്ളുകയായിരുന്നു. അധ്യാപകര്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നത് നിര്‍ത്തലാക്കി പഞ്ചിങ് സംവിധാനമാക്കി. ഇത് സംഘടനയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സമൂഹമാധ്യമങ്ങളിലൂടെ ടീച്ചര്‍ക്കെതിരെ അപവാദം പരത്തി. പലതരത്തില്‍ സരസുവിനെ ദ്രോഹിക്കുവാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടക്കാതെ വന്നതോടെ ശത്രുത വര്‍ധിച്ചു.
ഇരുപത്തഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം 2016 മാര്‍ച്ച് 31ന് വിരമിക്കുന്ന ദിവസമാണ് അവര്‍ സ്വന്തം കുഴിമാടം കാമ്പസിനകത്ത് കണ്ടത്. ഭര്‍ത്താവുമൊത്ത് രാവിലെ കാറില്‍ കോളേജിലെത്തിയതായിരുന്നു. ഗേറ്റിനടുത്ത് ഒരു കുഴിമാടവും റീത്തും പ്ലക്കാര്‍ഡില്‍ 26 വര്‍ഷത്തെ പഴമ്പുരാണം അവസാനിപ്പിക്കുക എന്നെഴുതിവച്ചിരിക്കുന്നതും കണ്ടു. ഒരു വിദ്യാര്‍ഥിയോട് ചോദിച്ചപ്പോള്‍ അത് ടീച്ചറുടെ കുഴിമാടമാണെന്നാണ് പറഞ്ഞത്. അതുകേട്ടതും വല്ലാത്തൊരു മാനസികാവസ്ഥയായി. ഓഫീസിലെത്തി പോലീസിനെ വിളിച്ചു. പോലീസെത്തുമ്പോഴേക്കും പ്രിയപ്പെട്ട ടീച്ചറുടെ ശവക്കല്ലറ കണ്ടുനില്ക്കുവാന് കഴിയാതിരുന്ന മറ്റു വിദ്യാര്‍ഥികള്‍ അത് തകര്‍ത്തുകളഞ്ഞു.
ജീവിതത്തില്‍ ആദ്യമായി തകര്‍ന്നുപോയ നിമിഷമായിരുന്നു അതെന്ന് ടീച്ചര്‍ ഇന്നും ഓര്‍ക്കുന്നു. എന്നിലെ അധ്യാപികയ്ക്ക് ജന്മം നല്‍കിയത് ഇവിടെയാണ്. അവിടെത്തന്നെ സംസ്കാരവും അവര്‍ നടത്തി. ഇത്രയും നല്ലൊരു യാത്രയയപ്പ് ആര്‍ക്കും കിട്ടിക്കാണില്ലെന്ന് അവരിപ്പോഴും പറയുന്നു. 2016ല്‍ വിരമിച്ചതിനുശേഷം കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പള്ളിക്കു സമീപമാണ് താമസം. ഭര്‍ത്താവ് അജയകുമാര്‍ കൊടുങ്ങല്ലൂരില്‍ ബിസിനസ് നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: