ന്യൂദല്‍ഹി: ഒരാള്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു, മറ്റൊരാള്‍ പറയുന്നു ടിക്കറ്റ് കിട്ടി പാര്‍ട്ടി പറയില്ല എന്ന്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ അവശേഷിക്കെ രണ്ട് താരങ്ങളുടെ മത്സര മോഹത്തിന്റെ വാര്‍ത്തകള്‍ വരുന്നത് ബോളിവുഡില്‍ നിന്ന്. ഒരാള്‍ ഉര്‍വശി റൗട്ടേല, മറ്റൊരാള്‍ നേഹ ശര്‍മ. രാഷ്ട്രീയ പ്രവേശം ഉടനുണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉര്‍വശി. മത്സരിക്കാനുള്ള ടിക്കറ്റ് ഇതിനോടകം ലഭിച്ചെന്നും ഉര്‍വശി പറഞ്ഞു.
ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഓണ്‍ലൈന്‍ ചാനലിനു നല്കിയ നല്കിയ അഭിമുഖത്തിലാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നതിനേക്കുറിച്ച് ഉര്‍വശി റൗട്ടേല വെളിപ്പെടുത്തിയത്. താന്‍ ആരംഭിച്ച ഫൗണ്ടേഷന് വഴി രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു. ഒരവസരം ലഭിച്ചാല്‍ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും ഉര്‍വശി വ്യക്തമാക്കി.
ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി എന്നു ചോദിച്ചാല്‍ കൂടുതല്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല എന്നു മറുപടി. ടിക്കറ്റ് കിട്ടിക്കഴിഞ്ഞു. ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കണം. ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ആരാധകരുടെ പ്രതികരണമറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ ചേരണോ വേണ്ടയോ എന്ന് അവര്‍ പറയണം, ഉര്‍വശി പറയുന്നു.
സിങ് സാബ് ലദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഉര്‍വശി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. സനം രേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്റ്റോറി 4, പാഗല്‍ പത്നി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ല്‍ ദി ലെജന്‍ഡ് എന്ന തമിഴ് ചിത്രത്തില്‍ വേഷമിട്ടു. ജെഎന്‍യു: ജഹാംഗിര്‍ നഗര്‍ യൂണിവേഴ്സിറ്റി, ബ്ലാക് റോസ്, ദില്‍ ഹൈ ഗ്രെ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.
ഇമ്രാന് ഹഷ്മി നായകനായ ക്രൂക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നേഹ ശര്‍മ അച്ഛന്റെ വഴിയേ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശത്തിനാണ് ഒരുങ്ങുന്നത്. നേഹയുടെ അച്ഛന് അജയ് ശര്‍മ ബീഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. മകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് അച്ഛന് പറയുന്നത്.
കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ മണ്ഡലം ലഭിക്കുകയാണെങ്കില്‍ മകളെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ശര്‍മ പറഞ്ഞു. തന്‍ഹാജി: ദ അണ്‍സങ് വാരിയര്‍, യമല പഗ്ല ദീവാന-2, തും ബിന്‍-2 തുടങ്ങിയവയാണ് നേഹയുടെ ബോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: