ലണ്ടന്‍: സ്‌പെയിനെതിരെ ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി കൊളംബിയ. അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഡാനിയേല്‍ മുനോസ് നേടിയ അത്യുഗ്രന്‍ അക്രോബാറ്റിക് ഗോള്‍ ആണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്ക് ചരിത്ര വിജയമൊരുക്കിയത്. ഏകപക്ഷീയമായ ഈ ഒരു ഗോളിന്റെ ബലത്തില്‍ കരുത്തന്‍ വിജയമാണ് കൊളംബിയ നേടിയത്.
മത്സരത്തിന്റെ രണ്ടാംപകുതിയില്‍ സ്‌പെയിനെതിരെ കൊളബിയയുടെ ആധിപത്യമാണ് പ്രകടമായത്. രണ്ടാം പകുതിയില്‍ മുന്‍ റയല്‍ മാഡ്രഡ് താരം ജെയിംസ് റോഡ്രിഗസിനെ പരിശീലകന്‍ നെസ്റ്റര്‍ ലോറെന്‍സോ കളത്തിലിറക്കിയതോടെ കളി മാറുകയായിരുന്നു. അതുവരെ ലിവര്‍പൂള്‍ വിങ്ങര്‍ ലൂയിസ് ഡയസ് ടീമിനായി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മുതലെടുക്കാന്‍ കൊളംബിയന്‍ മുന്നേറ്റക്കാര്‍ക്ക് സാധിച്ചില്ല. തകര്‍ത്തു കളിച്ച രണ്ടാം പകുതിയിലും ഡയസ് നിരവധി അവസരങ്ങളാണ് ഒരുക്കിയത്. അതിലൊന്നാണ് ഗോളില്‍ കലാശിച്ചത്. ഇടത് വിങ്ങിലൂടെ താരം അതിവേഗം കാലില്‍ കൊരുത്തെടുത്തുകൊണ്ടുവന്ന പന്ത് ബോക്‌സിന്റെ വലത് ഭാഗത്തേക്ക് മറിക്കുകയായിരുന്നു. ഓടിയെത്തിയ പ്രതിരോധ താരം ഡാനിയേല്‍ മുനോസ് മികച്ചൊരു അക്രോബാറ്റിക് വോളിയിലൂടെ സ്പാനിഷ് വല ഭേദിച്ചു. കളിക്ക് 61 മിനിറ്റുകള്‍ ഈ സമയം പിന്നിട്ടിരുന്നു.
സ്‌പെയിന് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയ സ്പാനിഷ് ക്ലബ്ബ് അത്‌ലെറ്റിക്ക് ബില്‍ബാവോ ഡിഫെന്‍ഡര്‍ ഡാനി വിവിയന്‍ ലൂയിസ് ഡയസിന് മുന്നില്‍ നന്നായി വിയര്‍ത്ത മത്സരമാണ് കഴിഞ്ഞുപോയത്. പ്രധാന താരങ്ങളെ സൈഡ് ബെഞ്ചിലിരുത്തി പരീക്ഷണ ടീമിനെയാണ് സ്പാനിഷ് പരിശീലകന്‍ ലൂയിസ് ഡി ഫ്യൂവെന്റെ ഇറക്കിയത്. റോഡ്രി, ഡാനി കര്‍വാഹല്‍, അല്‍വാരോ മൊറാട്ട എന്നിവരെ കൂടാതെയാണ് ഫ്യൂവെന്റെ കളി മെനഞ്ഞത്. തോല്‍വി സമ്മതിച്ച ഗോള്‍ വഴങ്ങിയ ശേഷം മൊറാട്ടയെ കളിപ്പിച്ചു. രണ്ടാം പകുതിയിലാണ് രണ്ട് ടീമുകളും ഉണര്‍ന്നുകളിച്ചത്. സ്‌പെയിന്‍ കളിയിലുടനീളം 13 മുന്നേറ്റങ്ങള്‍ നടത്തിയ പക്ഷെ ഫലമുണ്ടാക്കാന്‍ സാധിച്ചില്ല. കൊളംബിയന്‍ ഗോളി കാമിലോ വര്‍ഗാസും നന്നായി അദ്ധ്വാനിച്ചു. സ്‌പെയിന്റെ അടുത്ത കളി ചൊവ്വാഴ്ച ബ്രസീലിനെതിരായ അന്താരാഷ്‌ട്ര സൗഹൃദ മത്സരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: