ശതാഭിഷിക്തനായി ആയിരം പൂര്ണ്ണചന്ദ്രന്മാരെ കണ്ട ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തില്‍ അതിനും 15 വര്‍ഷം മുന്‍പേ ഒരു നാള് അമാവാസി കടന്നുവന്നു. അത് തമ്പിയുടെ ജീവിതത്തിലെ ആഘോഷം തട്ടിപ്പറിച്ച് കടന്നുപോയി. അതോടെ പ്രണയത്തിന്റെ സര്‍വ്വഭാവങ്ങളേയും ആശ്ലേഷിച്ച ഈ ഗാനരചയിതാവിന്റെ വാക്കുകളില്‍, എഴുത്തില്‍ എല്ലാം കൂടുതല്‍ കൂടുതലായി തത്വചിന്താഭാരവും(അതോ തത്വചിന്ത എന്ന കൈത്താങ്ങോ?) കടന്നുവന്നു.
തത്വചിന്തകള്‍ എന്നും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളില്‍ കൂട്ടായുണ്ടായിരുന്നു. സുഖമൊരു ബിന്ദു… (ഇതു മനുഷ്യനോ), ചിരിക്കുമ്പോൾ കൂടെ… (കടല്‍), ബന്ധുവാര്..ശത്രുവാര് (ബന്ധുക്കള്‍, ശത്രുക്കള്‍) നീയെവിടെ നിൻ നിഴലെവിടേ..നീയും ഞാനും നട്ടുവളര്‍ത്തിയ നിശ്ശബ്ദ മോഹങ്ങളെവിടേ (ചിത്രമേള) ഇഴനൊന്തു തകർന്നൊരു (വിലയ്ക്കുവാങ്ങിയ വീണ), സത്യത്തിൻ ചിറകൊടിഞ്ഞു (നാത്തൂന്) ഇങ്ങിനെ എത്രയെത്രെ പാട്ടുകള്‍….
പക്ഷെ ആ കറുത്ത ദിവസത്തിന് ശേഷം ശ്രീകുമാരന്‍തമ്പി ജന്മദിനങ്ങള് ആഘോഷിക്കാതായി. 2009 മാര്‍ച്ച് 20നാണ് ആ അമാവാസി കടന്നുവന്നത്. തമ്പിയുടെ ജീവിതത്തില്‍ കീഴ്മേല്‍ മറിച്ച കറുത്തദിനം. ശ്രീകുമാരൻ തമ്പിയുടെ മകൻ രാജ്കുമാർ തമ്പിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.
‘ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകർ മനസിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു’- രണ്ട് വര്‍ഷം മുന്‍പ് തന്റെ 82ാം ജന്മദിനത്തില് എഴുതിയ കുറിപ്പില്‍ ശ്രീകുമാരന്‍ തമ്പി എഴുതി.
“എനിക്ക് നല്കിയ ദീര്ഘായുസ്സില് കുറച്ച് അവന് കൊടുക്കാമായിരുന്നില്ലേ എന്ന് ദൈവത്തോട് ഞാന്‍ ചോദിച്ചിട്ടുണ്ട്”-മകന്റെ മരണത്തെക്കുറിച്ച് ചോദിച്ച ജേണലിസ്റ്റിന് തമ്പി കൊടുക്കുന്ന മറുപടിയിലും അസാധ്യമായതിനെ മോഹിക്കുന്ന തത്വചിന്തയുണ്ട്. .
മകന്റെ മൂന്നാമത്തെ തെലുങ്കു സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്. മകന് വേണ്ടി വഴിപാട് കഴിച്ച ശേഷം പൂജാരി ആ അര്‍ച്ചന കയ്യിലേക്ക് തന്നപ്പോള്‍ താഴേ വീണ് ചിതറിപ്പോയപ്പോള്‍ ശ്രീകുമാരന്‍തമ്പിക്ക് എന്തോ ഒരു വ്യാധി ഉള്ളില്‍ തോന്നിയിരുന്നു. അന്നാണ് മകന്റെ മരണവാര്‍ത്ത ടിവിയിലൂടെ തമ്പി അറിയുന്നത്.
“ലോകത്തിൽ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് ഞാൻ അനുഭവിച്ചത്. മകന്റെ പോസ്റ്റ്മോർട്ടത്തിന് ശേഷം ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് ഞാൻ മരണവിവരം അറിഞ്ഞത്. ” – ഒരു ടിവി ഇന്റര്‍വ്യൂവില്‍ തമ്പി പറയുന്നു.
“എന്റെ ഏറ്റവും വലിയ ആഘോഷം അവസാനിപ്പിച്ച ആ കാലത്തോട് എനിക്ക് സ്നേഹവും നന്ദിയുമില്ല. എന്റെ 69ആം വയസിലാണ് അവൻ മരിച്ചത്. പല വിട്ടുവീഴ്ചകളും ചെയ്യാൻ ഞാൻ തയാറായത് പോലും മോന്റെ വേർപാടിന് ശേഷമാണ്. മരണത്തെക്കുറിച്ച് കൂടുതലായി പഠിക്കാനും തീക്ഷ്ണമായി ചിന്തിക്കാനും തുടങ്ങി. യഥാർഥത്തിൽ ഇത് എന്റെ രണ്ടാം ജന്മമാണ്”- 69 വയസ്സിന് ശേഷമുള്ള തന്റെ ജീവിതത്തെ രണ്ടാം ജന്മമായി കാണാന്‍ തമ്പി ഇഷ്ടപ്പെടുന്നു.
15 വര്‍ഷത്തിനിപ്പുറവും ആ വേദനയില്‍ നിന്നും അദ്ദേഹം കരകയറിയിട്ടില്ല. “അര്ജ്ജുനന് സ്വന്തം മകന് അഭിമന്യുവിന്റെ മരണം തടഞ്ഞുനിര്‍ത്താനായില്ലല്ലോ. അര്‍ജ്ജുനനേക്കാള്‍ വലിയ ധീരനോ വീരനോ ഒന്നുമല്ലല്ലോ ശ്രീകുമാരന്‍ തമ്പി.” – മകന്റെ വിയോഗത്തെ മുറിച്ചുകടക്കാന്‍ ചില തത്വചിന്താശകലങ്ങള്‍ ഉള്ളില്‍ നിരത്താന്‍ ശ്രമിക്കുമ്പോഴും ഉള്ളിലുണരുന്ന വ്യാധിയുടെ ഓളങ്ങളെ അടക്കാന്‍ തമ്പിക്കാവുന്നില്ല. ഇപ്പോഴും ഉറക്കഗുളിക കഴിച്ചാണ് താന്‍ ഉറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. ശ്രീകണ്ഠന് നായര്‍ അവതരിപ്പിക്കുന്ന പരിപാടിയായ ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായെത്തിയപ്പോഴും അദ്ദേഹം ഈ വേദനയെക്കുറിച്ച് സംസാരിച്ചിരുന്നു. മരണം സത്യമായ കാര്യമാണെന്നും ജീവിതമാണ് നരകമെന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. മരണം മോക്ഷമാണ്.
ഇതിനിടെ മറ്റൊരാഘാതമായി വന്ന അനുജത്തിയുടെ മരണം ഉലച്ചപ്പോള്‍ എഴുതിയ വരികളിലും തത്വചിന്ത ഊറ്റിയെടുത്ത് വിളമ്പിയിരിക്കുന്നു:
“ദേഹികളണിയും ദേഹങ്ങള്‍ എരിയും
ആ ഭസ്മം ഗംഗയില്‍ അലിയും
എന്തെന്തു മോഹചിതാഭസ്മ ധൂളികള്‍
ഇന്നോളം ഗംഗയില്‍ ഒഴുകി
ആര്‍ക്കു സ്വന്തം ആര്‍ക്കു സ്വന്തമാ
ഗംഗാജലം അനുജത്തീ, ആശ്വസിക്കൂ’
രാജേശ്വരിയെന്ന ജീവിതസഖിക്കൊപ്പം, കവിതയെന്ന മകള്‍ക്കും മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം രാജകുമാരന് തമ്പിയെന്ന മകന്റെ മരിക്കാത്ത ഓര്‍മകളുമായി, തന്റെ 84ാം വയസ്സിലും തമ്പി ഹൃദയം കൊണ്ടെഴുതുന്നു- കാലത്തിന്റെ നന്മകളും തിരിച്ചടികളും വെച്ചുനീട്ടിയ അറിവുകളുടെ വെളിച്ചത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: