കൊല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദക്ഷിണ കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ചില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
നിര്‍മാണത്തിലിരുന്ന കെട്ടിടം സമീപത്തെ കൂരകളിലേക്ക് മറിഞ്ഞുവീണാണ് ദുരന്തം സംഭവിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ആശൂപത്രിയില്‍ കഴിയുന്നവരെയും ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. ആശുപത്രി അധികൃതരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് വിദഗ്ധചികിത്സയും ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഒപ്പം കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇത് കേവലം ആകസ്മികമായ ഒരപകടമല്ല, മനുഷ്യനിര്‍മിത ദുരന്തമാണ്. അത്യന്തം വേദനാജനകമാണിത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. അനധികൃത നിര്‍മാണങ്ങളെല്ലാം കണ്ടെത്തി അടിയന്തരനടപടികള്‍ സ്വീകരിക്കുന്നതിന് ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കും. ഐഐടി ഖരഗ്പൂര്‍, സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് സെന്റര്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധരുടെ യോഗം ഇതിനായി ഉടന്‍ നടത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: