മുറ്റത്ത് വീഴുന്ന മഴത്തുള്ളികളുടെ ദയനീയതയെ നിസ്സഹായയായി നോക്കി ഇരിക്കാനെ അവള്‍ക്ക് കഴിഞ്ഞുള്ളൂ.
എത്ര ആശയോടെയാവാം ഇവയെല്ലാം ആകാശത്തില്‍ പഞ്ഞിക്കെട്ടുകളായി നാടെങ്ങും അലഞ്ഞ് നീരായി പെയ്തിറങ്ങുന്നത്. ആകാംക്ഷയോടെ ഭൂമിയിലേക്കുള്ള യാത്ര. അന്തരീക്ഷത്തിലെ ഓരോ കണികയോടും മിണ്ടാതെ മിണ്ടി, ചെടികളില്‍ വീണ് ചിതറി മണ്ണില്‍ അലിഞ്ഞ് ഭൂമിയുടെ അടിത്തട്ടിലേക്ക് അങ്ങനെ പതിയെ പതിയെ…
പക്ഷേ അവയ്‌ക്ക് ആ സ്വപ്‌നസാഫല്യം നിഷേധിക്കപ്പെടുന്നു ഇവിടെ. മണ്ണില്‍ അലിയാന്‍ കൊതിച്ച് എത്തുന്ന മഴത്തുള്ളികള്‍ കോണ്‍ക്രീറ്റ് മുറ്റത്ത് വീണ് ചിന്നിച്ചിതറി വീണ്ടും എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നു.
രാധ ചിന്തിച്ചു. ഒരുതരത്തില്‍ ഇതെങ്കിലും കാണാന്‍ സാധിക്കുന്നത് എത്ര ഭാഗ്യം. ഈ വീടിനുള്ളില്‍ കയറിയാല്‍ മഴയും മഞ്ഞും വെയിലും ഒന്നും അറിയില്ല. വെറും ഓര്‍മകളായേനെ ഇവയെല്ലാം.
പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു. അച്ഛനാണ്. ”മഴയുണ്ടോ?” എന്ന സ്ഥിരം ചോദ്യം ഇന്നുണ്ടായില്ല. പകരം ”വല്ല്യ മഴയാ… ദേ നോക്ക്യേ” എന്ന് പറഞ്ഞ് അച്ഛന്‍ ഫോണിന്റെ ക്യാമറ തിരിച്ചു. മുറ്റത്തെ മഴവെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി ഒഴുക്കുകയാണ് അമ്മ. കമ്പിളി പുതച്ച് വാതില്‍പ്പടിയില്‍ കൂനിക്കൂടി ഇരിക്കുന്ന അമ്മാമ്മയും. പഴകിയ ഓടയിലൂടെ മഴവെള്ളം പെയ്തിറങ്ങുന്നത് കാണാന്‍ നല്ല ശേലാണ്. ”കണ്ണൊന്നു തെറ്റിയിരുന്നേല്‍ കട്ടിലുമ്മേ വെള്ളം വീണേനെ. ഇപ്പൊത്തന്നെ തട്ടിന്റെ മേളിലേ പാത്രം നിറഞ്ഞു കാണും” അച്ഛന്‍ പറഞ്ഞു. ശരിയാണ്.
”പാടത്ത് വെള്ളം പൊങ്ങിയോ?” അവള്‍ ചോദിച്ചു അച്ഛനോട്. ”പിന്നില്ലാണ്ടാ. എപ്പോ തുടങ്ങിയ മഴയാ. തുമ്പിക്കൈ വണ്ണത്തിലാ പെയ്യണേ.”
രാധയ്‌ക്ക് കൊതിയായി വീട്ടില്‍ എത്താന്‍. കാരണം ഈ കടലാസ് തോണി ഒഴുക്കലും പാടത്തെ വെള്ളം കാണാന്‍ പോക്കും എല്ലാം ഒരു ആഘോഷമാണ് അവിടെ. മറ്റൊരു സൗകര്യങ്ങള്‍ക്കും സൗഭാഗ്യങ്ങള്‍ക്കും തരാന്‍ സാധിക്കാത്ത ഒരുതരം സന്തോഷം.
”കരണ്ടില്ല. പിന്നെ വിളിക്കാട്ടോ” എന്നു പറഞ്ഞ് അച്ഛന്‍ കോള്‍ കട്ട് ചെയ്തു.
മഴ എല്ലാവര്‍ക്കും ഓരോ തരം ഓര്‍മകളാണ്. ചിലര്‍ക്ക് വേര്‍പാടിന്റെ… ചിലര്‍ക്ക് പ്രണയത്തിന്റെ… ചിലര്‍ക്ക് വാത്സല്യത്തിന്റെ… ചിലര്‍ക്ക് ഒരു ജീവിതത്തിന്റെ തന്നെ…
രാധയ്‌ക്കും മഴ ഒരു ഓര്‍മയാണ്… അവളെ അവളാക്കിയ, അവള്‍ അവളുടെ സ്വപ്‌നങ്ങള്‍ നെയ്‌തെടുത്ത ആ കുഞ്ഞുവീട്ടിലെ മഴക്കാലം…
രാധ അവളുടെ വീടിനെ വിശേഷിപ്പിച്ചിരുന്നത് കൊട്ടാരം എന്നാണ്. ”ചോരുന്ന കൊട്ടാരം” എന്ന് പറഞ്ഞ് കൂട്ടുകാരും രാധയുടെ ഭര്‍ത്താവും കളിയാക്കും.
അതെ, ചോരുന്ന കൊട്ടാരം. ശരിയാണ്. ചോരാത്ത ഒരു വര്‍ഷക്കാലം പോലും അവളുടെ ഓര്‍മയില്‍ ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല സത്യത്തില്‍ ആ വീട്ടില്‍ മഴക്കാലം ഒരു ആഘോഷമാണ്. വലിയ മഴ പെയ്യാന്‍ തുടങ്ങുമ്പോഴേക്കും വെള്ളം വീഴാന്‍ സാധ്യതയുള്ള എല്ലായിടത്തും പാത്രങ്ങള്‍ നിരത്താന്‍ ഓടിനടക്കുന്ന അമ്മ. മച്ചിന്റെ മുകളില്‍നിന്ന് മുറിക്കകത്തേക്ക് വെള്ളം വീഴാതിരിക്കാനായി ചോര്‍ച്ചയുള്ള എല്ലായിടത്തും പാത്രങ്ങള്‍ നിരത്താന്‍ മച്ചിന്റെ മുകളിലേക്ക് ധൃതിപ്പെട്ട് കയറി പറ്റുന്ന അമ്മയെ കളിയാക്കി വിളിച്ചിരുന്നത് മച്ചിലമ്മ എന്നാണ്.
തോരാതെ പെയ്യുന്ന മഴയിലും സന്ധ്യയായാല്‍ ഒരു പ്രത്യേക അനുഭൂതിയാണ്. കാവിലെ പാട്ട് കേള്‍ക്കാം. അതൊരു സൂചന കൂടിയാണ്. വിളക്ക് കൊളുത്താന്‍ നേരമായി. അരമുക്കാല്‍ മണിക്കൂര്‍ നീളുന്ന നാമജപം കഴിഞ്ഞ് വീണ്ടും ഒരു മൂലയ്‌ക്ക് ചുരുളും ഓരോരുത്തരും. അത്താഴത്തിനുള്ള നേരം ആവുന്നവരെ. അത്താഴം കഴിക്കല്‍ ഒരു രസംതന്നെയാണ്. കത്തിച്ചുവച്ച മണ്ണെണ്ണ വിളക്കിനു ചുറ്റും എല്ലാവരും ഇരിക്കും. പഴയതും പുതിയതുമായ ഓരോതരം കഥകളും പറഞ്ഞ്.
അതും കഴിഞ്ഞാല്‍ മഴയുടെയും ഇടിമിന്നലിന്റെയും ഒന്നും ഘോര ശബ്ദത്തിനെ വകവയ്‌ക്കാതെ അച്ഛന്‍ ചിന്തുപാട്ടുകള്‍ പാടും. നല്ല രസമാണ് കേട്ടിരിക്കാന്‍.
വിവാഹശേഷം രാധയ്‌ക്ക് അതെല്ലാം ഏറെക്കുറെ ഓര്‍മകളായി. മഴക്കാലവും മഞ്ഞുകാലവും എല്ലാം അധികവും ഭര്‍ത്താവിന്റെ വീട്ടിലാണല്ലോ. വലിയ പുത്തനൊരു വീട്. മഴ വന്നാല്‍ മച്ചില്‍ കയറണ്ട. പാത്രങ്ങള്‍ നിരത്തണ്ട. കടലാസ് തോണിയും ഒഴുക്കാന്‍ നില്‍ക്കണ്ട… വെറുതെ മഴ എന്നൊരു കാഴ്ച മാത്രം. ”എന്താണൊരു ആലോചന?” രാധയുടെ ഭര്‍ത്താവാണ് മുരളി.
”ഒന്നൂല്ല. വെറുതെ…” രാധ അലസമായി മറുപടി പറഞ്ഞു.
”വെറുതെയൊന്നുമല്ല. എന്തോ. കാര്യം പറയ്” അയാള്‍ പറഞ്ഞു.
രാധ പ്രതീക്ഷയോടെ തന്നെ ചോദിച്ചു. ”നാളെ കാലത്തെ വല്ല തിരക്കുമുണ്ടോ?”
മുരളി ഒരു ചെറുചിരിയോടെ പറഞ്ഞു. ”എന്റെ തിരക്കൊഴിഞ്ഞിട്ട് കാര്യം പറയാന്‍ ആണേല്‍ ഇപ്പെങ്ങും അത് നടക്കില്ല. നീ പറ. നമുക്ക് നോക്കാം.”
ഓ…ശരിയാണ്. കളക്ടറെക്കാള്‍ തിരക്കുള്ള ആളാണല്ലോ. തിരക്കൊഴിയാന്‍ നോക്കണ്ട. തരം കിട്ടുമ്പോള്‍ പറയുന്നതാണ് നല്ലത്. രാധ ചിന്തിച്ചു.
”കാലത്തെ മഴ ഇല്ലെങ്കില്‍ എന്നെയൊന്നു വീട്ടില്‍ ആക്കിയിട്ട് പോവ്വോ?”
”ഓ! കൊട്ടാരത്തില്‍ പോവാന്‍ ആണോ. പോവാം.”
അവള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
പിറ്റേന്ന് രാവിലെ മഴയൊന്ന് ഒതുങ്ങിയപ്പോള്‍ തന്നെ രണ്ടാളും പുറപ്പെട്ടു.
പറയാതെ ചെന്നതിന്റെ പരിഭവം അമ്മയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം. കഴിക്കാന്‍ ഒന്നും കരുതിവച്ചില്ല എന്നായിരുന്നു അമ്മയുടെ പരാതി. മരുമകന്റെ തിരക്കിനെ വകവയ്‌ക്കാതെ അവനെ ബുദ്ധിമുട്ടിച്ചതില്‍ ആയിരുന്നു അച്ഛന്റെ പരാതി. ”മിണ്ടാനും പറയാനും ഒരു ജീവജന്തുക്കള്‍ ഇല്ല” എന്ന് സ്ഥിരമായി അമ്മയോടും അച്ഛനോടും സങ്കടം പറയുന്ന അമ്മാമ്മയ്‌ക്കാവട്ടെ ഒരു പരാതിയുമില്ല. വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം രാധയോടായി മുരളി പറഞ്ഞു. ”നീ ഇന്ന് വരുന്നുണ്ടെങ്കില്‍ പറയണം. ഞാന്‍ വൈകുന്നേരം വരാം വിളിക്കാന്‍. അല്ലെങ്കില്‍ നാളെ വരാം. ഇന്നിവിടെ നിന്നോളൂ.”
ആ ഒരു വാചകം അയാളില്‍നിന്ന് കേള്‍ക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നു രാധ. അവള്‍ പറഞ്ഞു. ”എങ്കില്‍ ഞാന്‍ നാളെ വന്നോളാം അങ്ങോട്ട്.”
അവളുടെ മുഖത്തെ പ്രകാശം, അതിന്റെ അര്‍ത്ഥം, അതിന് പിന്നിലെ സന്തോഷം… അതെല്ലാം അയാള്‍ക്ക് നന്നേ മനസ്സിലായി. ഒരു ഗ്ലാസ് ചായ മാത്രം കുടിച്ച് അയാള്‍ യാത്ര പറഞ്ഞ് ഇറങ്ങി.
ആ ഒരു ദിവസം അവള്‍ ആ പഴയ കൊച്ചു പെണ്‍കുട്ടിയായി. മഴ ആസ്വദിച്ച്, ഓടം ഒഴുക്കി കളിച്ച് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഭക്ഷണം കഴിച്ച് അച്ഛന്റെ പാട്ട് കേട്ട്… അങ്ങനെ…
”എന്താ ഈ വിളക്കും കയ്യില്‍ പിടിച്ച് തന്നെയിരുന്ന് ചിരിക്കുന്നത്?”
മുരളി വീണ്ടും ചെറുതായി ചിരിച്ചു.
”ഈ മണ്ണെണ്ണ വിളക്കിനോട് എനിക്കുള്ളതിലും സ്‌നേഹം എങ്ങനെ ഉണ്ടായത്?”
അയാളുടെ വെളുത്ത് മെലിഞ്ഞ് ചുളിവ് വീണ കൈകള്‍ രാധയുടെ തോളില്‍ പതിയെ തട്ടി.
പ്രായാധിക്യംകൊണ്ട് വിറയ്‌ക്കുന്ന ശബ്ദത്തില്‍ മുരളി പറഞ്ഞു:
”വര്‍ഷങ്ങള്‍ ഇത്രയും കടന്നുപോയിട്ടും ഇന്നും മഴയത്ത് ഇതിന്റെ വെളിച്ചത്തിലിരുന്ന് ഭക്ഷണം കഴിക്കുമ്പോ പണ്ട് ഞാന്‍ കണ്ട കുട്ടി രാധയാണ് നീ.
ചോരുന്ന കൊട്ടാരത്തിലെ രാധ…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: