ന്യൂദല്‍ഹി: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ അര്ജുന് സിങ്ങും ദിബ്യേന്ദു അധികാരിയും ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ഐടി സെല്‍ മേധാവി അമിത് മാളവ്യ, മീഡിയ കോ-ഇന്‍ചാര്‍ജ് ഡോ. സഞ്ജയ് മയൂഖ്, ദേശീയ വക്താവ് കൃഷ്ണകുമാര്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിനകത്തും പുറത്തും സ്വീകാര്യതയേറുകയാണെന്ന് ദിബ്യേന്ദു അധികാരി പറഞ്ഞു. പ്രധാനമന്ത്രിയാണ് ബിജെപിയില്‍ ചേരാന്‍ എനിക്ക് പ്രചോദനമായത്. ബിജെപിയുടെ ഭാഗമായി രാഷ്ട്രത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബിജെപി കുടുംബത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന നിയമലംഘനങ്ങളെയും അതിക്രമങ്ങളെയും അര്ജുന് സിങ് രൂക്ഷമായി വിമര്‍ശിച്ചു.
പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അധികാരം നിലനിര്‍ത്തുന്നതിനാണ് മമത സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സന്ദേശ്ഖാലി മാത്രമല്ല സംസ്ഥാനത്തുള്ളത്.
പശ്ചിമബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദേശ്ഖാലിയിലെപോലെ ജനങ്ങള്‍ അതിജീവനത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ സഹോദരനാണ് ദിബ്യേന്ദു അധികാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: