കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട തമ്മിലടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കുടുംബത്തേക്കും. പരസ്യ വിമര്‍ശമുന്നയിച്ച് ഇളയ സഹോദരന് സ്വപന് ബാനര്‍ജി രംഗത്തെത്തി. ഹൗറ ലോക്സഭാമണ്ഡലത്തില്‍ പ്രസുന്‍ ബാനര്‍ജിയെ വീണ്ടും മത്സരിപ്പിക്കാനുള്ള മമതയുടെ തീരുമാനത്തെ സ്വപന് ബാനര്‍ജി വിമര്‍ശിച്ചു. ഹൗറയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും സ്വപന് പറഞ്ഞു.
പാര്‍ട്ടി, കടുംബ വൃത്തങ്ങളില്‍ ബാബുന് ബാനര്‍ജി എന്നു കൂടി അറിയപ്പെടുന്ന മമതയുടെ ഇളയ സഹോദരന്റെ പരസ്യ വിമര്‍ശനം തൃണമൂല്‍ നേതൃത്വത്തെ ഞെട്ടിച്ചു. ദീദി(മമത) എന്നോടു യോജിച്ചാലും ഇല്ലെങ്കിലും പ്രസുന്‍ ബാനര്‍ജിയെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തെ ഞാന്‍ എതിര്‍ക്കുന്നു. ദീദി അവിടെയുള്ളിടത്തോളം ഞാന്‍ പാര്‍ട്ടി വിട്ടു പോവില്ല. പക്ഷേ, ഹൗറയില്‍ സ്വതന്ത്രനായി മത്സരിക്കും, സ്വപന് ബാനര്‍ജി ദല്‍ഹിയില്‍ പറഞ്ഞു.
മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എനിക്ക് ബിജെപിയില്‍ സുഹൃത്തുക്കളുണ്ട് എന്ന് സ്വപന് ബാനര്‍ജി മറുപടി നല്കിയതും തൃണമൂല്‍ നേതൃത്വത്തെ അലട്ടുന്നുണ്ട്. ബംഗാള്‍ ഒളിംപിക്സ് അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് സ്വപന്. മുമ്പു രണ്ടു തവണ ഹൗറയില്‍ നിന്നു ലോക്സഭയില്‍ എത്തിയ പ്രസുന്‍ ബാനര്‍ജി ദേശീയ ഫുട്ബോള്‍ താരമാണ്.
സ്വപന് ബാനര്‍ജിയുമായി ഇനിയങ്ങോട്ട് ഒരു ബന്ധവുമില്ല എന്നായിരുന്നു മമതയുടെ പ്രതികരണം. തന്റെ കുടുംബാംഗമായി ഇനി സ്വപനെ കണക്കാക്കില്ലെന്നും മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: