ന്യൂദല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് ആറു പുതിയ ജഡ്ജിമാരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത് ഇനി കേന്ദ്രം അംഗീകരിച്ചാല്‍ മതിയാകും. കേന്ദ്രം അനുമതി നല്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമനമാകും.
കോട്ടയം ആനിക്കാട് വെസ്റ്റ് സ്വദേശിയും ഹൈക്കോടതി അഭിഭാഷകനും കേന്ദ്ര സര്‍ക്കാരിന്റെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായ അഡ്വ. എസ്. മനു, അഡ്വ. അബദുള്‍ ഹക്കീം മുല്ലപ്പിള്ളി, അഡ്വ. വി.എം. ശ്യാംകുമാര്‍, വി. ഹരിശങ്കര്‍ മേനോന്, അഡ്വ. ഈശ്വരന് സുബ്രഹ്മണി, അഡ്വ. പി.എം. മനോജ് എന്നിവരാണിവര്‍.
അഡ്വ. എസ്. മനു, ആനിക്കാട് വെസ്റ്റ് ശ്രേയസില്‍ റിട്ട. ഹെഡ്മാസ്റ്റര് കെ. എസ്. ശ്രീധരന് നായരുടെയും ഡി. സതീദേവിയുടെയും മകന്. 1974 മെയ് 27 നാണ് ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും. 98 മുതല്‍ ഹൈക്കോടതിയില്‍ അഭിഭാഷകന്, കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും കോണ്‍സലായിരുന്നു. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും അഭിഭാഷകനായും പ്രവര്‍ത്തിച്ചു. 2021 മുതല്‍ കേന്ദ്രത്തിന്റെ അസി. സോളിസിറ്റര്‍ ജനറല്‍. 2022 മുതല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍. ഭാര്യ ഡോ. എം. ജി. രമ്യ. മക്കള്‍ വിദ്യാര്‍ത്ഥികളായ എം. ശ്രീഹരി, എം. ശ്രീറാം. എറണാകുളം ചിറ്റൂര്‍ റോഡ് ഡിവൈന്‍ നഗറില്‍ ശ്രീരംഗത്താണ് താമസം.
അഡ്വ. വി.എം. ശ്യാംകുമാര്‍, 1973 ജൂണ്‍ ഒന്നിന് അഡ്വ. ടി. ഗോപകുമാറിന്റെയും ആലുവ സെ. സേവ്യേഴ്സ് കോളേജ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. മാധവിക്കുട്ടിയുടെയും മകനായി ജനിച്ചു. ഭാര്യ സന്ധ്യ എറണാകുളം വടുതല ചിന്മയ വിദ്യാലയത്തില്‍ അദ്ധ്യാപിക. മക്കള്‍ നീലിമ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി. എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എം. 96 ല്‍ തൃശൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഷിപ്പിങ് നിയമത്തില്‍ പ്രാഗത്ഭ്യം നേടിയ ശേഷം പിന്നീട് പ്രാക്ടീസ് മുംബൈയിലേക്ക് മാറ്റി. 2000 ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. കൊച്ചി, ബെംഗളൂരു, കേരള സര്‍വ്വകലാശാലകളില്‍ അടക്കം ഷിപ്പിങ് നിയമത്തിലെ വിസിറ്റിങ് ഫാക്കല്‍റ്റിയായിരുന്നു. തൃശൂര്‍ സ്വദേശിയാണ്.
എം.എ. അബ്ദുള്‍ ഹക്കീം, എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും നേടിയ പെരുമ്പാവൂര്‍ സ്വദേശിയാണ്. എം.എ. അബ്ദുള്‍ ഹക്കീം, പ്രമുഖ അഭിഭാഷകന് പരേതനായ എം. എം. അബ്ദുള്‍ അസീസിന്റെയും എം. എച്ച്. സുബൈദയുടെയും മകനാണ്. പെരുമ്പാവൂര്‍ മുല്ലപ്പിള്ളി കുടുംബാംഗമാണ്. ഭാര്യ മഞ്ജുഷ. അഭിഭാഷകനായ അസീസ് മുഷ്താഖ്, ദല്‍ഹി ശ്രീരാം കോളജിലെ ബിഎ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രിന്, കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ദീന്‍ എന്നിവരാണ് മക്കള്‍. അഭിഭാഷക വൃത്തിയില്‍ 32 വര്‍ഷത്തെ പരിചയമുള്ള അദ്ദേഹം ഹൈക്കോടതി അടക്കം എറണാകുളത്തെ കോടതികളിലും സുപ്രീംകോടതിയിലും ഹാജരാകുന്നുണ്ട്. സിവില്‍, ക്രിമിനല്‍, ബാങ്കിങ് നിയമങ്ങളിലാണ് പ്രാഗത്ഭ്യം.
അഡ്വ. എസ്. ഈശ്വരന്, തിരുവിതാംകൂര്‍ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന, ക്ഷേത്രപ്രവേശന വിളംബരം തയ്യാറാക്കിയ ഇ. സുബ്രഹ്മണ്യ അയ്യരുടെയും രാജന് കേസ് ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ കേസുകള്‍ നടത്തിയ അഡ്വ. എസ്. ഈശ്വര അയ്യരുടെയും പേരക്കുട്ടിയാണ്. അഭിഭാഷക കുടുംബത്തിലെ നാലാം തലമുറ. അച്ഛന്, സീനിയര്‍ അഭിഭാഷകന് ഇ. സുബ്രഹ്മണി (മണിസ്വാമി) യുടെ കീഴില്‍ 1999 ല്‍ പ്രാക്ടീസ് തുടങ്ങി. 2005 ല്‍ ഈശ്വര്‍ ആന്‍ഡ് മണി എന്ന സ്ഥാപനം സ്വന്തമായി നടത്തിത്തുടങ്ങി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, സര്‍വീസ് നിയമങ്ങളില്‍ പ്രാഗത്ഭ്യം. എല്‍ഐസി, ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നിയമോപദേഷ്ടാവാണ്. ശാരദയാണ് അമ്മ. അഖില ഭാര്യ. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ സുബ്രഹ്മണി, കൃഷ്ണന്, പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹരിശങ്കര്‍ എന്നിവരാണ് മക്കള്‍.
അഡ്വ. പി.എം. മനോജ്, തൃശൂര്‍ അയ്യന്തോള്‍ പുതൂര്‍ക്കര വൈശാഖത്തില്‍ പരേതനായ പി.എം. മാധവന്റെയും (റിട്ട. ഡെപ്യൂട്ടി റേഞ്ചര്‍) പി. വി. കല്യാണിയുടെയും മകന്. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്ന് ബിരുദം. പൂനെ സിംബയോസിസ് നിയമ കോളേജില്‍ നിന്ന് എല്‍എല്‍ബി, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എം. 99 ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. ഗവ. പ്ലീഡറായും പ്രവര്‍ത്തിച്ചു. ഭാര്യ പി.കെ. വിനീത, മക്കള്‍ മാനവ് പി. മനോജ്, മാനസ് പി.മനോജ്. ഭരണഘടനാ വിഷയങ്ങളും സര്‍വ്വീസ്, ക്രിമിനല്‍ കേസുകളുമാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.
വി. ഹരിശങ്കര്‍ മേനോന് 1974 ഏപ്രില്‍ നാലിന്, എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അരിക്കാട്ട് വിജയന് മേനോന്റെയും ശോഭനയുടേയും മകനായി ജനനം. ബിഎഎല്‍, എല്‍എല്‍ബി എന്നിവ നേടിയ ശേഷം, 97ല്‍ പ്രാക്ടീസ് തുടങ്ങി. ഹൈക്കോടതി, വാറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍, ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ എന്നിവിടങ്ങളില്‍ പ്രാക്ടീസ്. ഭരണഘടന, നികുതി വിഷയങ്ങളിലാണ് താല്പര്യം. കലൂര്‍ ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച റോഡില്‍ ആര്യപ്പാടം അച്യുതം ലേ ഔട്ടില്‍, മാധവത്തിലാണ് താമസം. ഭാര്യ മീര വി. മേനോന്. അഭിഭാഷകയായ പാര്‍വ്വതീ മേനോന്, 12ാം ക്ലാസ് വിദ്യാര്‍ത്ഥി മഞ്ജുനാഥ് മേനോന് എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: