ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ മജ്നു കാ തില്ലയിലുള്ള പാക് ഹിന്ദുക്കളുടെ അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി ഡവലപ്മെന്റ് അതോറിറ്റിക്കാണ് (ഡിഡിഎ) ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 2011 മുതല്‍ അവിടെ താമസിക്കുന്നവരാണ് ക്യാമ്പിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിഡിഎയുടെ നോട്ടീസിനെതിരെയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജി പരിഗണിക്കവെ, 2013ലെ മറ്റൊരു കേസില്‍ പാകിസ്ഥാനില്‍ നിന്ന് ഭാരതത്തിലെത്തിയ ഹിന്ദു സമൂഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്കാന് ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രസ്താവനയും അടുത്തിടെ പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമിറക്കിയ വിജ്ഞാപനവും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതു വരെ ഒരു നടപടിയുമെടുക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് മിനി പുഷ്കര്‍ന നിര്‍ദേശിച്ചു. ഹര്‍ജി 19ന് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
മാര്‍ച്ച് ആറിന് മുമ്പായി മജ്നു കാ തില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന് ഡിഡിഎ നാലിന് നോട്ടീസിറക്കിയിരുന്നു. ഇതിനെതിരെ രവി രഞ്ജന്‍ സിങ്ങാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്യാമ്പില്‍ 800 പേരാണുള്ളത്. ഇവര്‍ക്ക് താമസിക്കാനായി മറ്റൊരു സ്ഥലം അനുവദിക്കുന്നതുവരെ ഡിഡിഎയുടെ നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയില്‍.
യമുനയിലെ വെള്ളപ്പൊക്ക സാധ്യതാ മേഖലകളിലെ കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഡിഎ നോട്ടീസ് നല്‍കിയത്. ഇതിന് 2024 ജനുവരി 29ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍ജിടി) അനുമതി നല്‍കിയിരുന്നതായും ഡിഡിഎ ഹൈക്കോടതിയെ അറിയിച്ചു. യമുനാ തീരത്തെ മജ്നു കാ തില്ലയിലുള്ള ഗുരുദ്വാര നീക്കുന്നതും പദ്ധതിയിലുണ്ട്. ഹര്‍ജിക്കാര്‍ക്കു മേല്‍ സഹതാപമുണ്ടെങ്കിലും എന്‍ജിടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിഡിഎ കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: