തിരുവനന്തപുരം: അര്‍ദ്ധചാലക മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമായി ഭാരത് സെമി കണ്ടക്ടര്‍ റിസര്‍ച്ച് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഇന്ത്യയുടെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള മൂന്ന് അര്‍ദ്ധചാലക സൗകര്യങ്ങളുടെ ശിലാ സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ഐസറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മിത ബുദ്ധി, സെമി കണ്ടക്ടര്‍, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയാണ് ഇന്ത്യയുടെ ഭാവി. സാങ്കേതികവിദ്യ കൂടുതല്‍ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളാനും കാലാനുസൃതമായ പരിവര്‍ത്തനത്തിലൂടെ സാങ്കേതികവിദ്യയെ പുനര്‍ നിര്‍വചിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അര്‍ദ്ധ ചാലക ആവാസവ്യവസ്ഥ ശക്തിപ്പെടുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ വലിയ ലോകം ലഭ്യമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അര്‍ദ്ധ ചാലകങ്ങള്‍ ഇലക്ട്രോണിക് ആവാസ വ്യവസ്ഥയുടെ അടിസ്ഥാനവും ഭാവിയിലെ സാധ്യതയുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായും മന്ത്രി സംവദിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തല്‍സമയം സംപ്രേക്ഷണം ചെയ്തു. ഐസര്‍ ഡയറക്ടര്‍ പ്രൊഫ. ജെ. എന്‍. മൂര്‍ത്തി ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: