പൊഖ്റാന്‍ (രാജസ്ഥാന്): ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും ശക്തിയും കരുത്തും വിളംബരം ചെയ്യുന്ന ഭാരത്ശക്തി പ്രകടനം രാജസ്ഥാനിലെ പൊഖ്റാനില്‍ അരങ്ങേറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു സൈനിക വിഭാഗങ്ങളുടെ ശക്തിപ്രകടനം. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും ശക്തി പ്രകടനമായിരുന്നു അരങ്ങേറിയത്.
കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ ഭാരത്ശക്തി പ്രകടനത്തെക്കുറിച്ച് വിശദീകരിച്ചു. ഭാരത സൈനിക വിഭാഗങ്ങളുടെ സ്വയംപര്യാപ്തതയുടെ വിലയിരുത്തല്‍ കൂടിയാണ് ഈ ശക്തിപ്രകടനം. തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങളുടെ പ്രകടനത്തിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശക്തി വിളംബരം ചെയ്യുന്നതായിരുന്നു ഭാരത്ശക്തി. കര, നാവിക, വ്യോമ, സൈബര്‍, സ്പെയ്സ് വെല്ലുവിളികളെ നേരിടുന്നതിനുള്ള വൈവിദ്ധ്യങ്ങളാര്‍ന്ന പ്രകടനമായിരുന്നു ഭാരത സൈന്യം കാഴ്ചവച്ചത്.
ടി-90 ടാങ്കുകള്‍, ധനുഷ്, സാരങ് ഗണ്‍ സിസ്റ്റം, ആകാഷ് വെപ്പണ്‍ സിസ്റ്റം, ലോജിസ്റ്റിക് ഡ്രോണ്‍സ്, റോബോട്ടിക് സംവിധാനം, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ (എഎല്‍എച്ച്), ആളില്ലാ യുദ്ധവിമാനം തുടങ്ങി ഭാരതത്തിന്റെ സ്വയംപര്യാപ്തതയും ശക്തിയും വിളംബരം ചെയ്യുന്നതായിരുന്നു പ്രകടനം. നാവികസേനയുടെ ആന്റിഷിപ്പ് മിസൈല്‍, ഓട്ടോണമസ് കാര്‍ഗോ കാരിയിങ് ഏരിയല്‍ വെഹിക്കിള്‍സ് തുടങ്ങി സമുദ്രശക്തി വിളംബര പ്രഖ്യാപനമായിരുന്നു നാവികസേനയുടേത്. തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകള്‍ തുടങ്ങി ആകാശശക്തി വിളംബരം ചെയ്യുന്നതായിരുന്നു വ്യോമസേനയുടെ പ്രകടനം.
സൈന്യത്തിന്റെ ആത്മവിശ്വാസത്തിന്റെ ഗ്യാരന്റിയാണ് സ്വയംപര്യാപ്ത ഭാരതത്തിന്റേതെന്ന് ഭാരത്ശക്തി പ്രകടനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ദിവസം തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിന്റെ പരീക്ഷണം പ്രതിരോധരംഗത്തെ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വലിയ കുതിച്ചുചാട്ടമാണ്. പത്തുവര്‍ഷത്തിനുള്ളില്‍ പ്രതിരോധ ഉത്പാദനം ഇരട്ടിയായി. അതായത് ഒരു ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു. 150 പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും അതിലൂടെ 1800 കോടിയുടെ ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തതായും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: